
തെരെഞ്ഞെടുപ്പിൽ മത്സരിക്കാൻ മകളെ കൊലപ്പെടുത്തിയ അച്ഛൻ അറസ്റ്റിൽ. നാന്ദേഡിലെ കെരൂർ നിവാസിയായ പാണ്ഡുരംഗ് കൊണ്ടമംഗലെയാണ് മകളെ കൊലപ്പെടുത്തിയത്. ഇയാൾക്ക് മൂന്ന് മക്കളുണ്ടായിരുന്നു. രണ്ടിൽ കൂടുതൽ കുട്ടികൾ ഉള്ളവർക്ക് മഹാരാഷ്ട്രയിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ യോഗ്യതയില്ല. അതുകൊണ്ട് ആണ് ഇയാൾ മൂന്നു കുട്ടികളിൽ ഒരാളെ കൊല്ലാൻ തീരുമാനിച്ചത്.
രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയുമാണ് ഇയാൾക്കുള്ളത്. ഇരട്ടകളായ പെൺമക്കളിൽ ഒരാളെ ആണ് ഇയാൾ ക്രൂരമായി കൊലപ്പെടുത്തിയത്. തെലങ്കാനയിൽ എത്തിച്ച് നിസാമാബാദിലെ കനാലിൽ മുക്കി കൊല്ലുകയുമായിരുന്നു. കൊലപാതകം ആസൂത്രണം ചെയ്യാൻ സഹായിച്ച ഗണേഷ് ഷിൻഡെ എന്നയാളെയും പോലീസ് പിടികൂടിയിട്ടുണ്ട്. നിലവിൽ പഞ്ചായത്ത് അംഗമാണ് അറസ്റ്റിലായ ഈ ഗണേഷ് ഷിൻഡെ.
ALSO READ: ഉമ തോമസ് എം എൽ എ ‘പരാജയം’; എഐസിസിക്ക് പരാതി നൽകി കോൺഗ്രസ് നേതാക്കൾ
പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടർന്നു പൊലീസ് നടത്തിയ അന്വേഷണമാണ് ക്രൂര കൊലപാതകത്തിന്റെ ചുരുളഴിയിച്ചത്. മരിച്ച പെൺകുട്ടിയുടെ ചിത്രം പൊലീസ് വാട്സാപ്പിലൂടെ പങ്കുവച്ചിരുന്നു. തുടർന്ന് മഹാരാഷ്ട്രയിലെ മുഖേദ് താലൂക്കിലെ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ച പെൺകുട്ടി പാണ്ഡുരംഗിന്റെ മകൾ പ്രാച്ചിയാണെന്ന് തിരിച്ചറിഞ്ഞു. ഇയാളെ ചോദ്യം ചെയ്തപ്പോൾ പരസ്പര വിരുദ്ധമായ മറുപടിയാണ് ഇയാളിൽ നിന്നും ലഭിച്ചത്. ഇയാളുടെ ഫോൺ പരിശോധിച്ച് ടവർ ലൊക്കേഷനുകൾ ട്രാക്ക് ചെയ്തപ്പോൾ തെലങ്കാനയിൽ പോയതായി തെളിഞ്ഞു. തുടർന്നുള്ള ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കുകയായിരുന്നു.
മഹാരാഷ്ട്രയിൽ ആറ് മാസത്തിനുള്ളിൽ നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ വേണ്ടി ആണ് ഇയാൾ ഈ ക്രൂരകൊലപാതകം നടത്തിയത്. കുട്ടികളില്ലാത്ത ദമ്പതികൾക്ക് മകളെ വളർത്താനായി നൽകാമെന്നാണ് പ്രതി ആദ്യം കരുതിയത്. എന്നാൽ ഇതു വിജയിക്കാതെ വന്നതോടെയാണ് കൊലപാതകത്തിന് പദ്ധതിയിട്ടത് എന്നും നിസാമാബാദ് പൊലീസ് കമ്മിഷണർ പി. സായ് ചൈതന്യ മാധ്യമങ്ങളോടു പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


