
ഇംഗ്ലണ്ട് vs നേപ്പാൾ
ഇംഗ്ലണ്ട് ലോകകപ്പിലേക്ക് ശക്തമായ ഫോമിലാണ് എത്തുന്നത്. റാങ്കിംഗിൽ മൂന്നാം സ്ഥാനത്തുള്ള ഇംഗ്ലണ്ട്, ശ്രീലങ്കയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പര സ്വന്തമാക്കി മികച്ച ആത്മവിശ്വാസമാണ് പ്രകടിപ്പിക്കുന്നത്. ശക്തമായ ടീമിനൊപ്പം ഫിൽ സാൾട്ടിന്റെ ആക്രമണ ബാറ്റിംഗും ഉപഭൂഖണ്ഡ പിച്ചുകളിൽ നിർണായകനാകുന്ന ആദിൽ റഷീദിന്റെ സ്പിൻ ബൗളിംഗും ഇംഗ്ലണ്ടിന് വലിയ പ്രതീക്ഷകളാണ് നൽകുന്നത്.
അതേസമയം, ലോകകപ്പിലേക്ക് ആത്മവിശ്വാസത്തോടെയാണ് നേപ്പാൾ കടക്കുന്നത്. പരിശീലന മത്സരങ്ങൾ രണ്ടും ജയിച്ച നേപ്പാൾ, ടൂർണമെന്റിൽ അട്ടിമറികൾ നടത്തമെന്ന പ്രതീക്ഷയിലാണ് എത്തുന്നത് . റാങ്കിംഗിൽ 16-ാം സ്ഥാനത്തുള്ള നേപ്പാൾ, ക്വാളിഫയർ ജയിച്ചാണ് ലോകകപ്പിന് യോഗ്യത നേടിയത്. ലോകകപ്പിന് മുന്നോടിയായി നടന്ന നേപ്പാൾ പ്രീമിയർ ലീഗിലൂടെ താരങ്ങൾക്ക് ലഭിച്ച മത്സരാനുഭവം ടീമിന് വലിയ കരുത്താണ്.
ബാറ്റിംഗിൽ നേപ്പാളിന്റെ പ്രധാന പ്രതീക്ഷ കുശാൽ ഭൂർട്ടലിലാണ്. വിപുലമായ ഷോട്ട് ശ്രേണിയുള്ള അദ്ദേഹം ടീമിന്റെ ടോപ് റൺ സ്കോററാകാനുള്ള സാധ്യതയുണ്ട്. ബൗളിംഗിൽ മടങ്ങിവരവിന് ശേഷം മികച്ച ഫോമിലുള്ള സ്പിൻ താരം സാൻദീപ് ലാമിച്ചാനെയാകും നേപ്പാളിന്റെ പ്രധാന ആയുധം.എന്തായാലും മുംബൈയിൽ നടക്കുന്ന പകൽ മത്സരത്തിൽ തീപാറുമെന്നുറപ്പാണ്.
ശ്രീലങ്ക vs അയർലണ്ട്
ലോകകപ്പിലെ നിർണായക പോരാട്ടത്തിനാണ് ശ്രീലങ്കയും അയർലൻഡും ഒരുങ്ങുന്നത്. റാങ്കിംഗിൽ എട്ടാം സ്ഥാനത്തുള്ള ശ്രീലങ്ക, അടുത്തിടെ സ്വന്തം മണ്ണിൽ ഇംഗ്ലണ്ടിനോട് പരമ്പര തോറ്റെത്തുന്നതിനാൽ സമ്മർദ്ദത്തിലാണ്. ഫോമിലെ കുറവ് പ്രകടമാണെങ്കിലും, ആതിഥേയരെന്ന നിലയിൽ പരിചിത സാഹചര്യങ്ങൾ ശ്രീലങ്കയ്ക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയുണ്ട്. പിച്ചുകളിൽ ലഭിക്കുന്ന സഹായം പരമാവധി ഉപയോഗപ്പെടുത്തുകയാണ് ലങ്കയുടെ പ്രധാന ലക്ഷ്യം.ബാറ്റിംഗിൽ സ്വതന്ത്രമായ ശൈലിയോടെ തുടക്കത്തിൽ തന്നെ ബൗളർമാരെ ആക്രമിക്കാൻ കഴിവുള്ള പഥും നിസ്സങ്കയാണ് ടീമിന്റെ പ്രധാന പ്രതീക്ഷ. ബൗളിംഗിൽ ലോകത്തിലെ മികച്ച ടി20 സ്പിന്നർമാരിൽ ഒരാളായ വനിന്ദു ഹസാരംഗ നിർണായക ബ്രേക്ക്‌ത്രൂകൾ നൽകുമെന്ന പ്രതീക്ഷയിലാണ് ടീം.
അതേസമയം, അയർലൻഡ് മികച്ച ഫോമിലാണ്. വെസ്റ്റ് ഇൻഡീസിനെതിരെ നടന്ന രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര ജയിച്ചാണ് പോൾ സ്റ്റിർലിംഗ് നയിക്കുന്ന സംഘം ലോകകപ്പിൽ എത്തുന്നത്. പാകിസ്ഥാനെതിരായ പരിശീലന മത്സരം മഴ കാരണം ഉപേക്ഷിച്ചെങ്കിലും, ടീം ആത്മവിശ്വാസത്തിലാണ്. അയർലൻഡിന്റെ ബാറ്റിംഗിൽ പോൾ സ്റ്റിർലിംഗാണ് പ്രധാന ആയുധം. വിപുലമായ ഷോട്ട് ശ്രേണിയുള്ള ആളാണ് അദ്ദേഹം. പവർപ്ലേ ഓവറുകളിൽ കൃത്യതയാർന്ന ബൗളിംഗിന് പേരുകേട്ട ബാരി മക്കാർത്തി അയർലൻഡിന്റെ പ്രധാന ബൗളിംഗ് ശക്തിയാകും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

