
ഭോപ്പാലിൽ ജോലി വാഗ്ദാനം നൽകി യുവതികളെ ലൈംഗികമായി ചൂഷണം ചെയ്യുകയും, നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കുകയും ചെയ്ത സംഭവത്തിൽ രണ്ട് സഹോദരിമാരടക്കം മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. അമ്രീൻ, അഫ്രീൻ എന്നീ സഹോദരിമാരും ഇവരുടെ കൂട്ടാളി ചന്ദൻ യാദവുമാണ് പിടിയിലായത്. കേസിലെ മറ്റ് പ്രതികളായ ബിലാൽ, ചാനു, യാസിർ എന്നിവർക്കായി പോലീസ് തിരച്ചിൽ തുടരുകയാണ്.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ പെൺകുട്ടികളെയാണ് ഇവർ പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. മാസം 10,000 രൂപ ശമ്പളവും താമസവും ഭക്ഷണവും വാഗ്ദാനം ചെയ്ത് വീട്ടുജോലിക്കായി പെൺകുട്ടികളെ റിക്രൂട്ട് ചെയ്യുകയായിരുന്നു ഇവരുടെ രീതി. ഒരിക്കൽ ഇവരുടെ അടുത്തെത്തുന്ന പെൺകുട്ടികളെ ആഡംബര ജീവിതം കാണിച്ച് പ്രലോഭിപ്പിക്കുകയും പിന്നീട് പാർട്ടികളിലും ക്ലബ്ബുകളിലും കൊണ്ടുപോയി മദ്യത്തിനും മയക്കുമരുന്നിനും (MD Drugs) അടിമയാക്കി പീഡിപ്പിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
രണ്ട് യുവതികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. ഇതിൽ ഒരു യുവതിയെ പ്രതിയായ ചന്ദൻ യാദവ് നിർബന്ധിച്ച് മതം മാറ്റിയതായും ബുർഖ ധരിക്കാൻ പ്രേരിപ്പിച്ചതായും എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു. മറ്റൊരു യുവതിയെ ജോലി ആവശ്യത്തിനെന്ന വ്യാജേന അഹമ്മദാബാദിൽ കൊണ്ടുപോയി പീഡിപ്പിച്ചതായും പരാതിയുണ്ട്. യുവതികളുടെ അശ്ലീല ചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയാണ് പ്രതികൾ ഇവരെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നത്.
ALSO READ: ആഗ്രഹിക്കാതെ തന്നെ കുട്ടികളിലേക്ക് ഇൻസ്റ്റഗ്രാം അഡൾട് കണ്ടൻ്റെത്തിക്കുന്നു;സർവേ പുറത്ത്
പ്രതികളുടെ പക്കൽ നിന്നും പിടിച്ചെടുത്ത മൊബൈൽ ഫോണുകളിൽ നിന്ന് നിരവധി യുവതികളുടെ ചിത്രങ്ങൾ അടങ്ങിയ വാട്സാപ്പ് ഗ്രൂപ്പുകൾ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഗുജറാത്ത്, മുംബൈ തുടങ്ങിയ നഗരങ്ങളിലേക്കും യുവതികളെ കൊണ്ടുപോയിരുന്നതായി സൂചനയുണ്ട്. ഇതൊരു വലിയ അന്തർസംസ്ഥാന ക്രിമിനൽ ശൃംഖലയുടെ ഭാഗമാണോ എന്ന് പോലീസ് പരിശോധിച്ചു വരികയാണ്.
ഭോപ്പാലിലെ ബാഗ് സെവാനിയ പോലീസ് സ്റ്റേഷനിലാണ് നിലവിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതികളുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും യാത്രാ രേഖകളെക്കുറിച്ചും വിശദമായ അന്വേഷണം നടക്കുകയാണെന്ന് അഡീഷണൽ ഡി.സി.പി ഗൗതം സോളങ്കി അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

