
പാൽവഞ്ച: ആന്ധ്രാപ്രദേശില്‍ 17കാരിയായ ആദിവാസി പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ആന്ധ്രാ പ്രദേശ് –ഛത്തീസ്ഗഡ് അതിർത്തിക്കടുത്തുള്ള വനപ്രദേശത്ത് വെച്ചാണ് ബലാത്സംഗത്തിനിരയാക്കിയത്. മയക്കുമരുന്ന് കലർത്തിയ കൂള്‍ഡ്രിംഗസ് കുടിപ്പിച്ചതിന് പിന്നാലെയാണിത്. രണ്ട് പേർ ചേർന്നാണ് ബലാത്സംഗം ചെയ്തതെന്ന് പെണ്‍കുട്ടി മൊഴി നല്‍കി. പീഡനത്തിന് ശേഷം ക്ഷേത്രത്തിനരികെ ഉപേക്ഷിച്ചുവെന്നാണ് ആരോപണം.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് (ആഗസ്റ്റ് 22) കേസിനാസ്പദമായ സംഭവം. ആൻ്റിയുടെ വീട്ടിലേക്ക് പോകുന്ന വഴിയാണ് പെണ്‍കുട്ടി അതിക്രമം നേരിട്ടത്. യാത്ര ചെയ്യാനിരുന്ന ബസ് നേരത്തെ പോയി. ആ സമയത്ത് പെണ്‍കുട്ടി ഓട്ടോ വിളിക്കുകയായിരുന്നു. ഡ്രൈവർ ഉൾപ്പെടെ രണ്ട് പേരാണ് ഓട്ടോയില്‍ ഉണ്ടായിരുന്നത്. യാത്ര ചെയ്യവേ പെണ്‍കുട്ടിയെ വനമേഖലയിലേക്ക് പ്രതികള്‍ കൊണ്ടുപോകുകയായിരുന്നു. അവിടെ വെച്ച് പ്രതികള്‍ പെണ്‍കുട്ടിയെ മയക്കുമരുന്ന് കലർത്തിയ ഡ്രിംഗ്സ് കുടിക്കാൻ നിർബന്ധിക്കുകയും കുടിച്ചതിനുശേഷം പെണ്‍കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. പിന്നീട് രാത്രിയിൽ ക്ഷേത്രത്തിൽ ഉപേക്ഷിച്ചെന്നാണ് പരാതി.
അടുത്ത ദിവസം രാവിലെ ക്ഷേത്രത്തിനടുത്ത് ബോധരഹിതയായി കിടക്കുന്ന പെൺകുട്ടിയെ കണ്ട നാട്ടുകാർ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. പെണ്‍കുട്ടിയുടെ ശരീരത്തിലെ പരിക്കുകള്‍ കണ്ട ഡോക്ടർമാർ ഉടൻ തന്നെ ചൈൽഡ്‌ലൈനില്‍ വിവരം അറിയിച്ചു. തുടർന്ന് പെൺകുട്ടിയെ വിദഗ്ധ ചികിത്സക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. പെണ്‍കുട്ടിയുടെ മൊഴി പ്രകാരം പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

