
ലോകക്രിക്കറ്റിനെ ഞെട്ടിച്ച പ്രകടനവുമായി ഇന്ത്യ ഗുവാഹത്തിയിൽ ന്യൂസീലൻഡിനെ തകർത്തു. മൂന്നാം ടി20യിൽ 154 റൺസ് ലക്ഷ്യം വെറും 10 ഓവറിൽ പിന്തുടർന്ന് ഇന്ത്യ എട്ട് വിക്കറ്റ് ജയം നേടി, പരമ്പരയും ഉറപ്പിച്ചു. ലോകകപിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ, ഈ പ്രകടനം എതിരാളികളുടെ മനസ്സിൽ നടുക്കം വിതറുന്നതായിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ന്യൂസീലൻഡിനെ 20 ഓവറിൽ 153/9 എന്ന സ്കോറിലേക്ക് ഇന്ത്യൻ ബൗളർമാർ ഒതുക്കി. ഇന്ത്യക്കായി ബുംറ മൂന്നു വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ ബിഷ്‌ണോയിയും പാണ്ട്യയും രണ്ടു വിക്കറ്റുകൾ വീഴ്ത്തി.
എന്നാൽ യഥാർത്ഥ കൊടുങ്കാറ്റ് തുടങ്ങിയത് ഇന്ത്യ ബാറ്റിങിനിറങ്ങിയപ്പോഴാണ്. ആദ്യ പന്തിൽ തന്നെ സഞ്ജു സാംസൺ പുറത്തായെങ്കിലും, അതിന് ശേഷം നടന്നത് ഒരു ‘ഡിമോളിഷൻ’ ആണ് . ഇഷാൻ കിഷൻ, അഭിഷേക് ശർമ, സൂര്യകുമാർ യാദവ് എന്നിവർ ഒരു ദയയും കാണിച്ചില്ല. വൈറ്റ് കുക്കബുറ പന്ത് ഗ്രൗണ്ടിന്റെ എല്ലാദിശകളിലേക്കും പറന്നു.അഭിഷേക് ശർമ 20 പന്തിൽ 68 റൺസും, ക്യാപ്റ്റൻ സൂര്യകുമാർ യാദവ് 26 പന്തിൽ 57 റൺസും നേടി. സൂര്യകുമാർ ബാക്ക്-ടു-ബാക്ക് ഫോറുകൾ അടിച്ച് അർധസെഞ്ചുറി പൂർത്തിയാക്കി ഇന്ത്യയെ വിജയത്തിലെത്തിച്ചു.
Also Read: Also Read: വനിതാ പ്രീമിയർ ലീഗ്: ബെംഗളൂരുവിനെതിരെ ജീവന്മരണ പോരാട്ടത്തിനിറങ്ങാൻ മുംബൈ ഇന്ത്യൻസ്
ഇന്ത്യയുടെ ബാറ്റിംഗ് കണ്ട ന്യൂസീലൻഡ് ടീം ബോക്സിംഗ് ഭാഷയിൽ പറഞ്ഞാൽ വളരെ വേഗം തന്നെ ‘വൈറ്റ് ടൗവൽ’ എറിഞ്ഞു എന്ന് പറയുന്നതാകും ശരി. ഇത് വെറും ഒരു ജയം മാത്രമല്ല; ലോകകപ്പിന് മുന്നോടിയായി ഇന്ത്യ നൽകിയ ശക്തമായ മുന്നറിയിപ്പായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


