ഗ്രാൻഡ് ക്ലൈമാക്സ്| ചരിത്രം എഴുതുമോ ഇന്ത്യ, അതോ കിവീസ് ഞെട്ടിക്കുമോ

നാളെ നടക്കുന്ന ടി 20 ലോകകപ്പ് ഫൈനലിൽ ഇന്ത്യയും ന്യൂസിലൻഡും നേർക്കുനേർ. മാർച്ച് 8 നു നരേന്ദ്ര മോഡി സ്റ്റേഡിയത്തിൽ നടക്കുന്ന ആവേശകരമായ പോരാട്ടത്തിൽ ഇരുടീമുകളും കിരീടത്തിനായി ഏറ്റുമുട്ടും. ഇന്ത്യൻ സമയം രാത്രി 7 മണിക്കാണ് മത്സരം ആരംഭിക്കുക.

ടൂർണമെന്റിൽ മികച്ച പ്രകടനവുമായി എത്തിയ ഇന്ത്യ സെമിഫൈനലിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ചാണ് ഫൈനലിലെത്തിയത്. നായകൻ സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യ സൂപ്പർ എട്ടിൽ ദക്ഷിണാഫിക്കയോട് തോറ്റെങ്കിലും അതിന് മുൻപും പിൻപും ഉള്ള ഒരു മത്സരത്തിലും പരാജയം അറിഞ്ഞില്ല.

ഒറ്റ യൂണിറ്റായി എല്ലായ്പ്പോഴും തിളങ്ങാനായില്ലെങ്കിലും നിർണ്ണായക സമയങ്ങളിൽ ഓരോ താരങ്ങളും ഫോമിലെത്തുന്നത് ടീമിന് വലിയ ശക്തിയായി. ഓപ്പണറായി എത്തിയ ശേഷം സഞ്ജു സാംസൺ ടീമിന്റെ ബാറ്റിംഗ് ശക്തി ഇരട്ടിയാക്കി. അഭിഷേക് ശർമ്മ ഒഴികെ മറ്റു എല്ലാ ബാറ്റ്സ്മാന്മാരും ഫോമിലാണ്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലെ പോലെ സഞ്ജു മികച്ച തുടക്കം നൽകുകയാണെങ്കിൽ ഇന്ത്യയെ പിടിച്ചുകെട്ടുക എതിരാളികൾക്ക് ഏറെ പ്രയാസമായിരിക്കും.

ബൗളിങ്ങിൽ ഇന്ത്യയുടെ ഏറ്റവും വലിയ കരുത്ത് ജസ്പ്രീത് ബുംറ തന്നെയാണ്. ടി20 ഫോർമാറ്റിൽ വിക്കറ്റ് നേടുന്നതിലുപരി റൺ നിയന്ത്രിക്കുന്നതിലും ബുംറയുടെ കഴിവ് ഇന്ത്യയ്ക്ക് വലിയ ആത്മവിശ്വാസമാണ്. വരുൺ ചക്രവർത്തി അടിവാങ്ങിയ സാഹചര്യത്തിൽ ഫൈനലിൽ കുൽദീപ് യാദവ് തിരിച്ചെത്താനുള്ള സാധ്യതയും ഉയർന്നിട്ടുണ്ട്. കൂടാതെ ഹർദിക് പാണ്ട്യയുടെ ഓൾറൗണ്ട് മികവ് ഇന്ത്യയുടെ വലിയ ശക്തിയാണ്.

മറുവശത്ത്, ന്യൂസിലൻഡിന് ഇത് ചരിത്രാവസരമാണ്. ഐസിസി ടൂർണമെന്റുകളിൽ ഇന്ത്യയ്‌ക്കെതിരെ മികച്ച റെക്കോർഡാണ് ടീമിന് ഉള്ളത്. ഇതുവരെ ടി20 ലോകകപ്പ് കിരീടം നേടാത്ത കിവീസ് ടീം ഈ ഫൈനലിലൂടെ ആദ്യ ട്രോഫിയിലേക്ക് കണ്ണുവയ്ക്കുകയാണ്.

സെമിഫൈനലിൽ ശക്തരായ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച ആത്മവിശ്വാസത്തിലാണ് അവർ ഫൈനലിലെത്തുന്നത്. ഓപ്പണർമാരായ ഫിൻ അല്ലനും ഠിം സെറിഫെർട്ടും ബാറ്റിങ്ങിൽ ടീമിന്റെ പ്രധാന കരുത്താണ്. ബൗളിങ്ങിൽ നായകൻ മിച്ചൽ സാന്റ്നർ അന്ന് ഏറ്റവും അപകടകാരി.

Also Read: ‘അഹമ്മദാബാദ് ജിൻക്‌സ്’? ടി20 ലോകകപ്പ് ഫൈനൽ വേദിയെ കുറിച്ച് ഇന്ത്യൻ ആരാധകർക്ക് ആശങ്ക

അഹമ്മദാബാദിലെ പിച്ച് മികച്ച ബൗൺസും ചെറിയ ടേണും നൽകുമെന്നാണ് റിപ്പോർട്ടുകൾ. അതിനാൽ ബാറ്റ്സ്മാന്മാരും ബൗളർമാരും ഒരുപോലെ സ്വാധീനം ചെലുത്താൻ സാധ്യതയുണ്ട്.ഇന്ത്യ കിരീടം നിലനിർത്തി ചരിത്രം സൃഷ്ടിക്കുമോ, അല്ലെങ്കിൽ ന്യൂസിലൻഡ് ആദ്യ ടി20 ലോകകപ്പ് ട്രോഫി ഉയർത്തുമോ? ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്ന ഫൈനലാണ് ഇനി നടക്കാനുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News