T20 World Cup 2026: മൂന്ന് ഗ്രൂപ്പുകൾ, മൂന്ന് വമ്പൻ പോരാട്ടങ്ങൾ – ലോകകപ്പിൽ നാളെ സൂപ്പർ വെഡ്നെസ്‌ഡേ

ദക്ഷിണാഫ്രിക്ക vs അഫ്ഗാനിസ്ഥാ

ഗ്രൂപ്പ് ഡി യിലെ നിർണ്ണായക മത്സരത്തിൽ നാളെ ദക്ഷിണാഫ്രിക്കയും അഫ്ഗാനിസ്ഥാനും അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഏറ്റുമുട്ടും. ഐഡൻ മാർക്രം നയിക്കുന്ന ദക്ഷിണാഫ്രിക്ക കാനഡയ്‌ക്കെതിരെ ആധികാരിക ജയം സ്വന്തമാക്കിയ ആത്മവിശ്വാസത്തോടെയാണ് ഈ മത്സരത്തിനിറങ്ങുന്നത്. ടൂർണമെന്റിലെ പല മത്സരങ്ങളും സമാന വേദികളിൽ നടക്കുന്നതു പ്രോട്ടീസിന് അനുകൂലമായി മാറുമെന്ന പ്രതീക്ഷയും ടീമിനുണ്ട്.

അതേസമയം, ന്യൂസിലാൻഡിനെതിരെ തുടക്കത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച അഫ്ഗാനിസ്ഥാൻ അവസാനം അഞ്ച് വിക്കറ്റിന്റെ തോൽവി ഏറ്റുവാങ്ങുകയായിരുന്നു. ടിം സെയ്ഫെർട്ടിന്റെ ആക്രമണാത്മക ബാറ്റിംഗ് ആണ് അഫ്ഗാന്റെ പ്രതീക്ഷകൾ തകർത്തത്. ഈ തോൽവിയിൽ നിന്ന് പാഠം പഠിച്ച് ശക്തമായ തിരിച്ചുവരവിനാണ് അഫ്ഗാൻ ശ്രമിക്കുക.

നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ പിച്ച് ബാറ്റർമാർക്കും ബൗളർമാർക്കും ഒരുപോലെ സഹായകമാകുമെന്നാണ് വിലയിരുത്തൽ. തുടക്കത്തിൽ ബാറ്റർമാർക്ക് സമയം എടുത്ത് സെറ്റിലാകേണ്ടി വരും, എന്നാൽ പിന്നീടങ്ങോട്ട് വലിയ സ്കോറുകൾ സാധ്യമാണ്. ഗ്രൗണ്ടിന്റെ വലുപ്പം കാരണം ബൗളർമാർക്ക് വിക്കറ്റ് നേടുന്നത് വെല്ലുവിളിയാകും.

ദക്ഷിണാഫ്രിക്കക്കായി ഐഡൻ മാർക്രം മികച്ച ഫോമിലാണ്. കാനഡയ്‌ക്കെതിരെ 59 റൺസ് നേടിയ താരം ടീമിന്റെ പ്രധാന പ്രതീക്ഷയാണ്. അഫ്ഗാനിസ്ഥാൻ നിരയിൽ ക്യാപ്റ്റൻ റാഷിദ് ഖാനിലാണ് ശ്രദ്ധ. അഹമ്മദാബാദിലെ സാഹചര്യങ്ങളെ നന്നായി അറിയുന്ന റാഷിദ്, തന്റെ സ്പിന്നിലൂടെ മത്സരത്തിന്റെ ഗതി മാറ്റാൻ ശ്രമിക്കും. മത്സരത്തിൽ ആവേശകരമായ പോരാട്ടമാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

ഓസ്‌ട്രേലിയ vs അയർലൻഡ്

ലോകകപ്പിലെ ഗ്രൂപ്പ് ബി മത്സരത്തിൽ ഓസ്‌ട്രേലിയയും അയർലൻഡും നാളെ കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ ഏറ്റുമുട്ടും. ടൂർണമെന്റിൽ ഓസ്‌ട്രേലിയയുടെ ആദ്യ മത്സരമാണിത്. പാകിസ്ഥാനെതിരായ പരമ്പരയിൽ 3-0ന് തോറ്റ അനുഭവവുമായി എത്തുന്ന ഓസ്‌ട്രേലിയക്ക് തയ്യാറെടുപ്പ് അത്ര മികച്ചതായിരുന്നില്ല. പാറ്റ് കമ്മിൻസ്, ജോഷ് ഹേസിൽവുഡ്, മിച്ചൽ സ്റ്റാർക്ക് എന്നിവർ ഇല്ലാത്തതിനാൽ പേസ് ആക്രമണത്തിന് നാഥൻ എലിസാണ് നേതൃത്വം നൽകുക. പരിക്കിൽ നിന്ന് മടങ്ങിയെത്തുന്ന എലിസിന്റെ ഫിറ്റ്നസ് ടീമിന് നിർണായകമാകും.

അതേസമയം, ശ്രീലങ്കയ്‌ക്കെതിരെ തോറ്റ അയർലൻഡ് തിരിച്ചടിക്കണമെന്ന വാശിയോടെയാണ് ഈ മത്സരത്തിലേക്ക് വരുന്നത്. 164 റൺസ് പിന്തുടരുന്നതിനിടെ 105-2 എന്ന നിലയിൽ നിന്ന് 38 റൺസിന് 8 വിക്കറ്റ് നഷ്ടപ്പെട്ടതാണ് തോൽവിക്ക് കാരണം. അവസാന ഓവറുകളിൽ ശ്രീലങ്ക സ്ലോ ബൗളിംഗിലൂടെ കളി കൈവശപ്പെടുത്തി.

ആർ. പ്രേമദാസ സ്റ്റേഡിയത്തിലെ പിച്ച് സ്പിന്നർമാർക്ക് അനുകൂലമായിരിക്കുമെന്നാണ് സൂചന. ഇവിടെ ചേസിംഗ് ടീമുകൾക്ക് മേൽക്കൈയുള്ളതിനാൽ ടോസ് നിർണായകമാകും.

Also Read: T20 World Cup 2026: ഇന്ത്യൻ താരങ്ങൾ റബ്ബർ പാളിയിട്ട ബാറ്റുകൾ ഉപയോഗിക്കുന്നു, ആരോപണവുമായി ലങ്കൻ താരം

ഇംഗ്ലണ്ട് vs വെസ്റ്റ് ഇൻഡീസ്

ഗ്രൂപ്പ് സിയിലെ ആവേശകരമായ മത്സരത്തിൽ നാളെ മുൻ ചാമ്പ്യന്മാരായ ഇംഗ്ലണ്ടും വെസ്റ്റ് ഇൻഡീസും മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ വൈകുന്നേരം ഏറ്റുമുട്ടും. ഇംഗ്ലണ്ടിന്റെ ആധുനിക ‘അഗ്ഗ്രസിവ്’ ടി20 സമീപനവും, വെസ്റ്റ് ഇൻഡീസിന്റെ പവർ-ഹിറ്റിംഗ് ശൈലിയും തമ്മിലുള്ള ഏറ്റുമുട്ടൽ ഉയർന്ന സ്കോറിങ്ങിനു വഴിതെളിക്കും . ചെറു ബൗണ്ടറികളും ഫ്ലാറ്റ് പിച്ചും ഉള്ള വാങ്കഡെയിൽ 2016 ലെ ഫൈനലിൽ ഈഡൻ ഗാർഡൻസിൽ ഇരു ടീമുകളും നടത്തിയ ആവേശകരമായ പോരാട്ടത്തിന്റെ രണ്ടാം ഭാഗം കാണാൻ കഴിഞ്ഞേക്കും

ഗ്രൂപ്പ് സി പോയിന്റ് പട്ടികയിൽ ഇംഗ്ലണ്ട് മൂന്നാം സ്ഥാനത്താണ്. നേപ്പാളിനെതിരെ 4 റൺസിന്റെ നേരിയ ജയം നേടിയ ഇംഗ്ലണ്ടിന് ജേക്കബ് ബെഥലും ഹാരി ബ്രൂക്കും നേടിയ അർധശതകങ്ങളാണ് ശക്തി നൽകിയത്. ബൗളിംഗിൽ ലിയം ഡോസൺ ആണ് നിലവിൽ തിളങ്ങി നിൽക്കുന്ന ഇംഗ്ലീഷ് ബൗളർ.

അതേസമയം, സ്കോട്ട്‌ലൻഡിനെ തോൽപ്പിച്ച് വെസ്റ്റ് ഇൻഡീസ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. ഷിമ്രോൺ ഹെറ്റ്മയറുടെ 64 റൺസും റൊമാരിയോ ഷെപ്പേർഡിന്റെ 5 വിക്കറ്റ് പ്രകടനവുമാണ് ആ ജയത്തിന്റെ അടിസ്ഥാനം.

വാങ്കഡെയിലെ ടി20 മത്സരങ്ങളിൽ ആദ്യ ഇന്നിംഗ്‌സിന്റെ ശരാശരി സ്കോർ 177 ആണ്. ടോസ് നിർണായകമാകുമെന്ന് വിലയിരുത്തപ്പെടുന്നു. മത്സരം പ്രവചനങ്ങളിൽ ഇംഗ്ലണ്ടിന് ചെറിയ മുൻതൂക്കം കണക്കാക്കുന്നുണ്ടെങ്കിലും, വെസ്റ്റ് ഇൻഡീസിന്റെ ശക്തമായ ബാറ്റിംഗ് നിര മത്സരത്തിന്റെ ഗതി ഏത് നിമിഷവും മാറ്റാൻ ശേഷിയുള്ളതാണ്. ആരാധകർ ഒരു ത്രില്ലർ പോരാട്ടമാണ് പ്രതീക്ഷിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News