T20 World Cup 2026: ഗുർബാസിന്റെ പോരാട്ടം വിഫലമായി | ഡബിൾ സൂപ്പർ ഓവറിൽ അഫ്ഘാനിസ്ഥാനെ തോൽപ്പിച്ച് ദക്ഷിണാഫ്രിക്ക

കഴിഞ്ഞ ടി20 ലോകകപ്പിലെ ഫൈനലിസ്റ്റുകളായ ദക്ഷിണാഫ്രിക്കയെ വിറപ്പിച്ചു ശേഷം അഫ്ഘാനിസ്ഥാൻ കീഴടങ്ങി. ചരിത്രത്തിൽ മൂന്നാം തവണയും ലോകകപ്പിൽ ആദ്യമായും ഡബിൾ സൂപ്പർ ഓവറിലേക്ക് നീണ്ട വാശിയേറിയ പോരാട്ടത്തിനൊടുവിൽ ദക്ഷിണാഫ്രിക്ക നാല് റൺസിന് വിജയം സ്വന്തമാക്കി.

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് ഡി യിലെ മത്സരത്തിൽ മുഴുവൻ സമയത്തും ആദ്യ സൂപ്പർ ഓവറിലും ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിന്നപ്പോൾ കളി രണ്ടാം സൂപ്പർ ഓവറിലേക്ക് നീണ്ടു. ജയിക്കാൻ 24 റൺസ് വേണ്ടിയിരുന്ന അഫ്ഘാനിസ്ഥാൻ ഗുർബാസിന്റെ തുടർച്ചയായ മൂന്നു സിക്സറുകളുടെ മികവിൽ വിജയത്തിന്റെ പടിക്കൽ വരെയെത്തി. എന്നാൽ കേശവ് മഹാരാജ് എറിഞ്ഞ അവസാന പന്തിൽ ഗുർബാസിനു പിഴച്ചു. പന്ത് മില്ലേറിന്റെ കൈകളിൽ ഒതുങ്ങി.

Also Read- T20 World Cup 2026: സഞ്ജുവിന് അവസരം| അഭിഷേക് ശർമയ്ക്ക് പകരം ഡൽഹിയിൽ കളിക്കുമോ?

നേരത്തെ, ആവേശകരമായ പോരാട്ടത്തിൽ ഇരുടീമുകളും 20 ഓവറിൽ 187 റൺസ് വീതം നേടി മത്സരം സമനിലയിൽ കലാശിച്ചു. ടോസ് നേടിയ അഫ്ഘാനിസ്ഥാൻ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയ്ക്ക് റയാൻ റിക്കല്റ്റണും (61) ക്വിന്റൺ ഡികോക്കും (59 )യും തകർപ്പൻ ഇന്നിംഗ്സുകളിലൂടെ ശക്തമായ അടിത്തറ പാകി. അവസാന ഓവറുകളിൽ മാർക്കോ ജാൻസൺ വേഗത്തിൽ റൺസ് കൂട്ടിയതോടെ ടീം 187/6 എന്ന ശക്തമായ സ്കോറിലെത്തി. അഫ്ഘാൻ നിരയിൽ അസ്മതുള്ള ഒമർസായി മൂന്ന് വിക്കറ്റ് നേടി ശ്രദ്ധേയനായി.

മറുപടി ബാറ്റിംഗിൽ റഹ്മാനുല്ല ഗുർബാസ് 42 പന്തിൽ 84 റൺസ് നേടി അഫ്ഘാനിസ്ഥാനെ വിജയതീരത്തേക്ക് നയിക്കാൻ ശ്രമിച്ചു. എന്നാൽ മധ്യനിര തകർന്നതോടെ സമ്മർദ്ദം ഉയർന്നു. അവസാന ഓവറുകളിൽ റാഷിദ് ഖാനും നൂർ അഹമ്മദും പൊരുതിയെങ്കിലും 19.4 ഓവറിൽ 187 റൺസിന് അഫ്ഘാൻ ഇന്നിംഗ്സ് അവസാനിച്ചു. നിശ്ചിത 20 ഓവറുകളിൽ മൂന്ന് വിക്കറ്റ് നേടുകയും സൂപ്പർ ഓവറിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കുകയും ചെയ്ത ലുങ്കി എൻഗിഡി ആണ് കളിയിലെ താരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News