
കരിങ്കല്‍ ക്വാറിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവത്തിൽ അമ്മക്കെതിരെ ചെറുതുരുത്തി പൊലീസ് കേസെടുത്തു. ചേലക്കര ആറ്റൂര്‍ ഭഗവതിക്കുന്ന് സ്വദേശി അനില്‍കുമാറിന്റെ ഭാര്യ സ്വപ്നക്ക് (37) എതിരെയാണ് കേസ്. പരിശോധനയില്‍ വാണിയംകുളത്തെ കരിങ്കല്‍ ക്വാറിയില്‍ നിന്നും കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയിരുന്നു. രണ്ട് കുട്ടികളുടെ അമ്മയായ സ്വപ്ന മൂന്നാമതും ഗര്‍ഭിണിയായ വിവരം ഭര്‍ത്താവില്‍ നിന്നും കുടുംബത്തില്‍ നിന്നും മറച്ചുവെച്ചിരുന്നു. ഗുളിക കഴിച്ച് ഗര്‍ഭച്ഛിദ്രം നടത്താന്‍ ശ്രമിക്കുകയും ചെയ്തിരുന്നു.
എന്നാല്‍, രണ്ടാഴ്ച മുന്‍പ് സ്വപ്ന വീട്ടിലെ ശുചിമുറിയില്‍ വച്ച് പ്രസവിക്കുകയായിരുന്നു. തുടർന്ന് കുഞ്ഞിനെ ബാഗിലാക്കി വെച്ചു. തുടര്‍ന്ന് വാണിയംകുളത്തെ കരിങ്കല്‍ ക്വാറിയില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നും എഫ് ഐ ആറില്‍ പറയുന്നു. ഗര്‍ഭച്ഛിദ്രത്തിനായുള്ള ഗുളിക കഴിച്ചതിനെ തുടര്‍ന്ന് സ്വപ്ന തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. അവിടെ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചെറുതുരുത്തി പൊലീസ് ആശുപത്രിയിലെത്തി മൊഴി രേഖപ്പെടുത്തുകയും കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു.
Read Also: ചീനിക്കുഴി കൂട്ടക്കൊലപാതകം: പ്രതി ഹമീദിന് വധശിക്ഷ, കൊന്നത് കൊച്ചുമക്കളടക്കം നാല് പേരെ
ചെറുതുരുത്തി എസ്എച്ച്ഒ വി വിനുവിന്റെ നേതൃത്വത്തില്‍ ഇന്ന് ഷൊര്‍ണൂര്‍ ത്രാങ്ങാലിയിലുള്ള യുവതിയുടെ വീട്ടിലും തുടര്‍ന്ന് ആറ്റൂരിലെ ഭര്‍തൃവീട്ടിലും ഫോറന്‍സിക് വിദഗ്ധരെത്തി പരിശോധന നടത്തി. മൂന്ന് ദിവസം മുന്‍പ് അമിത രക്തസ്രാവം മൂലം ആശുപത്രിയില്‍ എത്തിയ സ്വപ്നക്കൊപ്പം ഭര്‍ത്താവ് അനില്‍കുമാറും ഉണ്ടായിരുന്നു.
എന്നാല്‍, യൂറിനറി ഇന്‍ഫെക്ഷന്‍ ആയത് മൂലം ആണ് വയര്‍ വീർത്തതെന്നും രക്തസ്രാവം ഉണ്ടായതെന്നുമാണ് സ്വപ്ന ഭര്‍ത്താവിനെ അറിയിച്ചിരുന്നത്. അനില്‍കുമാറിനായുള്ള തിരച്ചില്‍ ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

