
രഞ്ജി ട്രോഫിയില്‍ കേരളത്തിനായി മിന്നും പ്രകടനം കാഴ്ച വച്ച മുഹമ്മദ് അസ്ഹറുദ്ദീന് ജന്മനാട്ടില്‍ ഉജ്ജ്വല സ്വീകരണം. കാസർകോഡ് തളങ്കരയിലെ ക്രിക്കറ്റ് ക്ലബ്ബ് ടിസിസിയുടെ നേതൃത്വത്തിലായിരുന്നു വരവേൽപ്പ്. ചരിത്രം തിരുത്തി കേരള ക്രിക്കറ്റ് ടീം രഞ്ജി ട്രോഫി ഫൈനലിൽ എത്തിയപ്പോൾ നിർണായകമായ പോരാട്ടം നടത്തി ടീമിന് കരുത്തായ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ മുഹമ്മദ് മുഹമ്മദ് അസ്ഹറുദ്ദീന് ആവേശകരമായ സ്വീകരണമാണ് നാട് നൽകിയത്.
നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ അസറുദ്ദീനെ തളങ്കരയിലേക്ക് സ്വീകരിച്ചു. കാസർഗോഡ് നഗരസഭാ ചെയർമാൻ അബ്ബാസ് ബീഗം അസ്ഹറുദ്ദീന് നാടിന്‍റെ സ്നേഹാദരം കൈമാറി. കേരളത്തിന്റെ അഭിമാന നേട്ടത്തിന്‍റെ ഭാഗമാകാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് അസറുദ്ദീൻ പറഞ്ഞു.
കേരള ക്രിക്കറ്റ് അസോസിയേഷനെയും അതിന്റെ ഭാരവാഹികളെയും അദ്ദേഹം അഭിനന്ദിച്ചു. ഭാവിയിൽ കപ്പ് കേരളത്തിലെത്തിക്കുമെന്നാണ് പ്രതീക്ഷയെന്നും മുഹമ്മദ് അസ്ഹറുദ്ദീൻ പറഞ്ഞു. കേരളത്തിലെ വിവിധ അക്കാദമികളുടെ പ്രവർത്തനം മാതൃകാപരമാണെന്നും പുതിയ താരങ്ങൾ ക്രിക്കറ്റിനെ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. വ്യക്തിഗത പ്രകടനങ്ങൾക്കുപരി ടീമിന്റെ വിജയത്തിന് വേണ്ടി പ്രവർത്തിച്ചാൽ കേരളത്തിന് കൂടുതൽ സാധ്യതകൾ തുറന്നു കിട്ടുമെന്നും അസ്ഹറുദ്ദീൻ അഭിപ്രായപ്പെട്ടു. നാട്ടുകാരുടെയും ക്ലബുകളുടേയും നേതൃത്വത്തിലായിരുന്നു സ്വീകരണം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here