
സൈബര്‍ തട്ടിപ്പിന്റെ പുതിയ പതിപ്പായ ഡിജിറ്റല്‍ അറസ്റ്റിലെന്ന് ഭീഷണിപ്പെടുത്തി്83-കാരിയില്‍ നിന്ന് 7.8 കോടി രൂപ തട്ടിയെടുത്തു. ജെറ്റ് എയര്‍വെയ്സ് സ്ഥാപകന്‍ നരേഷ് ഗോയലുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പ്രതിചേര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു 83കാരിയെ കെണിയില്‍ വീഴ്ത്തിയത്. ഒരു അക്കൗണ്ടില്‍നിന്ന് പെട്ടെന്ന് കോടിക്കണക്കിന് രൂപ കംബോഡിയയിലേക്ക് പോകാന്‍ തുടങ്ങിയതോടെയാണ് ഐബി ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികള്‍ക്ക് സംശയം ഉടലെടുത്തത്.
തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി മുംബൈ ക്രൈംബ്രാഞ്ചിന്റെ സൈബര്‍വിഭാഗത്തോട് കേന്ദ്ര ഏജന്‍സികള്‍ ആവശ്യപ്പെട്ടു. ഒരു എണ്ണക്കമ്പനിയിലെ ഉന്നതസ്ഥാനത്തുനിന്ന് വിരമിച്ച സ്ത്രീയുടെ അക്കൗണ്ടില്‍ നിന്നാണ് പണം വിദേശത്തേക്ക് ട്രാന്‍സ്ഫര്‍ ചെയ്തതെന്ന് പോലീസ് കണ്ടെത്തി. ഇവര്‍ തനിച്ചായിരുന്നു ദക്ഷിണ മുംബൈയിലുള്ള ഫ്‌ലാറ്റില്‍ താമസിച്ചിരുന്നത്. രണ്ടു പെണ്‍മക്കളുടെയും വിവാഹം കഴിഞ്ഞിരുന്നു. ഇവരെക്കുറിച്ചുള്ള വിവരങ്ങളെല്ലാം മനസ്സിലാക്കിയായിരുന്നു പ്രതികള്‍ തട്ടിപ്പ് നടത്തിയത്.
അക്കൗണ്ടിലെ പണം തീര്‍ന്നപ്പോള്‍ തട്ടിപ്പുസംഘം അവരുടെ ബാങ്ക് നിക്ഷേപങ്ങള്‍, മ്യൂച്വല്‍ ഫണ്ടുകള്‍, ഓഹരികള്‍ എന്നിവ വില്‍ക്കാന്‍ നിര്‍ബന്ധിച്ചു. ദുബായില്‍ വസ്തു വാങ്ങാനാണ് നിക്ഷേം പിന്‍വലിക്കുന്നതെന്ന് ബാങ്കുകള്‍ ആവശ്യപ്പെടുകയാണെങ്കില്‍ പറയണമെന്നും തട്ടിപ്പുകാര്‍ പറഞ്ഞു. ഒരു മാസത്തിനുള്ളില്‍ സ്ത്രീയുടെ അക്കൗണ്ടില്‍നിന്ന് 7.8 കോടി സംഘം ഇങ്ങനെ പിന്‍വലിച്ചു.
സംഭവത്തെ തുടര്‍ന്ന് സ്ത്രീയുടെ വീട്ടില്‍ പൊലീസ് വന്നെങ്കിലും ഇവര്‍ വിശ്വസിക്കാന്‍ തയ്യാറായില്ല. പോലീസ് ഏതുസമയവും വീട്ടിലെത്തുമെന്ന് തട്ടിപ്പു സംഘത്തിന് ധാരണയുണ്ടായിരുന്നതിനാല്‍ പോലീസെന്ന് പറഞ്ഞു വരുന്നവരെ വിശ്വസിക്കരുതെന്ന് 83കാരിയെപറഞ്ഞു ബോധിപ്പിച്ചിരുന്നു. ഒരു മണിക്കൂറോളം സ്ത്രീ പൊലീസിനെ അകത്തേക്ക് കടത്തിവിടാന്‍ വിസമ്മതിച്ചപ്പോള്‍, പോലീസ് സംഘം കെട്ടിട ഉടമയുടെ സഹായം തേടി. തുടര്‍ന്ന് കെട്ടിടത്തിന്റെ ഉടമയുടെ കൂടെയാണ് പോലീസ് സ്ത്രീയുടെ അടുക്കലെത്തിയത്.
സൈബര്‍ കുറ്റവാളികള്‍ ഡിജിറ്റല്‍ അറസ്റ്റുകളില്‍ ഉപയോഗിക്കുന്ന രീതി പോലീസ് അവരോട് പറഞ്ഞെങ്കിലും സ്ത്രീ തങ്ങളെ യഥാര്‍ഥ പോലീസായി കരുതുന്നില്ലെന്ന് മുബൈ പൊലീസിന് വ്യക്തമായി.ഇതോടെ പോലീസ് നേരിട്ട് സൈബര്‍ ഹെല്‍പ്പ്ലൈന്‍ നമ്പറായ 1930-ല്‍ വിളിച്ച് പരാതിപ്പെട്ടു. തുടര്‍ന്നാണ് സ്ത്രീയുടെ അക്കൗണ്ട് നമ്പറും ബാങ്ക് ഇടപാട് ഐഡിയും നല്‍കി അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യിപ്പിച്ചത്. ഒരാളുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്യാന്‍ പോലീസ് തന്നെ മുന്‍കൈയെടുത്ത ആദ്യ കേസ് കൂടിയാണിത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

