
കോഴിക്കോട് കൊയിലാണ്ടിയിൽ മോഷണശ്രമത്തിനിടെ അന്യസംസ്ഥാന തൊഴിലാളി കിണറ്റിൽ വീണു.
ആസാം സ്വദേശിയായ അഗസ്റ്റിൽ ബിർള്ളയാണ് 24 അടി താഴ്ചയുള്ള കിണറ്റിൽ അകപ്പെട്ടത്. നന്തിബസാറിലെ നിസാർ മൻസിൽ കുഞ്ഞബ്ദുള്ളയുടെ വീട്ടിലെ കിണറിലാണ് യുവാവ് വീണത്. അഗ്നിശമന സേനയും പോലീസും നാട്ടുകാരും ചേർന്നാണ് ഇയാളെ പുറത്തെത്തിച്ചത്.
വെള്ളിയാഴ്ച പുലർച്ചെയോടെയാണ് നന്തിബസാറിലെ കുഞ്ഞബ്ദുള്ളയുടെ വീട്ടിൽ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. വീട്ടമ്മ കിണറ്റിൽ നിന്ന് വെള്ളം കോരുന്നതിനിടെയാണ് കിണറിനുള്ളിൽ ഒരാൾ നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ആദ്യം വെള്ളത്തിൽ ഒരു തേങ്ങ കിടക്കുകയാണെന്നാണ് കരുതിയതെങ്കിലും ബക്കറ്റ് താഴേക്ക് ഇറക്കുന്നതിനിടെ കണറ്റിൽ അകപ്പെട്ടയാൾ കയറ് പിടിച്ച് വലിച്ചതോടെയാണ് സംഭവം വ്യക്തമായത്. വീട്ടമ്മയുടെ നിലവിളി കേട്ട് ഓടിയെത്തിയ വീട്ടുകാരും നാട്ടുകാരും ഉടൻ തന്നെ പൊലീസിലും ഫയർഫോഴ്സിലും വിവരമറിയിക്കുകയായിരുന്നു.
കിണറിന്റെ ഗ്രിൽ നീക്കി കുളിമുറി വഴി വീടിനുള്ളിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ കാല് തെറ്റി കിണറ്റിൽ വീണതാണെന്നാണ് സംശയിക്കുന്നത്. വീഴ്ചയിൽ ഇയാൾക്ക് പരുക്കേറ്റിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

