
പഞ്ചാബിലെ ലുധിയാനയിൽ മുൻ കബഡി കളിക്കാരൻ വെടിയേറ്റ് മരിച്ചു. മനുക്കെ ഗ്രാമത്തിൽ തിങ്കളാഴ്ചയാണ് ക്രൂരമായ കൊലപാതകം നടന്നത്. മുൻ കബഡി താരമായിരുന്ന ഗഗൻദീപ് സിംഗ് (36) എന്ന ഗഗ്‌നയാണ് കൊല്ലപ്പെട്ടത്. സുഹൃത്തായ ഏകത്തിനൊപ്പം ദാന മണ്ടിയിൽ നിൽക്കുമ്പോഴാണ് ബൈക്കിലെത്തിയ സായുധ സംഘം ഗഗൻദീപിന് നേരെ വെടിയുതിർത്തത്. കുറഞ്ഞത് മൂന്ന് വെടിയുണ്ടകളെങ്കിലും ഇദ്ദേഹത്തിന്റെ ശരീരത്തിൽ തറച്ചിരുന്നു. കൊലപാതകത്തിന് ശേഷം മൃതദേഹം സമീപത്തെ വയലിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
കൊലപാതകത്തിന് ശേഷം അക്രമികൾ ഗഗൻദീപിന്റെ വീടിന് മുന്നിലെത്തി, പുറത്തുനിന്നിരുന്ന കുടുംബാംഗങ്ങളോട് “നിങ്ങളുടെ മകനെ ഞങ്ങൾ കൊന്നു, പോയി അവന്റെ മൃതദേഹം എടുത്തോളൂ” എന്ന് ഭീഷണി മുഴക്കിയ ശേഷമാണ് കടന്നുകളഞ്ഞത്. അക്രമികൾക്ക് ഗഗൻദീപിന്റെ സുഹൃത്തായ ഏകവുമായി ശത്രുതയുണ്ടായിരുന്നുവെന്നും അവർക്കിടയിൽ മധ്യസ്ഥത വഹിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് മകൻ കൊല്ലപ്പെട്ടതെന്നും ഗഗൻദീപിന്റെ പിതാവ് പറഞ്ഞു.
ALSO READ: കോഴിക്കോട് വൻ ലഹരി വേട്ട; രണ്ട് കേസുകളിലായി യുവതിയടക്കം നാല് പേർ പിടിയിൽ
ഗ്രാമത്തിലെ വ്യക്തിപരമായ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും കബഡിയുമായി ഇതിന് ബന്ധമില്ലെന്നും ഡിഐജി സതീന്ദർ സിംഗ് അറിയിച്ചു. കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അഞ്ച് പേർക്കെതിരെ കേസെടുക്കുകയും ഇതിൽ ഒരാളെ ലുധിയാന റൂറൽ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. പഞ്ചാബിൽ കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ നടക്കുന്ന മൂന്നാമത്തെ കൊലപാതകമാണിത്, ഇത് സംസ്ഥാനത്തെ ക്രമസമാധാന നിലയെക്കുറിച്ച് വലിയ ആശങ്കകൾ ഉയർത്തുന്നു. സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന അക്രമ സംഭവങ്ങളിൽ പ്രതിപക്ഷ പാർട്ടികൾ സർക്കാരിനെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

