
ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന പേരുകളിൽ ഒന്നാണ് സഞ്ജു സാംസണിന്റേത്. കഴിവും പ്രതിഭയും സ്വാഭാവികമായ ഷോട്ട് പ്ലേയുമുള്ള ഒരു ബാറ്റ്സ്മാനെന്ന നിലയിൽ വർഷങ്ങളായി ആരാധകർ വലിയ പ്രതീക്ഷകളാണ് അദ്ദേഹത്തിൽ വച്ചുപുലർത്തുന്നത്. എന്നാൽ അടുത്തകാലത്ത് സഞ്ജുവിന്റെ ഫോം സംബന്ധിച്ച ആശങ്കകൾ ശക്തമാവുകയാണ്. വളരെ വൈകിയെങ്കിലും ലോകകപ്പ് ടീമിൽ വിക്കറ്റ് കീപ്പർ–ഓപ്പണർ എന്ന നിർണായക റോളിൽ ഇടം ലഭിച്ച ശേഷം, കിവിസിനെതിരായ ടി20 പരമ്പരയിൽ സഞ്ജു കാഴ്ചവച്ചത് നിരാശാജനകമായ പ്രകടനമായിരുന്നു. അഞ്ച് മത്സരങ്ങളിൽ ആകെ 46 റൺസ് മാത്രം നേടിയ സഞ്ജുവിന്റെ ഉയർന്ന സ്കോർ വിശാഖപട്ടണത്ത് നേടിയ 24 റൺസാണ്. ഈ പ്രകടനം ടീമിലെ അദ്ദേഹത്തിന്റെ സ്ഥാനം വീണ്ടും ചർച്ചാവിഷയമാക്കി.
ഇതിനിടെ, രണ്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷം ടീമിലെത്തിയ ഇഷാൻ കിഷൻ മികച്ച ഫോമിലൂടെ പ്ലേയിങ് ഇലവനിൽ തന്റെ സാന്നിധ്യം ഉറപ്പിച്ചു. തിലക് വർമ്മ മൂന്നാം നമ്പറിലേക്ക് തിരിച്ചെത്തുന്നതോടെ, സഞ്ജുവിന് ടീമിൽ ഇടമുണ്ടാകുമോ എന്ന ചോദ്യം കൂടുതൽ ശക്തമായി ഉയർന്നുകഴിഞ്ഞു. കാര്യവട്ടത്തെ ടി20യിൽ കീപ്പർ റോളിൽ ഇഷാൻ ഇറങ്ങിയതോടെ, വിക്കറ്റ് കീപ്പർ–ഓപ്പണർ സ്ഥാനം ജാർഖണ്ഡുകാരൻ സ്വന്തമാക്കിയോ എന്ന ചർച്ചയും വ്യാപകമായി. ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ഇത് മുൻകൂട്ടി എടുത്ത തീരുമാനമാണെന്ന് വിശദീകരിച്ചെങ്കിലും, പ്ലേയിങ് ഇലവനിൽ ആദ്യം വിക്കറ്റ് കീപ്പറായി സഞ്ജുവിന്റെ പേര് ഉണ്ടായിരുന്നതും അദ്ദേഹം ഹെൽമറ്റും ഗ്ലൗസും ധരിച്ച് ഗ്രൗണ്ടിലിറങ്ങിയതും തീരുമാനം അപ്രതീക്ഷിതമായിരുന്നുവെന്ന സൂചന നൽകുന്നു.
ടീം മാനേജ്മെന്റ് സഞ്ജുവിന് പിന്തുണ നൽകുമ്പോഴും, പല മുൻതാരങ്ങളും ലോകകപ്പ് പ്ലേയിങ് ഇലവനിൽ അദ്ദേഹത്തിന് ഇടം ലഭിക്കില്ലെന്ന സൂചനയാണ് നൽകുന്നത്. “സെലക്ഷൻ കമ്മിറ്റി സഞ്ജുവിന് ആവശ്യമായ എല്ലാ അവസരങ്ങളും നൽകി. എന്നാൽ ഇഷാൻ കിഷന്റെ ഇന്നിംഗ്സും തിലക് വർമ്മയുടെ തിരിച്ചുവരവും ചേർന്നാൽ ബാറ്റിംഗ് ഓർഡർ ഇപ്പോൾ ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു,” എന്നാണ് സുനിൽ ഗാവസ്കറുടെ അഭിപ്രായം. കഴിവല്ല, ആത്മവിശ്വാസക്കുറവാണ് സഞ്ജുവിന്റെ പ്രധാന പ്രശ്നമെന്നും ലോകകപ്പിൽ റിസ്ക് എടുക്കാൻ കഴിയില്ലെന്നും ഗാവസ്കർ വ്യക്തമാക്കി. മുൻ ഇന്ത്യൻ ക്യാപ്റ്റനും സെലക്ടറുമായ കെ. ശ്രീകാന്ത് മോശം ഫോമും ഇഷാൻ കിഷന്റെ മികച്ച പ്രകടനവും കണക്കിലെടുത്ത് സഞ്ജുവിനെ ഒഴിവാക്കണമെന്ന നിലപാടാണ് സ്വീകരിച്ചത്.
Also Read: ലോകകപ്പിൽ ഓസ്‌ട്രേലിയക്ക് തിരിച്ചടി; പേസ് ബൗളർ ഹാസിൽവുഡിനു പരുക്ക്
സഞ്ജുവിന്റെ ബാറ്റിങ്ങിലെ സാങ്കേതിക പിഴവുകളിലേക്കാണ് പല വെറ്ററൻ താരങ്ങളും കൈചൂണ്ടിയത്. ക്രീസിൽ നിന്ന് പിന്നിലേക്ക് പോകുന്ന ശീലവും മുൻകാലുകളുടെ ചലനക്കുറവുമാണ് പ്രധാന പ്രശ്നം. “ഫുട്‌വർക്കിന്റെ അഭാവം മൂലം മൂന്ന് സ്റ്റംപുകളും തുറന്നുകാട്ടുകയാണ്,” എന്ന് ഗാവസ്കർ ചൂണ്ടിക്കാട്ടി. ആകാശ് ചോപ്രയും സമാനമായ നിരീക്ഷണമാണ് നടത്തിയത്; ഫ്രണ്ട് ഫൂട്ട് മുന്നോട്ട് നീങ്ങാത്തതിന്റെ ഫലമായി ബാറ്റിന്റെ ഫേസ് അടഞ്ഞുപോകുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ബൗളിങ്ങിലെ സ്പീഡ് വേരിയേഷൻ സഞ്ജുവിനെ അലട്ടുന്നതായി ഡബ്ല്യു.വി. രാമനും അഭിപ്രായപ്പെട്ടു.
അതേസമയം, പ്രശ്നങ്ങളുടെ അടിസ്ഥാനം ആത്മവിശ്വാസക്കുറവും മാനസിക സമ്മർദ്ദവുമാണെന്ന വാദവും ശക്തമാണ്. ഇർഫാൻ പത്താൻ സഞ്ജുവിന് ബാറ്റിംഗ് ഓർഡറിൽ സ്ഥിരമായ സ്ഥാനം നൽകണമെന്ന് ആവശ്യപ്പെട്ടു; മിഡിൽ ഓർഡറിലേക്കുള്ള മാറ്റം അന്യായമായിരുന്നുവെന്നും കൂടുതൽ അവസരങ്ങൾ അർഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. രവിചന്ദ്രൻ അശ്വിൻ അമിത സമ്മർദ്ദവും ആശയക്കുഴപ്പവും സഞ്ജുവിന്റെ പ്രകടനത്തെ ബാധിക്കുന്നതായി വിലയിരുത്തി.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരിശീലന മത്സരത്തിലും ലോകകപ്പിന്റെ ആദ്യ ഘട്ടത്തിലും സഞ്ജുവിന് വീണ്ടും അവസരം ലഭിക്കുമെന്ന പ്രതീക്ഷ ഇപ്പോഴും നിലനിൽക്കുന്നു. കൂടുതൽ ക്ഷമയും വ്യക്തതയുള്ള തീരുമാനങ്ങളും കൈവരിക്കാനായാൽ, ഇപ്പോഴത്തെ ഫോം പ്രശ്നങ്ങൾ മറികടന്ന് ഇന്ത്യൻ ബാറ്റിംഗിന്റെ നെടുതൂണായി സഞ്ജുവിന് വീണ്ടും ഉയർന്നു നിൽക്കാൻ കഴിയും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

