
തിരുവനന്തപുരം പുത്തളത്ത് വീടിന് നേരെ ലഹരി മാഫിയ സംഘത്തിൻ്റെ അക്രമം. പ്രദേശത്തെ ഇടത് പ്രവർത്തകനായ അശ്വന്തിൻ്റെ വീടിന് നേരെയാണ് അക്രമം ഉണ്ടായത്. വീട്ടിൽ നിർത്തിയിട്ടിരുന്ന ബൈക്കുകളും ഓട്ടോറിക്ഷയും അക്രമി സംഘം തകർത്തു. മുൻ വൈരാഗ്യത്തെ തുടർന്നാണ് ലഹരി മാഫിയ ഗുണ്ടാ സംഘം വീടിന് നേരെ അക്രമം അഴിച്ചു വിട്ടത്. സംഭവത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സിപിഐഎം ആവശ്യപ്പെട്ടു.
പുലർച്ചെ 3 മണിയോടെയാണ് അക്രമി സംഘം കോവളം പുത്തളത്തെ അശ്വന്തിൻ്റെ വീടിന് നേരെ അക്രമം നടത്തിയത്. വീട്ടിലെത്തിയ നാലംഗസംഘം ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും, വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന ബൈക്കുകളും, ഓട്ടോയും തകർക്കുകയും ചെയ്തു. അശ്വന്തിൻ്റെ പിതാവ് രാജശേഖരൻ്റെ ഓട്ടോയാണ് അക്രമി സംഘം തകർത്തത്. ഭിന്നശേഷിക്കാരനാണ് അശ്വന്തിൻ്റെ പിതാവ് രാജശേഖൻ.
ALSO READ; രാഹുലിനെതിരായ പുതിയ പരാതി; ബലാത്സംഗം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു
ആക്രമണത്തിനൊപ്പം വാഹനത്തിലുണ്ടായിരുന്ന 35,000 രൂപയും സംഘം കവർന്നു. പ്രദേശത്തെ സ്ഥിരം ക്രിമിനൽ സംഘമായ രാഹുൽ രാജിൻ്റെ നേതൃത്വത്തിലാണ് അക്രമം നടത്തിയത്. ഇതിനു മുൻപും വീടിന് നേരെ അക്രമം ഉണ്ടായിരുന്നു. സംഭവത്തിൽ കുറ്റക്കാർക്കെതിരെ അടിയന്തര നടപടിയെടുക്കണമെന്ന് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി എസ് ഹരികുമാർ ആവശ്യപ്പെട്ടു. മുൻപ് ഇവിടെ നടന്ന വെട്ട് കേസിൽ രാഹുൽ രാജിന് എതിരെ നൽകിയ മൊഴിയിലുള്ള വൈരാഗ്യത്തെ തുടർന്നാണ് അക്രമം നടത്തിയത്. കൊല്ലുമെന്ന് അടക്കമുള്ള ഭീക്ഷണിയും അക്രമി സംഘം കുടുംബത്തിന് നേരെ ഉയർത്തി. സംഭവത്തിൽ കാഞ്ഞിരംകുളം പോലീസ് അന്വേഷണം ആരംഭിച്ചു

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

