
ഇന്ത്യ–ന്യൂസിലാൻഡ് നാലാം ടി20 മത്സരത്തിൽ ന്യൂസിലാൻഡ് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 215 റൺസ് അടിച്ചുകൂട്ടി. ശക്തമായ തുടക്കമുണ്ടായിരുന്നിട്ടും അത് പൂർണമായി മുതലാക്കാനാകാത്തതിൽ ന്യൂസിലാൻഡിന് അല്പം നിരാശ ഉണ്ടാകാം.
ഓപ്പണർ ടിം സീഫർട്ട് പവർപ്ലേയിൽ തന്നെ ഇന്ത്യൻ പേസർമാരെ ആക്രമിച്ച് ഇന്നിങ്സിന് മികച്ച തുടക്കം നൽകി. മറുവശത്ത് ഡെവൺ കോൺവേ പിച്ചിന്റെ സ്വഭാവം മനസ്സിലാക്കി സൂക്ഷ്മമായി ബാറ്റ് ചെയ്ത് പിന്തുണ നൽകി. ഇരുവരും ചേർന്ന് 100 റൺസ് കൂട്ടുകെട്ടിലേക്ക് അതിവേഗം നീങ്ങിയെങ്കിലും, കുൽദീപ് യാദവ് കോൺവെയെ പുറത്താക്കി മത്സരത്തിന്റെ ഗതി ഇന്ത്യയുടെ ഭാഗത്തേക്ക് തിരിച്ചു.
അതിനുശേഷം മധ്യ ഓവറുകളിൽ ജസ്പ്രീത് ബുമ്രയും കുൽദീപും ചേർന്ന് ന്യൂസിലാൻഡിന്റെ റൺവേഗം നിയന്ത്രിച്ചു. ഇടയ്ക്ക് ചില ബാറ്റർമാർ തുടക്കമിട്ടെങ്കിലും അത് വലിയ സ്കോറുകളായി മാറിയില്ല. എന്നാൽ ഡാരിൽ മിച്ചൽ മികച്ച ഇന്നിങ്സുമായി മുന്നോട്ട് വന്നു, നിർണായക സമയങ്ങളിൽ ബൗണ്ടറികൾ കണ്ടെത്തി ടീമിനെ 200 കടത്തുകയായിരുന്നു.
പരമ്പരയിൽ ഇതിനുമുമ്പ് വലിയ ലക്ഷ്യങ്ങൾ ഇന്ത്യ എളുപ്പത്തിൽ പിന്തുടർന്നിട്ടുണ്ട്. ഈ വെല്ലുവിളിയും മറികടക്കാൻ ഇന്ത്യയ്ക്ക് കഴിയുമോ എന്നതാണ് ഇപ്പോൾ ആരാധകർ ഉറ്റുനോക്കുന്നത്. പത്ത് മിനിറ്റിനകം ഇന്ത്യയുടെ ചേസുമായി മത്സരം തുടരും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

