
ഇന്ത്യൻ ബാറ്റർ സഞ്ജു സാംസണിന്റെ സമീപകാല ഫോം ചർച്ചയായിരിക്കുന്ന സാഹചര്യത്തിൽ, അദ്ദേഹത്തിന്റെ ബാല്യകാല പരിശീലകനായ ബിജു ജോർജ്, താരത്തെ ശക്തമായി പിന്തുണച്ച് രംഗത്തെത്തി. സഞ്ജുവിന്റെ പ്രകടനത്തിൽ ആത്മവിശ്വാസക്കുറവുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി, സ്വയം സംശയിക്കുന്ന അവസ്ഥ സഞ്ജുവിനില്ലെന്ന് ബിജു ജോർജ് വ്യക്തമാക്കി. “സ്വയം സംശയം എന്നതിലുപരി, തന്റെ ശരിയായ റിതം കണ്ടെത്താനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. അത് ഉടൻ തന്നെ കണ്ടെത്തും,” അദ്ദേഹം പറഞ്ഞു.
ഇന്ത്യക്കായി സ്ഥിരമായി അവസരങ്ങൾ സഞ്ജുവിന് ഇതുവരെ ലഭിച്ചിട്ടില്ലെന്നും, അഞ്ചിലധികം മത്സരങ്ങൾ തുടർച്ചയായി കളിക്കാനുള്ള അവസരം ഇപ്പോഴാണ് ലഭിക്കുന്നതെന്നും പരിശീലകൻ ചൂണ്ടിക്കാട്ടി. എന്നാൽ അവസരക്കുറവ് പ്രകടനത്തെ ബാധിച്ചെന്ന വാദം അദ്ദേഹം തള്ളി. “ഇന്ത്യയ്ക്കായി കളിക്കാൻ വിളിച്ചാൽ, ഉറക്കത്തിൽ നിന്ന് എഴുന്നേറ്റ് പോലും കളിക്കാൻ തയ്യാറാകണം. അത് തന്നെയാണ് ഉയർന്ന നിലവാരത്തിലുള്ള ക്രിക്കറ്റ്,” എന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
ഇഷാൻ കിഷാന്റെ തിരിച്ചുവരവിനെ തുടർന്ന് സഞ്ജുവിന് സമ്മർദ്ദമുണ്ടാകുമോയെന്ന ചോദ്യത്തിന്, അത് സ്വാഭാവികമാണെന്ന് ബിജു ജോർജ് പറഞ്ഞു. എന്നാൽ വിക്കറ്റ് കീപ്പറായി സഞ്ജുവിന്റെ പ്രകടനം വളരെ മികച്ചതാണെന്നും, ലോകകപ്പിന് തൊട്ടുമുമ്പ് മറ്റൊരു താരത്തെ പരീക്ഷിക്കുന്നത് അപകടകരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Also Read: അൽക്കാരാസ് ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലിൽ; വനിതാ ഫൈനലിൽ സബാലെങ്കയും റിബാക്കിനയും ഏറ്റുമുട്ടും
ഹോം ഗ്രൗണ്ടിലെ പിന്തുണയെക്കുറിച്ച് സംസാരിച്ച അദ്ദേഹം, “സഞ്ജു, ആരാധകർക്ക് സ്വന്തം കുടുംബാംഗത്തെ പോലെയാണ്. അവന്റെ ലളിതസ്വഭാവമാണ് അതിന് കാരണം. അവൻ മികച്ച പ്രകടനം കാഴ്ചവെക്കും,” എന്നും കൂട്ടിച്ചേർത്തു. സഞ്ജുവിനുള്ള തന്റെ സന്ദേശം “നീ നീയായി തന്നെയിരിക്കുക,” എന്നാണെന്നദ്ദേഹം പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


