
ബിഹാറിൽ വിവാഹവേദിയിൽ വധുവിന് വെടിയേറ്റു. ബിഹാറിലെ ബക്‌സറിൽ ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് വിവാഹ ചടങ്ങുകൾക്കിടെ വധുവിന് വെടിയേറ്റത്. പതിനെട്ടുകാരിയായ ആരതി കുമാരി തന്റെ നിയുക്ത വരനൊപ്പം വേദിയിലിരിക്കെയാണ് അതിഥികൾക്കിടയിൽ നിന്നെത്തിയ ഒരാൾ വെടിയുതിർത്തത്. വധുവിന്റെ വയറ്റിലാണ് വെടിയേറ്റത്.
ആരതിയുടെ അയൽവാസിയായ ദീൻബന്ധു എന്നയാളാണ് വെടിവെച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രണയനൈരാശ്യം കാരണം വെടിയുതിർത്തതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വെടിയേറ്റ ഉടൻ തന്നെ ആരതിയെ അടുത്തുള്ള സദർ ആശുപത്രിയിൽ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി പിന്നീട് വാരണാസി ട്രോമ സെന്ററിലേക്ക് മാറ്റി. യുവതിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.
വിവാഹചടങ്ങുകൾക്കിടയിൽ ആരതിയുടെ സഹോദരി വരന്റെ നെറ്റിയിൽ സിന്ദൂരം ചാർത്തിയ ശേഷം ആരതിയുടെ അടുത്തേക്ക് നീങ്ങുന്ന സമയത്താണ് അക്രമി വെടിവെച്ചത്. ആരതിയുടെ വയറിലാണ് വെടിയേറ്റത്. ഇതോടെ വിവാഹവേദിയിലുണ്ടായിരുന്നവർ ചിതറിയോടി.
സംഭവത്തിന് പിന്നാലെ പ്രതിയായ ദീൻബന്ധു ഒളിവിൽ പോയിരിക്കുകയാണ്. ഇയാൾക്കായി പോലീസ് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. പ്രതിയുടെ മാതാപിതാക്കളെ പോലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തു. മദ്യവുമായി ബന്ധപ്പെട്ട കേസിൽ ഇയാൾ മുൻപും ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളതായി പോലീസ് അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

