
മയക്കുമരുന്ന് നിർമാണ കേന്ദ്രങ്ങൾ പൊലീസ് കണ്ടെത്തി റെയ്‌ഡ് നടത്തുന്നത് രാജ്യത്ത് സാധാരണമാണ്. എന്നാൽ ഇന്നലെ ഹൈദരാബാദിൽ നടന്ന ഒരു പൊലീസ് പരിശോധന രാജ്യത്താകമാനം വാർത്തയായി. കാരണം ഇത്തവണ പൊലീസ് റെയ്ഡ് നടന്നത് ഒരു സ്കൂളിലാണ്. ബോവൻപള്ളിയിലെ ഒരു സ്വകാര്യ സ്കൂളിനുള്ളിൽ പ്രവർത്തിക്കുന്ന അനധികൃത ആൽപ്രാസോലം നിർമ്മാണ യൂണിറ്റാണ് ഹൈദരാബാദിലെ എലൈറ്റ് ആക്ഷൻ ഗ്രൂപ്പ് ഫോർ ഡ്രഗ് ലോ എൻഫോഴ്‌സ്‌മെന്റ് (EAGLE) സംഘം ഇന്നലെ റെയ്ഡ് ചെയ്ത് പിടിച്ചത്.
സ്കൂളിനുള്ളിൽ പ്രവർത്തിച്ച ഈ അനധികൃത ഫാക്ടറിയിൽ നിന്നും ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന മയക്കുമരുന്ന്, 21 ലക്ഷം രൂപയുടെ നോട്ടുകെട്ടുകൾ, നിർമാണ ഉപകരണങ്ങൾ എന്നിവ പിടിച്ചെടുത്തു. മഹബൂബ് നഗർ സ്വദേശി മലേല ജയ പ്രകാശ് ഗൗഡ സംഭവത്തിൽ പിടിയിലായിട്ടുണ്ട്. ഇയാൾ തന്നെയാണ് സ്കൂൾ ഉടമ.
ALSO READ; ഭാര്യയെ ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച് ഭർത്താവ് തൂങ്ങിമരിച്ചു
ആൽപ്രാസോലം ഉത്പാദിപ്പിക്കുന്നതിനുള്ള ഫോർമുലയും പ്രക്രിയയും അറിയാവുന്ന ഗുരുവറെഡ്ഡി എന്ന വ്യക്തിയുമായി ചേർന്നാണ് ജയ പ്രകാശ് മയക്കുമരുന്ന് നിർമ്മിച്ചിരുന്നത്. റെയ്ഡിൽ, നിർമാണം പൂർത്തിയായ 3.5 കിലോഗ്രാം ആൽപ്രാസോലം, 4.3 കിലോഗ്രാം സെമി-പ്രോസസ്ഡ് ടാബ്‌ലെറ്റുകൾ, അസംസ്കൃത വസ്തുക്കൾ, നിർമ്മാണ ഉപകരണങ്ങൾ, 21 ലക്ഷം രൂപ എന്നിവ അധികൃതർ കണ്ടെടുത്തു.
നിരവധി കുട്ടികൾ പഠിക്കുന്ന സ്കൂളിൽ ഇത്തരമൊരു മയക്കുമരുന്ന് നിർമാണ യൂണിറ്റ് പ്രവർത്തിച്ച സംഭവം അതീവ ഗുരുതരമായാണ് അധികൃതർ കാണുന്നത്. മയക്കുമരുന്ന് ഉൽപാദനത്തിലും വിതരണത്തിലും ഉൾപ്പെട്ടിരിക്കാൻ സാധ്യതയുള്ള കൂടുതൽ ആളുകളെ കണ്ടെത്താൻ ഈഗിൾ ടീം അന്വേഷണം തുടരുകയാണ്. ഉത്തരവാദിത്തപ്പെട്ടവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

