
ടി20 ലോകകപ്പ് സൂപ്പർ 8 ഘട്ടത്തിൽ ദക്ഷിണാഫ്രിക്കയോട് തോറ്റതിന് പിന്നാലെ ഇന്ത്യൻ ടീമിനെതിരെ കടുത്ത വിമർശനങ്ങൾ ഉയരുന്നു. പ്രത്യേകിച്ച് ഉപനായകൻ അക്സർ പട്ടേലിനെ പുറത്തിരുത്തിയ തീരുമാനം വലിയ ചർച്ചയായിരിക്കുകയാണ്. ദക്ഷിണാഫ്രിക്കൻ നിരയിൽ മൂന്ന് ഇടങ്കൈ ബാറ്റർമാർ ഉണ്ടെന്ന കാരണത്താൽ ഇന്ത്യ വാഷിംഗ്ടൺ സുന്ദറിനെ പ്ലെയിംഗ് ഇലവനിൽ ഉൾപ്പെടുത്തി. എന്നാൽ തീരുമാനം ഫലം കണ്ടില്ല. സുന്ദർ രണ്ട് ഓവർ എറിഞ്ഞെങ്കിലും വിക്കറ്റ് ഒന്നും നേടാനായില്ലെന്ന് മാത്രമല്ല , ബാറ്റിംഗിൽ അഞ്ചാം നമ്പറിൽ എത്തി 11 റൺസ് മാത്രമാണ് നേടിയത്.
മുൻ ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ ഈ തീരുമാനത്തെ വിമർശിച്ചു. ഐപിഎല്ലിൽ മാച്ച്-അപ്പ് തന്ത്രങ്ങൾ ഉപയോഗപ്രദമാകാം, പക്ഷേ അന്താരാഷ്ട്ര ക്രിക്കറ്റിൽ സ്ഥിരതയുള്ള ടീം തന്നെയാണ് വിജയത്തിന്റെ രഹസ്യമെന്ന് അശ്വിൻ അഭിപ്രായപ്പെട്ടു. “കഴിഞ്ഞ ടി20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അക്സർ പട്ടേൽ ചെയ്ത സംഭാവന നമ്മൾ മറക്കരുത്. ടി20യിൽ നിങ്ങളുടെ ഏറ്റവും മൂല്യമേറിയ താരം ആയിരുന്ന ആക്‌സറിനെ എങ്ങനെ മറക്കാം?” എന്നായിരുന്നു അശ്വിന്റെ ചോദ്യം.
Also Read: ഇന്ത്യയുടെ സെമി സ്വപ്നം അപകടത്തിൽ! ഇനിയുള്ള സാധ്യതകൾ എന്തെല്ലാം?
കഴിഞ്ഞ ലോകകപ്പിലെ ഇന്ത്യയുടെ കിരീടനേട്ടത്തിൽ അക്സർ നിർണായക പങ്ക് വഹിച്ചു. ഈ തവണ 188 റൺസ് ലക്ഷ്യം പിന്തുടർന്ന ഇന്ത്യ 111 റൺസിൽ പുറത്തായപ്പോൾ, പവർപ്ലേയിലേ മൂന്ന് വിക്കറ്റുകൾ നഷ്ടമായ സാഹചര്യത്തിൽ അക്സറിന്റെ സാന്നിധ്യം ടീമിന് സഹായകരമായേനെയെന്ന് അശ്വിൻ പറഞ്ഞു.ഇന്ത്യ ഇനി ഫെബ്രുവരി 26-ന് സിംബാബ്‌വെയെ നേരിടും. ശക്തമായ തിരിച്ചുവരവിനാണ് സൂര്യകുമാർ യാദവ് നയിക്കുന്ന ടീം ഇനി ശ്രമിക്കുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

