മന്ത്രവാദവും കൊടുംക്രൂരതയും: കോട്ടയം സംഭവം ഒറ്റപ്പെട്ടതല്ല; നാടിനെ ഞെട്ടിച്ച ദുര്‍മന്ത്രവാദ കേസുകള്‍

superstition crimes

ശിഖ ചന്ദ്രന്‍

ശാസ്ത്രീയ അവബോധത്തിലും പുരോഗമന ചിന്തയിലും ഏറെ മുന്നോട്ട് പോയവരാണ് നാം. എന്നാല്‍ യുക്തിക്ക് നിരക്കാത്ത വിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും പിടിയില്‍ അകപ്പെട്ട് ജീവിക്കുന്ന മനുഷ്യര്‍ നമുക്ക് ചുറ്റും ഇപ്പോഴും ഉണ്ടെന്നാണ് ആഭിചാരക്രിയക്കായി യുവതിയെ ഉപദ്രവിച്ച കോട്ടയത്ത് നിന്നുള്ള കേസും ചൂണ്ടിക്കാണിക്കുന്നത്. മനുഷ്യന്റെ ഭയത്തെയും അരക്ഷിതാവസ്ഥയെയും ചൂഷണം ചെയ്യുന്ന അന്ധവിശ്വാസങ്ങള്‍ പുതിയ രൂപത്തിലും ഭാവത്തിലും നമ്മുടെ നാടിനെ വേട്ടയാടുന്നുണ്ട്. ഒരു വശത്ത് മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും എല്ലാമായി ശാസ്ത്രം വളര്‍ച്ച കൈവരിക്കുമ്പോള്‍ മറുവശത്ത് ദുര്‍മന്ത്രവാദത്തിന്റെയും ആള്‍ദൈവത്തിന്റെയും കെണിയില്‍ വീഴുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. 21ാം നൂറ്റാണ്ടില്‍ എഐയുടെ കാലത്താണ് പരമ്പരാഗത രീതിയിലും ന്യൂജനറേഷന്‍ രീതിയിലും മന്ത്രവാദത്തിന്റെ പേരില്‍ കൊലപാതകങ്ങളും കൊടിയ ഉപദ്രവങ്ങളും അരങ്ങേറുന്നത്.

കേരളത്തെ നടുക്കിയ അതിക്രൂരമായ ദുര്‍മന്ത്രവാദ കേസായിരുന്നു 2022ല്‍ പത്തനംതിട്ട ഇലന്തൂര്‍ ഗ്രാമത്തില്‍ നടന്നത്. സാമ്പത്തിക അഭിവൃദ്ധിക്കായി നരബലി എന്ന പേരില്‍ പ്രതികള്‍ രണ്ട് സ്ത്രീകളെ കഴുത്തറുത്ത് കൊന്ന് കഷ്ണങ്ങളാക്കി വീടിനോട് ചേര്‍ന്നുള്ള പുരയിടത്തില്‍ കുഴിച്ചിടുകയായിരുന്നു.ലോട്ടറി ടിക്കറ്റ് വില്‍പ്പനക്കാരായ റോസ്ലിന്‍, പത്മ എന്നിവരായിരുന്നു ഈ ദുര്‍മന്ത്രവാദത്തിന് ഇരകളായത്. തിരുവല്ല എലന്തൂര്‍ സ്വദേശി ഭഗവല്‍ സിംഗിനും ഭാര്യ ലൈലയ്ക്കും ദുര്‍മന്ത്രവാദത്തിന്റെ ഭാഗമായി കൊലചെയ്യാന്‍ സ്ത്രീകളെ എറണാകുളത്ത് നിന്ന് തിരുവല്ലയില്‍ എത്തിച്ചത് പെരുമ്പാവൂര്‍ സ്വദേശിയായ ഷിഹാബ് എന്ന റഷീദ് ആയിരുന്നു.ഇയാളെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെയാണ് ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ നടന്ന ഇരട്ടക്കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

അടുത്തിടെ കേരളം ഏറെ ചര്‍ച്ച ചെയ്ത ചെന്താമരയുടെ കൊലപാതകങ്ങള്‍ക്ക് പിന്നിലും ദുര്‍മന്ത്രവാദത്തിന്റെയും അന്ധവിശ്വസത്തിന്റെയും സ്വാധീനം വ്യക്തമായിരുന്നു. ഭാര്യയും മകളും വിട്ടുപോകാന്‍ കാരണം അയല്‍വാസിയായ സജിതയാണെന്ന മന്ത്രവാദിയുടെ വാക്കിന്റെ പുറത്തായിരുന്നു ചെന്താമര അരും കൊലകള്‍ നടത്തിയത്.

Also read – യുവതിയെ കൊണ്ട് ബലമായി മദ്യം കുടിപ്പിച്ചു, ബീഡി വലിപ്പിച്ചു; ദുരാത്മാവ് കുടിയേറിയെന്നാരോപിച്ച് ആഭിചാരക്രിയ; കോട്ടയത്ത് ഭർത്താവും ഭർതൃ പിതാവും അടക്കം മൂന്നുപേർ അറസ്റ്റിൽ

ബാലരാമപുരത്ത് രണ്ടു വയസുകാരിയെ അമ്മയുടെ സഹോദരന്‍ കിണറ്റില്‍ എറിഞ്ഞു കൊലപ്പെടുത്തിയതും ഇതേ പാറ്റേണില്‍ നമുക്കിടയില്‍ നടന്ന കൃത്യമാണ്. നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും തീകൊളുത്തി ആത്മഹത്യ ചെയ്തതാണ് മറ്റൊരു കേസ്.വീടിന്റെ ജപ്തി മന്ത്രവാദത്തിലൂടെ പരിഹരിക്കാമെന്ന ധാരണയാണ് ലേഖയുടെയും മകളുടെയും ആത്മഹത്യയില്‍ കലാശിച്ചത്. വെമ്പായത്ത് തളര്‍ന്നു വീണ കുട്ടിയെ ഹോസ്പിറ്റലില്‍ കൊണ്ടുപോകാതെ ബാധ കൂടിയതാണെന്ന വിശ്വാസത്തില്‍ നൂല്‍ ജപിച്ച് കെട്ടുകയും ഒടുവില്‍ വായില്‍ നിന്ന് പത വന്നപ്പോള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയതും തുടര്‍ന്ന് കുഞ്ഞ് മരിച്ച വാര്‍ത്തയും നാം കണ്ടതാണ്. 2014ല്‍ പത്തനംതിട്ടയിലെ ഓമല്ലൂരില്‍ ആതിര എന്ന പെണ്‍കുട്ടി മന്ത്രവാദത്തിനിടെ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളായത് മാതാപിതാക്കളും ബന്ധുക്കളുമാണ്. ന്യൂജനറേഷന്‍ ദുര്‍മന്ത്രവാദത്തിന്റെ ഭാഗമായി സാത്താന്‍ സേവയും ആസ്ട്രല്‍ പ്രൊജക്ഷന്‍ ഉള്‍പ്പെടുന്ന കൊലപാതകങ്ങളും ഉണ്ടാവുന്നുണ്ട്. കവടിയാറില്‍ നടന്ന കേദലിന്റെ കൊലപാതകം അതിന് ഉദാഹരണമായിരുന്നു.

മന്ത്രവാദ ബന്ധമുള്ള കൊലപാതകങ്ങള്‍ക്ക് പുറമേ മന്ത്രവാദത്തിന്റെ പേരില്‍ നടക്കുന്ന ചൂഷണങ്ങളും നിരവധിയാണെന്നാണ് കോട്ടയത്ത് നിന്നും വന്ന വാര്‍ത്തയും വ്യക്തമാക്കുന്നത്.ലൈംഗിക ചൂഷണവും സാമ്പത്തിക ചൂഷണവും എല്ലാം മന്ത്രവാദത്തിന്റെ ഭാഗമായി നടക്കുന്നു.നിധി നേടാന്‍,ചികിത്സയുടെ പേരില്‍, പ്രതികാരം വീട്ടാന്‍, കഷ്ടക്കാലം മാറാന്‍ അങ്ങനെ പല പല കാരണങ്ങളാലാണ് പലരും മന്ത്രവാദത്തിന്റെ കെണിയില്‍ അകപ്പെടുന്നത്.

വിദ്യഭ്യാസം എന്നത് വെറും ബിരുദങ്ങള്‍ നേടലല്ല, മറിച്ച് ചോദ്യം ചെയ്യാനുള്ള കഴിവും ശാസ്ത്രീയ മനോഭാവവും വളര്‍ത്തലാണ്. ഭയം ഇല്ലാതാകുമ്പോഴാണ് ചൂഷണത്തിനുള്ള സാധ്യത അടയുന്നത്. വരും തലമുറക്ക് അന്ധവിശ്വാസത്തെയും വിശ്വാസത്തെയും തിരിച്ചറിയാനുള്ള ഉള്‍ക്കാഴ്ച്ച നല്‍കുക എന്നത് പ്രധാനമാണ്. സാധാരണ മനുഷ്യന്റെ വ്യഗ്രതയെ ചൂഷണം ചെയ്യാന്‍ കഴുകന്‍ കണ്ണുകള്‍ നമുക്ക് ചുറ്റും ഒളിഞ്ഞിരിപ്പുണ്ട്. ഇവര്‍ സാമാന്യ യുക്തിയുമായി ബന്ധമില്ലാത്ത ഇത്തരം കര്‍മ്മങ്ങളിലേക്ക് ഇരകളെ തേടികൊണ്ടേയിരിക്കും. ഈ അനാചാരങ്ങളുടെ ചങ്ങലക്കെട്ടുകള്‍ തകര്‍ത്ത് പുരോഗമന ചിന്തയുടെയും മാനവികതയുടെയും ശക്തമായ അടിത്തറയില്‍ തന്നെ നമ്മുടെ സമൂഹം മുന്നോട്ട് പോകണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News