
ആന്ധ്രപ്രദേശിലെ രാജമുണ്ട്രിയിൽ മായം ചേർത്ത പാൽ ഉപയോഗിച്ചതിനെ തുടർന്ന് 15 പേർ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സംഭവത്തിൽ ഏഴ് പേരുടെ നില ഗുരുതരമാണെന്ന് മെഡിക്കൽ റിപ്പോർട്ട്. ചികിത്സയിൽ കഴിയുന്നവരിൽ അഞ്ച് മാസം പ്രായമുള്ള ഒരു കുട്ടിയും ഉൾപ്പെട്ടിട്ടുണ്ട്.
പാൽ കുടിച്ചതിന് പിന്നാലെ 48 മണിക്കൂറിനുള്ളിൽ നാല് പേർ മരണപ്പെട്ടിരുന്നു. പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് സംസ്ഥാന ഹെൽത്ത് ആൻഡ് ഫാമിലി ഡിപ്പാർട്ട്മെന്റ് കമ്മീഷണർ വീരപാണ്ഡ്യൻ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഫെബ്രുവരി 16-ന് വീടുകളിൽ വിതരണം ചെയ്ത പാൽ ഉപയോഗിച്ചവർക്കാണ് അസുഖലക്ഷണങ്ങൾ പ്രകടമായത്. ചിലർക്ക് 24 മണിക്കൂറിന് ശേഷമാണ് അസ്വസ്ഥതകൾ ആരംഭിച്ചത്. വിഷം കലർന്ന പാൽ ഉപയോഗിച്ചതിനെ തുടർന്ന് ചിലരുടെ വൃക്ക തകരാറിലായതായും ആരോഗ്യ പ്രവർത്തകർ അറിയിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ച രണ്ട് പേരുടെ രക്തത്തിൽ ക്രിയാറ്റിനിൻ അളവ് ഉയർന്ന നിലയിൽ കണ്ടെത്തിയതായും റിപ്പോർട്ടുണ്ട്.
Also read : വിവാഹവേദിയിൽ വധുവിന് നേരെ വെടിയുതിർത്ത് അയൽവാസി; ബിഹാറിൽ നടന്നത് ഞെട്ടിക്കുന്ന സംഭവങ്ങൾ
സംഭവത്തെ തുടർന്ന് ഒരേ വിതരണക്കാരനിൽ നിന്ന് പാൽ വാങ്ങിയ 110 കുടുംബങ്ങളിലെ 315 പേരുടെ രക്തസാമ്പിളുകൾ ശേഖരിച്ച് ലബോറട്ടറിയിലേക്ക് പരിശോധനയ്ക്കായി അയച്ചു. ഇതുവരെ നടത്തിയ പരിശോധനയിൽ പാലിൽ യൂറിയയുടെ അംശം കണ്ടെത്തിയിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. യൂറിയയുടെ സാന്നിധ്യമാണ് സാധാരണയായി വൃക്കരോഗങ്ങൾക്ക് കാരണമാകുന്നതെന്നും അധികൃതർ അറിയിച്ചു.
മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് പത്ത് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്ന് ആന്ധ്രപ്രദേശ് സർക്കാർ പ്രഖ്യാപിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

