ഫോണിലേക്ക് വന്ന മിസ്ഡ്കോളില്‍ തുടങ്ങിയ പ്രണയം കലാശിച്ചത് കൊലപാതകത്തില്‍: യുവതിയുടെ തിരോധാനത്തിൻ്റെ ചുരുളഴിച്ച് പൊലീസ്

ഉത്തര്‍പ്രദേശുകാരിയായ യുവതിയുടെ തിരോധാനത്തിൻ്റെ ചുരുള‍ഴിച്ച് യു പി പൊലീസ്. 2023 ഓഗസ്റ്റ് ആറിനാണ് 30 കാരിയെ വീട്ടില്‍ നിന്നും കാണാതാകുന്നത്. കടയിലേക്ക് പോയ യുവതിയെ പിന്നീട് കാണാതാകുകയായിരുന്നു. ഭര്‍ത്താവാണ് യുവതിയെ കാണാനില്ലെന്ന് കാട്ടി പൊലീസില്‍ പരാതി നല്‍കിയത്. പിന്നാലെ തട്ടിക്കൊണ്ടുപോകല്‍ കേസ് ചുമത്തി ഒരാളെ അറസ്റ്റ് ചെയ്തെങ്കിലും തെളിവുകളുടെ അടിസ്ഥാനത്തില്‍ പിന്നീട് അയാളെ വിട്ടയച്ചു. പിന്നീട് മാറിയെത്തിയ അന്വേഷണ സംഘങ്ങള്‍ക്കും തുമ്പുകളൊന്നും തന്നെ കണ്ടെത്താനായില്ല.

പിന്നീട് യുവതിയുടെ മൊബൈല്‍ രേഖകള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് കേസിൻ്റെ ചുരുള‍ഴിയുന്നത്. യുവതിയുടെ ഫോണിലേക്ക് വന്ന മിസ്ഡ് കോളില്‍ നിന്നാണ് അന്വേഷണം മുന്നോട്ട് പോകുന്നത്. ഒരു ദിവസം യുവതിയുടെ ഫോണിലേക്ക് ജഹേദിപൂർ സ്വദേശിയായ മസീദുൾ (25) എന്ന യുവാവ് മിസ്ഡ്കോള്‍ ചെയ്യുകയും അതിന് പിന്നാലെ ഇവരും തമ്മില്‍ പരിചയത്തിലാവുകയും ചെയ്തു. ഇത് പിന്നീട് പ്രണയത്തിലേക്ക് വ‍ഴിമാറുകയുമായിരുന്നു. ഇതിനിടെ യുവതി മസീദുളിനെ അന്വേഷിച്ച് വീടുവിട്ടിറങ്ങി.

ALSO READ: ന‍ഴ്സിങ് ജോലി ഉപേക്ഷിക്കാത്തതിനെ ചൊല്ലി തര്‍ക്കം: ഭാര്യയെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി

പിന്നീട് യുവതി ജഹേദിപൂരിലേക്ക് പോയതായും പിന്നീട് അവിടുന്ന് മസീദുളിന് ഡല്‍ഹിയില്‍ വീടുണ്ടെന്ന് പറഞ്ഞ് യുവതിയെയും കൂട്ടി ഡല്‍ഹിയിലേക്ക് പോയി. അവിടെ അഞ്ച് പേര്‍ക്കൊപ്പമാണ് മസീദുൾ താമസിക്കുന്നതെന്ന് മനസ്സിലാക്കിയ യുവതി, തിരിച്ച് ജഹേദിപൂരിലേക്ക് എത്തുകയായിരുന്നു. അവിടെ വച്ച് യുവതിയും മസീദുളും വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു.

ഇതിനിടെ ലൈംഗികാതിക്രമത്തിനും തട്ടിക്കൊണ്ടുപോകലിനും പരാതി നൽകുമെന്ന് യുവതി ഭീഷണിപ്പെടുത്തിയതിന് പിന്നാലെ മസീദുളും സഹോദരനും പിതാവും ചേർന്ന് യുവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി മൃതദേഹം വീടിനടുത്തുള്ള ഒരു കിണറ്റിൽ തള്ളി. പിന്നാലെ മസൂദുളിൻ്റെ സഹോദരൻ സമീദുൾ (21), പിതാവ് മുഹമ്മദ് അയൂബ് (57) എന്നിവർ കേസിൽ അറസ്റ്റിലാവുകയായിരുന്നു.

അറസ്റ്റിലായവര്‍ നല്‍കിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കിണർ പരിശോധിച്ച പൊലീസ്, മൃതദേഹാവശിഷ്ടങ്ങൾ, വസ്ത്രങ്ങൾ, ചെരിപ്പുകൾ എന്നിവ കണ്ടെടുത്തു. ഇത് യുവതിയുടെ കുടുംബം തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രധാന പ്രതി മസീദുളിനായി ​അന്വേഷണം പുരോഗമിക്കുകയാണെന്ന് അന്വേഷണ സംഘം അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News