
ബെംഗളൂരുവിൽ രാത്രി നടന്നു വരികയായിരുന്ന രണ്ട് സ്ത്രീകളെ സിസിടിവിക്ക് മുന്നിൽ കൊള്ളയടിച്ചു. ബൈക്കിൽ എത്തിയ രണ്ടുപേരാണ് യുവതികളെ ആക്രമിച്ചത്. മോഷണത്തിനിടെ എതിർത്ത യുവതിയുടെ വിരലുകൾ വടിവാൾ കൊണ്ട് വെട്ടിമാറ്റി. സെപ്റ്റംബറിൽ നടന്ന സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് നടുക്കുന്ന സംഭവം പുറംലോകമറിഞ്ഞത്. സെപ്റ്റംബർ 13 ന് ഗണേശ ഉത്സവത്തിൽ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഉഷ, വരലക്ഷ്മി എന്നീ യുവതികൾക്കാണ് മോഷ്ടാക്കളുടെ ക്രൂരതക്ക് ഇരയാകേണ്ടി വന്നത്. രാത്രി നടന്നു പോകവേ പ്രവീൺ, യോഗാനന്ദ എന്നീ പ്രതികൾ ബൈക്കിലെത്തുകയും ഇവരെ തടഞ്ഞ് നിർത്തി കൊള്ളയടിക്കുകയുമായിരുന്നു.
ഭയന്ന ഉഷ തന്‍റെ സ്വർണ്ണമാല ഊരിക്കൊടുത്തെങ്കിലും വരലക്ഷ്മി പ്രതികളെ എതിർത്തു. ഇതോടെ പ്രകോപിതനായ യോഗാനന്ദ വടിവാൾ ഉപയോഗിച്ച് വെട്ടുകയായിരുന്നു. ആക്രമണത്തിൽ വരലക്ഷ്മിയുടെ രണ്ട് വിരലുകൾ അറ്റു. തുടർന്ന് തട്ടിയെടുത്ത 55 ഗ്രാം സ്വർണ്ണാഭരണങ്ങളുമായി പ്രതികൾ രക്ഷപ്പെടുകയായിരുന്നു.
പരാതിയെത്തുടർന്ന് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിൽ, ആഴ്ചകൾക്ക് ശേഷം ഇരുവരെയും പിടികൂടിയിരുന്നു. മോഷ്ടിച്ച സ്വർണ്ണാഭരണങ്ങളും ആക്രമണത്തിന് ഉപയോഗിച്ച ആയുധവും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൊലപാതക കേസിൽ ഉൾപ്പടെ പ്രതിയാണ് യോഗാനന്ദ എന്ന് പൊലീസ് പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

