
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് സഞ്ജു സാംസണിനെക്കുറിച്ച് ശക്തമായ മുന്നറിയിപ്പുമായി രംഗത്തെത്തി. ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിൽ സഞ്ജു റൺസ് കണ്ടെത്താത്തത് താരത്തിന്റെയും ടീമിന്റെയും ആത്മവിശ്വാസത്തെ ബാധിക്കുന്നുണ്ടെന്ന് ഹർഭജൻ പറഞ്ഞു. റൺസ് ഉടൻ വന്നില്ലെങ്കിൽ ഓപ്പണിംഗ് സ്ഥാനത്ത് നിന്ന് സഞ്ജുവിന് ഇഷാൻ കിഷനു വേണ്ടി വഴിമാറേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
“സഞ്ജുവിന് ഇപ്പോൾ റൺസ് കിട്ടുന്നില്ല. അവന് ഒരു രണ്ടവസരങ്ങൾ കൂടി നൽകണം എന്നാണ് എന്റെ അഭിപ്രായം. പക്ഷേ റൺസ് വന്നില്ലെങ്കിൽ, ഇഷാൻ കിഷൻ ഉടൻ തന്നെ ഓപ്പണറായി എത്തും,” ഹർഭജൻ തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞു. ഇന്ത്യ പരമ്പര 5-0ന് ജയിക്കുമെന്നും അദ്ദേഹം പ്രവചിച്ചു.
നാഗ്പൂർ, റായ്പൂർ മത്സരങ്ങളിലെ നിരാശാജനക പ്രകടനങ്ങൾക്ക് ശേഷം ഗുവാഹത്തിയിൽ നടന്ന മൂന്നാം ടി20യിലും സഞ്ജുവിന് തിളങ്ങാനായില്ല. അനുകൂലമായ ബാറ്റിംഗ് സാഹചര്യങ്ങൾ ഉണ്ടായിട്ടും നേരിട്ട ആദ്യ പന്തിൽ തന്നെ ബൗൾഡായി സഞ്ജു മടങ്ങി. മൂന്ന് മത്സരങ്ങളിൽ നിന്ന് വെറും 16 റൺസ് മാത്രം നേടിയ സഞ്ജുവിന്റെ ശരാശരി 5.33 ആയി.
Also Read: ടി20 ക്രിക്കറ്റിൽ ചരിത്രം കുറിച്ച് ഇന്ത്യ: ഒപ്പമെത്തിയത് പാകിസ്ഥാന്റെ ഈ റെക്കോർഡിനൊപ്പം
അതേസമയം, ഇന്ത്യയുടെ സഞ്ജുവിനെ ഇന്നിങ്സിന്റെ ആദ്യ പന്തിൽ നഷ്ടപ്പെട്ടത് ഇന്ത്യയുടെ പ്രകടനത്തെ ബാധിച്ചില്ല. അഭിഷേക് ശർമ 14 പന്തിൽ അർധസെഞ്ചുറി നേടി റെക്കോർഡ് പ്രകടനം കാഴ്ചവെച്ചപ്പോൾ, ക്യാപ്റ്റൻ സൂര്യകുമാർ യാദവ് മറ്റൊരു ആക്രമണ അർധസെഞ്ചുറിയുമായി തിളങ്ങി. പത്തോവർ ശേഷിക്കെ എട്ട് വിക്കറ്റ് ജയം നേടിയ ഇന്ത്യ പരമ്പരയും സ്വന്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


