
അന്തരിച്ച സംവിധായകൻ ഷാജി എൻ കരുണിൻ്റെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി. തിരുവന്തപുരം ശാന്തികവാടത്തിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെയയാരുന്നു സംസ്കാര ചടങ്ങുകൾ. ചടങ്ങിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ, മന്ത്രി സജി ചെറിയാൻ എന്നിവർ അടക്കം നിരവധി പേർ പങ്കെടുത്തു.
ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു അദ്ദേഹത്തിൻ്റെ അന്ത്യം. 73 വയസ്സായിരുന്നു. കൊല്ലം ജില്ലയിലെ കണ്ടച്ചിറയിൽ എൻ കരുണാകരന്റെയും ചന്ദ്രമതിയുടെയും മൂത്തമകനായാണ് ഷാജി എൻ കരുൺ ജനിച്ചത്. പള്ളിക്കര സ്കൂൾ, യൂണിവേഴ്സിറ്റി കോളേജ് തിരുവനന്തപുരം എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 1971 ൽ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ ചേർന്ന് ഛായാഗ്രഹണത്തിൽ ഡിപ്ലോമ നേടി.
ALSO READ: മലയാളത്തെ അന്താരാഷ്ട്ര പ്രശസ്തിയുടെ നിറവിലെത്തിച്ച ഷാജി എൻ കരുൺ ചിത്രങ്ങൾ
സംസ്ഥാനചലച്ചിത്ര അക്കാദമി രൂപപ്പെട്ടപ്പോൾ അദ്ദേഹം അവിടെ നിയമിതനായി. പ്രശസ്ത സംവിധായകനായ ജി അരവിന്ദന്റെ കീഴിൽ ഛായാഗ്രാഹകനായി നിരവധി സിനിമകൾ ചെയ്തു. കൂടാതെ പ്രശസ്ത സംവിധായകരായ കെ ജി ജോർജ്, എം ടി വാസുദേവൻ നായർ എന്നിവർക്കൊപ്പവും ഷാജി എൻ കരുൺ പ്രവർത്തിച്ചു.അദ്ദേഹത്തിന്റെ ആദ്യചിത്രമായ പിറവിക്ക് കാൻ ഫിലിം ഉത്സവത്തിൽ ഗോൾഡെൻ ക്യാമറ പ്രത്യേക പരാമർശം ലഭിച്ചു. രണ്ടാമത്തെ ചിത്രമായ സ്വം കാൻ ഫിലിം ഫെസ്റ്റിവലിലെ മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏക മലയാള ചലച്ചിത്രമാണ്. കേരളസംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ അദ്ധ്യക്ഷസ്ഥാനവും, ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരളയുടെ അദ്ധ്യക്ഷസ്ഥാനവും (1998-2001) വഹിച്ചിട്ടുണ്ട്. 2011 ലെ പത്മശ്രീ അവാർഡിനർഹനായി.

കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here