
ഇന്ത്യയ്ക്കെതിരെ കളിക്കാമെന്ന് പാകിസ്ഥാൻ തീരുമാനിച്ചതോടെ, ചിരവൈരികളുടെ പോരിന് വീണ്ടും കളമൊരുങ്ങുകയാണ് ടി20 ലോകകപ്പ്. ഫെബ്രുവരി 15-ന് കൊളംബോയിൽ വെച്ചാണ് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ആവേശപ്പോര്. അതേസമയം പാകിസ്ഥാനെതിരായ ടി20 ലോകകപ്പ് മത്സരത്തിന് മുന്നോടിയായി ഇന്ത്യൻ ടീം തന്ത്രങ്ങളിൽ മാറ്റം വരുത്തുമെന്നാണ് പുതിയ റിപ്പോർട്ട്. ഇന്ത്യ-പാകിസ്ഥാൻ മത്സരം കൊളംബോയിൽ ആയതിനാലാണ് കേളിശൈലിയിൽ ഇന്ത്യ മാറ്റം വരുത്തുന്നത്. അത് എന്താണെന്നും എന്തുകൊണ്ടാണെന്നും നമുക്ക് നോക്കാം…
ആദ്യ രണ്ട് മത്സരങ്ങൾ ഇന്ത്യ കളിക്കുന്നത് സ്വന്തം നാട്ടിലാണ്. എന്നാൽ പാകിസ്ഥാനെതിരെ കളിക്കുന്നത് കൊളംബോയിലാണ്. അവിടുത്ത പിച്ചുകൾ ഇന്ത്യയെ അപേക്ഷിച്ച് അൽപ്പം വേഗത കുറഞ്ഞതായിരിക്കും. അതിനാൽ, കണ്ണുമടച്ച് ആക്രമിച്ചു കളിക്കുന്ന രീതി മാറ്റി, സാഹചര്യത്തിനനുസരിച്ച് ബാറ്റ് വീശുന്ന ശൈലി സ്വീകരിക്കാനാണ് ടീം മാനേജ്‌മെന്റ് തയ്യാറെടുക്കുന്നത്. ഇത് സംബന്ധിച്ച നിർദേശം ഇതിനോടകം താരങ്ങൾക്ക് നൽകിയിട്ടുണ്ട്. 250 റൺസ് ലക്ഷ്യമിട്ട് വിക്കറ്റ് കളയുന്നതിനേക്കാൾ, സാങ്കേതിക തികവോടെ കളിക്കുന്നതിനാണ് മുൻഗണന നൽകുന്നത്.
അതുപോലെ വേഗംകുറഞ്ഞ പിച്ചിൽ പന്തെറിയുന്നത് സംബന്ധിച്ച് ബോളർമാർക്കും പ്രത്യേക പരിശീലനം നൽകുന്നുണ്ട്. പിച്ചുകളുടെ വേഗം കുറയുന്നത്, ബോളർമാർ കൂടുതൽ ജാഗ്രതയോടെ പന്തെറിയണമെന്നാണ് അസിസ്റ്റന്റ് കോച്ച് റയാൻ ടെൻ ഡോഷെറ്റ് ടീമിന് നൽകിയിരിക്കുന്ന നിർദേശം.
Also Read- T20 World Cup 2026: സഞ്ജുവിന് അവസരം| അഭിഷേക് ശർമയ്ക്ക് പകരം ഡൽഹിയിൽ കളിക്കുമോ?
എന്നാൽ പാകിസ്ഥാൻ കഴിഞ്ഞ രണ്ടാഴ്ചയായി കൊളംബോയിൽ കളിക്കുന്നതും പരിശീലനം നടത്തുന്നതും അവർക്ക് ഗുണകരമാകുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഈ സാഹചര്യത്തിലാണ് കേളിശൈലിയിലും തന്ത്രങ്ങളിലും മാറ്റം വരുത്താൻ ടീം ഇന്ത്യ ഒരുങ്ങുന്നത്.
നാളെ നമീബിയയ്ക്കെതിരെ കളിക്കുന്ന ടീമിൽ ചെറിയ മാറ്റം വരുത്താനും ടീം മാനേജ്മെന്‍റ് തീരുമാനിച്ചേക്കുമെന്നും വിവരമുണ്ട്. അസുഖം കാരണം അഭിഷേക് ശർമ്മ പരിശീലനത്തിന് എത്തിയിരുന്നില്ല. അഭിഷേക് ശർമ്മയ്ക്ക് പകരം സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. എന്നാൽ, വാരിയെല്ലിനേറ്റ പരിക്കിൽ നിന്ന് മുക്തനായ വാഷിംഗ്ടൺ സുന്ദർ പരിശീലനം പുനരാരംഭിച്ചത് ഇന്ത്യക്ക് ആശ്വാസമാണ്. ഇത് ടീം കോമ്പിനേഷനിൽ മാറ്റങ്ങൾ വരുത്താൻ സഹായിക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


