
അമേരിക്കയിലെ ഒരു പ്രമുഖ കമ്പനിയിൽ ‘പ്രേത ജീവനക്കാരൻ’ തട്ടിപ്പ് നടത്തിയ ഇന്ത്യൻ വംശജൻ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. ഓപ്റ്റം എന്ന കമ്പനിയിലാണ് ഡാറ്റ അനലിറ്റിക്‌സ് വിഭാഗം സീനിയർ ഡയറക്ടറായിരുന്ന കരൺ ഗുപ്ത പത്ത് കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയത്. തന്റെ സുഹൃത്തിനെ ‘പ്രേത ജീവനക്കാരനായി’ നിയമിച്ച് 1.2 മില്യൺ ഡോളർ തട്ടിപ്പ് നടത്തുകയായിരുന്നു.
2015-ലാണ് തട്ടിപ്പിന് തുടക്കം കുറിക്കുന്നത്. കരൺ ഗുപ്തയുടെ സുഹൃത്തിനായി വ്യാജ റെസ്യൂമെ തയ്യാറാക്കുകയും അത് ഉപയോഗിച്ച് സ്വന്തം കമ്പനിയിൽ തന്നെ ജോലി വാങ്ങി നൽകുകയും ചെയ്തു. ശേഷം ഈ സുഹൃത്തിന്റെ സൂപ്പർവൈസറായി ഗുപ്ത തന്നെ ചുമതലയേറ്റു. തുടർന്ന് ഏകദേശം നാല് വർഷത്തോളം ആ സുഹൃത്ത് കമ്പനിക്ക് വേണ്ടി ഒരു ജോലിയും ചെയ്തില്ലെന്നും ഓഫീസിലെ മറ്റ് ജീവനക്കാർ ആരും തന്നെ ഇയാളെ കണ്ടിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തുകയായിരുന്നു.
ജോലി ചെയ്യാതെ തന്നെ ഓരോ വർഷവും ശമ്പള വർദ്ധനവും ബോണസും സഹിതം ഒരു ലക്ഷം ഡോളറിലധികം ശമ്പളം ഇയാൾ കൈപ്പറ്റിയിരുന്നു. ലഭിക്കുന്ന ശമ്പളത്തിന്റെ പകുതിയിലധികം തുക സുഹൃത്ത് ഗുപ്തയ്ക്ക് തിരികെ നൽകുകയും ചെയ്തിരുന്നു. 2019-ൽ മറ്റൊരു തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഗുപ്തയെ കമ്പനി പിരിച്ചുവിട്ടതോടെയാണ് ക്രമക്കേട് നടന്നതായി ആളുകൾ അറിയുന്നത്. തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് കമ്പനിയെ വഞ്ചിച്ചതിനും പണം വെളുപ്പിക്കാൻ ഗൂഢാലോചന നടത്തിയതിനുമാണ് ഗുപ്ത ഇപ്പോൾ കുറ്റക്കാരനാണെന്ന് വിധിക്കപ്പെട്ടിരിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


