
തിരുവനന്തപുരം: കഞ്ചാവ് വലിച്ചതിനും എം ഡി എം എ കൈവശം വച്ചതിനും അഞ്ച് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം പോത്തൻകോട് നിന്നായിരുന്നു യുവാക്കളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. കാട്ടായിക്കോണം അരിയോട്ടുകോണം സ്വദേശികളായ അമ്പാടി, സോനു സുനിൽ, അരുൺ, ധനുഷ്, ശരത്ത് എന്നിവരെയാണ് പോത്തൻകോട് പൊലീസ് അറസ്റ്റ് ചെയ്തത്.
അരിയോട്ടുകോണത്ത് വില്ലയിൽ താമസിക്കുന്ന ആളുകളാണ് ലഹരി ഉപയോഗത്തെ സംബന്ധിച്ച് പോത്തൻകോട് പൊലീസിൽ പരാതി നൽകിയത്. വില്ലയോട് ചേർന്ന് തിരിച്ചിട്ടിരിക്കുന്ന സ്ഥലത്ത് പ്രതികൾ സംഘം ചേർന്ന് സ്ഥിരമായി ലഹരിവസ്തുക്കൾ ഉപയോഗിക്കുകയും വില്പന നടത്തുകയും ചെയ്യുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പോത്തൻകോട് പൊലീസ് പരിശോധന നടത്തിയത്.
Also Read: ട്രെയിനില്‍ നിന്ന് തള്ളിയിട്ട് വയോധികയുടെ പണവും ഫോണും കവര്‍ന്ന കേസ്; പ്രതിയെ കോഴിക്കോട് എത്തിച്ചു
സിസിടിവി ദൃശ്യങ്ങൾ സഹിതമാണ് വില്ലയിലെ താമസക്കാര്‍ പൊലീസിൽ പരാതി നൽകിയത്. പ്രതികളിൽ ഒരാളായ അമ്പാടി പോത്തൻകോട് പൊലീസ് സ്റ്റേഷനിൽ റൗഡി ലിസ്റ്റിൽ ഉള്‍പ്പെട്ടയാളാണ് എന്നും പൊലീസ് പറഞ്ഞു. അമ്പാടിയുടെ കയ്യിൽ നിന്നും 0.4 ഗ്രാം എം ഡി എം എയും പൊലീസ് പിടിച്ചെടുത്തു.
അമ്പാടി ഒഴികെ ബാക്കി നാലു പ്രതികളെയും കഞ്ചാവ് വലിച്ചതിനാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പോത്തൻകോട് ഇൻസ്പെക്ടർ സുനിൽ ഗോപിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ആണ് പ്രതികളെ പിടികൂടിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

