
എറണാകുളം കൂത്താട്ടുകുളത്ത് സുഹൃത്തുക്കളിൽ നിന്നും വാഹനങ്ങൾ കൈക്കലാക്കി പണയം വെച്ചയാൾ കുടുംബ സമേതം മുങ്ങിയതായി പരാതി. തിരുമാറാടി പഞ്ചായത്തിലെ ഒലിയപ്പുറത്ത് താമസിക്കുന്ന കോട്ടയം കിടങ്ങൂർ സ്വദേശി സജൻ സാബുവിനെതിരെയാണ് പരാതി. ഇയാൾക്കെതിരെ സമാന രീതിയിലുള്ള ആറ് പരാതികളാണ് കൂത്താട്ടുകുളം പൊലീസ് സ്റ്റേഷനിൽ ലഭിച്ചത്.
സുഹൃത്തുക്കളും സഹപാഠികളുമായ നിരവധി പേരിൽ നിന്നും വിവിധ ആവശ്യങ്ങൾ പറഞ്ഞ് അവരുടെ വാഹനങ്ങൾ സജൻ സാബു ഉപയോഗിക്കാനായി വാങ്ങിയിരുന്നു. വാഹനങ്ങൾ തിരികെ ലഭിക്കാതെ വന്നതോടെയാണ് ഉടമകൾ പൊലീസിൽ പരാതി നൽകിയത്.
ALSO READ; രാഹുലിനെതിരെ വൻ പ്രതിഷേധം; വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിലെത്തിച്ചു
തട്ടിയെടുത്ത വാഹനങ്ങൾ സ്വകാര്യ ഫിനാൻസ് കമ്പനികളിൽ പണയം വെച്ചും ഇയാൾ പണം വാങ്ങി. സുഹൃത്തുക്കളുടെ വാഹനങ്ങൾ കൊണ്ടുപോകാൻ സജനും ഭാര്യയും ഒരുമിച്ചാണ് എത്തിയിരുന്നത്. സൗഹൃദ സംഭാഷണത്തിനു ശേഷം വാഹനങ്ങൾ കൊണ്ടുപോയതിനാൽ സുഹൃത്തുക്കൾ സംശയിച്ചിരുന്നില്ല. തട്ടിയെടുത്ത വാഹനത്തിൽ ഒരെണ്ണം സജൻ കുറവിലങ്ങാട് സ്വദേശിക്ക് മറിച്ചു വിറ്റു. പിന്നീട് കേടു വന്ന ഈ വാഹനം സജന് പരിചയമുള്ള ഒരു വർഷോപ്പിൽ ഏൽപ്പിക്കുകയും അവിടെ നിന്നും തട്ടിയെടുക്കുകയും ചെയ്തു.
പരാതിക്കാരുടെ നേതൃത്വത്തിൽ ഒരു വാട്സ്ആപ്പ് കൂട്ടായ്മയും ആരംഭിച്ചിട്ടുണ്ട്. ഇതിൽ നിന്നും ലഭിച്ച വിവരം അനുസരിച്ച് 35 ൽ അധികം വാഹനങ്ങൾ സജൻ തട്ടിയതായാണ് സൂചന. കിടങ്ങൂർ സ്വദേശിയായ ഇയാൾ വർഷങ്ങളായി ഒലിയപ്പുറത്തുള്ള ഭാര്യ വീട്ടിലാണ് താമസം. സജൻ, ഭാര്യ അഞ്ജന, കുട്ടികൾ എന്നിവരെ കാണ്മാനില്ലെന്ന് കാണിച്ച് ഭാര്യയുടെ മാതാപിതാക്കളും കൂത്താട്ടുകുളം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
മാതാപിതാക്കളുടെയും വാഹന ഉടമകളുടെയും പരാതികളിൽ അന്വേഷണം നടന്നുവരികയാണ്. പൊലീസിന്റെ അന്വേഷണത്തിൽ മൂന്ന് വാഹനങ്ങൾ മറ്റ് സ്റ്റേഷൻ പരിധികളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. സൈബർ സെല്ലിന്റെ സഹായത്തോടെ മറ്റു സംസ്ഥാനങ്ങളിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

