ദക്ഷിണാഫ്രിക്ക പടയോട്ടം തുടരുമോ അതോ സെമിയിൽ ന്യൂസീലാൻഡ് ഞെട്ടിക്കുമോ

ടി20 ലോകകപ്പിലെ ആദ്യ സെമിഫൈനലിൽ കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസ് നാളെ വേദിയാകും. ഗ്രൂപ്പ് ഘട്ടവും സൂപ്പർ എട്ടിലും ഒരു തോൽവി പോലും വഴങ്ങാതെ എത്തിയ ദക്ഷിണാഫ്രിക്കയും, ഒട്ടകം സൂചി കുഴലിലൂടെ കടന്നത് പോലെ സെമി യോഗ്യത നേടിയ ന്യൂസീലാൻഡും തമ്മിലുള്ള പോരാട്ടം ആവേശകരമാകും എന്നതിൽ സംശയമില്ല.

ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ ന്യൂസിലൻഡിനെ തോൽപ്പിച്ച ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്ഥാൻ, യുഎഇ, കാനഡ എന്നിവർക്കെതിരെയും വിജയം നേടി ഗ്രൂപ്പ് ഡി ചാമ്പ്യന്മാരായി. സൂപ്പർ എട്ടിൽ ആണ് പക്ഷെ ലോകം അവരുടെ വിശ്വരൂപം കണ്ടത്. ഇന്ത്യക്കെതിരെ 76 റൺസിന്റെ ജയത്തിനു പിന്നാലെ വെസ്റ്റിൻഡീസീനും , സിംബാബ്‌വെയ്ക്കുമെതിരെ ആധികാരിക വിജയങ്ങൾ.

ബാറ്റിങ്ങിൽ നായകൻ അയഡിൻ മാർകരം മികച്ച ഫോമിലാണ്. ക്വിന്റൺ ഡി കോക്ക്, ഡേവിഡ് മില്ലർ എന്നീ പരിചയസമ്പന്നരും ഒപ്പം ബ്രെവിസും സ്റ്റബ്ബ്സും ഉൾപ്പെടെയുള്ള യുവതാരങ്ങളും മാരക ഫോമിലാണ്. ബൗളിംഗിൽ കാഗിസോ റബാഡയും അന്രിച്ച് നോർട്ട്ജെയും, ലുങ്കി എങ്കിടിയും സ്പിന്നർ കേശവ് മഹാര്ജും ഓൾ റൗണ്ടർ മാർക്കോ ജാൻസനുമെല്ലാം മികച്ച ഫോമിലാണ്. ഈ ടൂർണമെന്റിലെ ഏറ്റവും മികച്ച ടീം എന്ന് നിസ്സംശയം അവരെ വിളിക്കാം.

മറുവശത്ത്, മിച്ചൽ സാന്റ്നർ നയിക്കുന്ന ന്യൂസിലൻഡ് സ്ഥിരതയില്ലാത്ത പ്രകടനങ്ങൾക്കിടയിലും നിർണായക മത്സരങ്ങളിൽ ജയിച്ച് സെമിയിലെത്തി. ഫിൻ അലൻ, ഡെവൺ കോൺവേ, ഗ്ലെൻ ഫിലിപ്സ് എന്നിവർ ബാറ്റിങ്ങിൽ തിളങ്ങിയാൽ അവരെ പിടിച്ചു കെട്ടാൻ പ്രയാസമാകും. . ലോക്കി ഫെർഗ്യൂസൺ, മാട്ട് ഹെൻറി എന്നിവരുടെ പെയ്സ് ആക്രമണവും നിർണായകമാകും. ഒപ്പം സാന്റ്നർ-സോധി ദ്വയത്തിന്റെ സ്പിൻ ബൗളിങ്ങും കൂടി ചേരുമ്പോൾ അവർക്ക് അവരുടെ ദിനത്തിൽ ഏത് ബാറ്റിംഗ് നിരയെയും തകർക്കാൻ ആവും.

Also Read: ലോകകപ്പ് സ്വപ്നം തകർന്നോ? റൊണാൾഡോയുടെ പരിക്കിനെ പറ്റിയുള്ള ആശങ്ക വർധിക്കുന്നു

ഇതുവരെ ഉള്ള ലോകകപ്പിലെ ഏറ്റുമുട്ടലുകളിൽ ദക്ഷിണാഫ്രിക്കയ്ക്കാണ് മേൽക്കൈ; ഇരുടീമുകളും നേരിട്ട എല്ലാ ടി20 ലോകകപ്പ് മത്സരങ്ങളിലും പ്രോട്ടീസാണ് വിജയിച്ചത്. ആകെ ഹെഡ്-ടു-ഹെഡ് റെക്കോർഡിലും ദക്ഷിണാഫ്രിക്കക്ക് മുൻതൂക്കം (12-7).ഫോം, ആത്മവിശ്വാസം, റെക്കോർഡ് എന്നിവ കണക്കിലെടുക്കുമ്പോൾ ദക്ഷിണാഫ്രിക്കക്ക് ചെറിയ മുൻതൂക്കം കൂടി നൽകാം. ഈഡൻ ഗാർഡൻസിലെ റണ്ണൊഴുകുന്ന പിച്ചിൽ 200 പോലും അപ്രാപ്യമല്ല എന്ന് വെസ്റ്റ് ഇൻഡീസിനെതിരെ ഉള്ള സഞ്ജു സാംസണിന്റെ പ്രകടനം തെളിയിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here