‘ലൊക്കേഷനില്‍ ഒരു പെണ്‍കുട്ടിയുടെ മുഖത്തേക്ക് കോസ്റ്റ്യൂം വലിച്ചെറിഞ്ഞു; സ്‌ക്രിപ്റ്റ് കീറിയെറിഞ്ഞു’; ജോയ് മാത്യുവിനെതിരെ ഗുരുതര ആരോപണങ്ങള്‍

നടനും സംവിധായകനുമായ ജോയ് മാത്യുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ബൈനറി സിനിമയുടെ സംവിധായകനും നിര്‍മാതാവുമടക്കമുള്ള അണിയറപ്രവര്‍ത്തകര്‍ രംഗത്ത്. ലൊക്കേഷനില്‍വെച്ച് സിനിമയില്‍ വര്‍ക്ക് ചെയ്ത ഒരു പെണ്‍കുട്ടിയുടെ മുഖത്തേക്ക്
ജോയ് മാത്യു കോസ്റ്റ്യൂം വലിച്ചെറിഞ്ഞെന്ന് അണിയറപ്രവര്‍ത്തകര്‍ ആരോപിച്ചു. ഇതിന് പുറമേ സിനിമയുടെ സ്‌ക്രിപ്റ്റ് ജോയ് മാത്യു കീറിയെറിഞ്ഞെന്നും അണിയറപ്രവര്‍ത്തകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സിനിമയുടെ സെക്കന്‍ഡ് ഷെഡ്യൂളില്‍ സിനിമ മുടങ്ങുന്ന ഒരു സാഹചര്യമുണ്ടായിരുന്നു. വീണ്ടും സ്‌ക്രിപ്റ്റ് പൂര്‍ത്തിയാക്കി ജോയ് മാത്യുവിനെയാണ് ആദ്യം കണ്ടത്. കാരണം അദ്ദേഹമായിരുന്നു കഥയെ കണക്ട് ചെയ്തിരുന്ന ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത്. സ്‌ക്രിപ്റ്റ് കൊടുത്തപ്പോള്‍ അദ്ദേഹം ഓകെ പറഞ്ഞു. പിന്നീട് ലൊക്കേഷനില്‍ വന്ന് അദ്ദേഹം സ്‌ക്രിപ്റ്റ് വലിച്ചെറിയുകയായിരുന്നു. തനിക്കിത് ചെയ്യാന്‍ കഴിയില്ലെന്നും, സ്‌ക്രിപ്റ്റ് മാറ്റിയെഴുതണമെന്നും പറഞ്ഞു. അത് അസാധ്യമായ കാര്യമായിരുന്നു. എന്നാല്‍ അനീഷും കൈലാസും ചേര്‍ന്ന് സ്‌ക്രിപ്റ്റ് മാറ്റിയെഴുതിയെന്നും അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു.

മൂന്ന് ദിവസം വരാമെന്ന് പറഞ്ഞ ജോയ് മാത്യു ഒരു ദിവസത്തിന്റെ പകുതി മാത്രമാണ് വന്നത്. അതുമൂലം ഒരു പാട് പ്രതിസന്ധികളുണ്ടായി. കോസ്റ്റ്യൂം ഡിസൈനറായ ഒരു പെണ്‍കുട്ടിയുടെ മുഖത്തേക്ക് കോസ്റ്റ്യൂം വലിച്ചെറിയുകയും ചെയ്തു. സാമ്പാറിന്റെ തുള്ളിയുണ്ടെന്ന് പറഞ്ഞാണ് അദ്ദേഹമത് ചെയ്തത്. ക്യാമറയെ നോക്കി ഈ ക്യാമറയില്‍ സിനിമയെടുക്കാന്‍ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയെ തെറിവിളിക്കുന്ന ആളാണ് ജോയ് മാത്യു. എന്നാല്‍ സ്വന്തം സിനിമയോട് ജോയ് മാത്യു നീതി പുലര്‍ത്തിയില്ലെന്നും അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe