
ഭാര്യയുടെ വെട്ടിനുറുക്കിയ ശരീരഭാഗങ്ങൾ ഉപേക്ഷിക്കാൻ ശ്രമിച്ച ഭർത്താവ് പിടിയിൽ. വികാരാബാദ് ജില്ലയിലെ കാമറെഡ്ഡിഗുഡ സ്വദേശിനിയായ സ്വാതിയാണ് കൊല്ലപ്പെട്ടത്. ഇവർ അഞ്ച് മാസം ഗർഭിണിയായിരുന്നു. സംഭവത്തിൽ ഭർത്താവ് സമാല മഹേന്ദർ റെഡ്ഡിയെ (27) പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ ചോദ്യം ചെയ്തുവരികയാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പിടിക്കപ്പെടുമ്പോൾ തന്നെ അയാൾ തലയും കൈകളും കാലുകളും മൂസി നദിയിൽ വലിച്ചെറിഞ്ഞിരുന്നു.
ഹൈദരാബാദിലെ മെഡിപ്പള്ളിയുടെ പ്രാന്തപ്രദേശമായ ബാലാജി ഹിൽസിലാണ് കൊലപാതകം നടന്നത്. സ്വാതിയും മഹേന്ദറും പ്രണയിച്ച് വിവാഹം ചെയ്തവരാണ്. വിവാഹശേഷം ഇവർ ഹൈദരാബാദിലെ മേഡിപ്പള്ളിക്ക് സമീപമുള്ള ബാലാജി ഹിൽസിലേക്ക് താമസം മാറി. ഗർഭിണിയായ യുവതിയെ കൊലപ്പെടുത്തി മൃതദേഹത്തിന്റെ ഭാഗങ്ങൾ പ്ലാസ്റ്റിക് കവറിലാക്കി പുറത്തേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് പ്രതി പിടിയിലായത്.
ശനിയാഴ്ച വൈകുന്നേരം 4.30 ഓടെ ഒരു റൈഡ് ഹെയ്‌ലിംഗ് കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്യുന്ന മഹേന്ദർ സ്വാതിയെ കൊലപ്പെടുത്തിയെന്നും പിന്നീട് മൃതദേഹം കഷ്ണങ്ങളാക്കി ചില ഭാഗങ്ങൾ നശിപ്പിച്ചുവെന്നും പോലീസ് പറഞ്ഞു. ശബ്ദം കേട്ട് സംശയം തോന്നിയ അയൽക്കാരാണ് കൊലപാതകം സംബന്ധിച്ച വിവരം ആദ്യം അറിഞ്ഞത്. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. സ്വാതിയുടെ തല, കൈകൾ, കാലുകൾ എന്നിവ പ്രതി നദിയിൽ ഉപേക്ഷിച്ചതായി പോലീസ് പറഞ്ഞു. ശരീരത്തിന്റെ ഉടൽഭാഗം വീട്ടിൽ ഒളിപ്പിച്ച നിലയിലായിരുന്നു. യുവതിയുടെ ഉടൽ മാത്രമാണ് കണ്ടെത്തിയതെന്നും മരിച്ചയാളെ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന നടത്തുമെന്നും പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തി, കോടാലി ഉപയോഗിച്ച് ശരീരം വെട്ടിനുറുക്കി പ്രതാപസിംഗാരത്തെ മുസി നദിയിൽ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. ഇരുവരും തമ്മിൽ തർക്കങ്ങൾ പതിവായിരുന്നുവെന്നാണ് വിവരം. ഇതാവാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. താനും മരുമകനും തമ്മിൽ ചില അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നുവെന്നും അതിനുശേഷം അവർ പരസ്പരം സംസാരിക്കുന്നത് നിർത്തിയെന്നും യുവതിയുടെ പിതാവ് പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

