
ഇലോൺ മസ്കാണെന്ന വ്യാജേന വിവാഹവാഗ്ദാനം നടത്തി പണം തട്ടി. മുംബൈ സ്വദേശിനിയിൽ നിന്നും ആണ് 16 ലക്ഷത്തിലേറെ രൂപ തട്ടിയെടുത്തത്. മുംബൈയിലെ ചെമ്പൂരിൽ താമസിക്കുന്ന 40 വയസുകാരി പറ്റിക്കപ്പെട്ടതും എക്സിലൂടെ തന്നെ. താൻ ഇലോൺ മസ്ക് ആണെന്നും കല്യാണം കഴിച്ചു യുഎസിലേക്കു കൊണ്ടുപോകാമെന്നും പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്.
വളരെ വൈകിയാണ് യുവതിയ്ക്ക് തട്ടിപ്പ് ആണെന്ന് മനസിലാകുന്നത്. ഇതിനിടെ വിസ കാര്യങ്ങൾ ശരിയാക്കാൻ ജയിംസ് എന്ന ഒരു വ്യക്തിയെ ഇയാൾ യുവതിക്കു പരിചയപ്പെടുത്തി കൊടുക്കുകയും ചെയ്തു. വിട ലഭിക്കാനുള്ള പ്രക്രിയകൾ എളുപ്പമാക്കാൻ ആണെന്ന് പറഞ്ഞ് ആമസോൺ ഗിഫ്റ്റ് കാർഡുകൾ വാങ്ങാനും അതിന്റെ കോഡുകൾ പങ്കുവയ്ക്കാനും ഈ ജെയിംസ് ആവശ്യപ്പെട്ടു. ഇത് പ്രകാരം യുവതി കോഡുകൾ പങ്കുവയ്ക്കുകയും ചെയ്തു.
കഴിഞ്ഞ ഒക്ടോബർ മുതൽ ഈ മാസം വരെ 16.34 ലക്ഷം രൂപ ആണ് യുവതി ഇത്തരത്തിൽ ഗിഫ്റ്റ് കാർഡുകൾക്കായി മുടക്കിയത്. ഇതിനു പിന്നാലെ വിമാനടിക്കറ്റ് ബുക്ക് ചെയ്യാൻ രണ്ടു ലക്ഷം രൂപ കൂടി ചോദിച്ചതോടെ ആണ് സംശയം ഉദിച്ചത്. പണം കൊടുക്കില്ലെന്ന് പറഞ്ഞതോടെ ‘നിന്നെ അമേരിക്കയിലേക്ക് കൊണ്ടുപോകില്ല’ എന്നും പറഞ്ഞ് ‘വ്യാജ മസ്‌ക്’ സംഭാഷണം പൂർണ്ണമായും നിർത്തി. ഇതോടെ യുവതി വിവരങ്ങൾ മാതാപിതാക്കളെ അറിയിക്കുകയും പിന്നീട് പോലീസിനെ അറിയിക്കുകയും ആയിരുന്നു.
ALSO READ: ശശി തരൂരിനെ അനുനയിപ്പിക്കാൻ ഹൈക്കമാൻഡ്; രാഹുൽ ഗാന്ധി തരൂരുമായി സംസാരിക്കും
ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 318 (ചീറ്റിംഗ്), 319 (വ്യക്തിത്വ വേഷപ്രച്ഛാദനം), 61 (ക്രിമിനൽ കോൺസ്പിറസി) എന്നിവയ്ക്കൊപ്പം ഐടി ആക്ടിലെ ബന്ധപ്പെട്ട വകുപ്പുകളും ചേർത്ത് ആണ് കേസെടുത്തിരിക്കുന്നത്.
ഇത്തരത്തിൽ സോഷ്യൽ മീഡിയ വഴി നിരവധി പേരാണ് ദിവസവും തട്ടിപ്പുകൾക്ക് ഉള്ളിൽ വീണു പോകുന്നത്. പണം മാത്രമല്ല, പലപ്പോഴും ജീവൻ പോലും അപകടത്തിലാക്കുന്ന വാർത്തകളും പുറത്തുവരുന്നുണ്ട്. എന്നാലും കെണിയിൽ വീഴുന്നവരുടെ എണ്ണത്തിൽ കുറവില്ല.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

