
ടി 20 ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിനു നിലവിലെ ചാമ്പ്യന്മാരും ആതിഥേയരുമായ ഇന്ത്യ ഇറങ്ങുന്നത് ചരിത്രം തിരുത്തിക്കുറിക്കാനാണ്. ഇന്നുവരെ ഒരു ടീമിനും ടി 20 കിരീടം നിലനിർത്തുവാൻ കഴിഞ്ഞിട്ടില്ല എന്ന് മാത്രമല്ല ഇന്നുവരെ ഒരു ആതിഥേയ ടീമും ടി 20 കിരീടമുയർത്തിയിട്ടില്ല. പക്ഷെ ഈ റെക്കോർഡുകൾ തിരുത്താൻ ഉള്ള പ്രാപ്തി ഇന്ത്യക്കുണ്ടെന്നു എതിരാളികൾ പോലും അംഗീകരിക്കും.
തങ്ങളുടെ ആദ്യ മത്സരത്തിൽ, ശനിയാഴ്ച വാങ്കഡെ സ്റ്റേഡിയത്തിൽ ഇന്ത്യ അമേരിക്കയ്‌ക്കെതിരെ ഇറങ്ങുമ്പോൾ ഒപ്പമുണ്ടാവുക ഒരു ജനതയുടെ പ്രതീക്ഷയും പ്രാർത്ഥനകളുമാണ്. സൂര്യകുമാർ യാദവ് നയിക്കുന്ന ടീമിന്റെ ബാറ്റിങ്ങിലെ പ്രധാന ആയുധം അഭിഷേക് ശർമയാണ്. 37 T20 മത്സരങ്ങളിൽ നിന്ന് 1,267 റൺസും ഏകദേശം 200 സ്ട്രൈക്ക് റേറ്റും നേടിയ അഭിഷേകിന്റെ ഫോം ടീമിന് വലിയ ആത്മവിശ്വാസം നൽകുന്നു. മധ്യനിരയിൽ തിലക് വർമ്മയുടെ തിരിച്ചുവരവ് ഇന്ത്യയുടെ ബാറ്റിങ്ങിനെ ശക്തമാക്കിയിട്ടുണ്ട്.
ബൗളിങ്ങിൽ, ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും അപകടകാരിയായ പേസർമാരിൽ ഒരാളായ ജസ്പ്രീത് ബുംറയും, മിസ്റ്ററി സ്പിന്നർ വരുണ്‍ ചക്രവർത്തിയും ഇന്ത്യയുടെ വജ്രായുധങ്ങളാണ്. വിക്കറ്റ് കീപ്പറുടെ സ്ഥാനത്ത് ഇഷാൻ കിഷനും സഞ്ജു സാംസനും തമ്മിലുള്ള മത്സരം ടീം സെലക്ഷനിലെ പ്രധാന ചർച്ചാവിഷയമായി തുടരുന്നു.
Also Read: T20 World Cup 2026: വെസ്റ്റ് ഇൻഡീസിനെ ഞെട്ടിക്കാൻ സ്കോട്‌ലാൻഡിനാവുമോ?
യുഎസ് ദേശീയ ടീമിൽ പ്രധാനമായും ഉള്ളത് ഇന്ത്യ, പാകിസ്ഥാൻ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക എന്നിവിടങ്ങളിൽ ജനിച്ച താരങ്ങൾ ആണ്. നായകൻ മോണങ്ക് പട്ടേൽ ഉൾപ്പെടെ അഞ്ചുപേർ ഇന്ത്യയിൽ ജനിച്ചവരാണ്.കഴിഞ്ഞ ടൂർണമെന്റിൽ പാകിസ്താനെ തോൽപ്പിക്കുകയും ഇന്ത്യയെ വിരട്ടുകായും ചെയ്ത ബൗളിംഗ് നിര തന്നെയാണ് ടീമിന്റെ കരുത്ത്. പേസർ സൗരഭ് നേത്രവാൽകറും സ്പിന്നർ ഹർമീത് സിങ്ങും ഇന്ത്യയ്ക്ക് തലവേദനയാകാൻ സാധ്യതയുണ്ട്. വൈകുന്നേര മത്സരമായതിനാൽ ഡ്യൂ വലിയ ഘടകമാകും. ബാറ്റിംഗ് സ്വർഗമായ വാങ്കഡെയിൽ ഉയർന്ന സ്കോർ പ്രതീക്ഷിക്കാം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

