
കഴിഞ്ഞ എട്ട് വർഷ കാലയളവിൽ ഇന്ത്യയുടെ കാബിനറ്റ് സെക്രട്ടറിയേക്കാൾ ഉയർന്ന ശമ്പളം വാങ്ങിയ ഒഡീഷ ആരോഗ്യ വകുപ്പിലെ ജൂനിയർ അസിസ്റ്റന്റിനെ അറസ്റ്റ് ചെയ്ത് വിജിലൻസ്. 2.38 കോടിയാണ് അങ്കുലിലുള്ള ചീഫ് ഡിസ്ട്രിക്റ്റ് മെഡിക്കൽ ഓഫീസറുടെ ഓഫീസിലെ ജൂനിയർ അസിസ്റ്റന്റായ സുബ്രത് കുമാർ ബെഹ്‌റ ശമ്പളത്തിന്‍റെ പേരിൽ തട്ടിയത്. 2017 മുതൽ 2025 വരെയുള്ള എട്ട് വർഷ കാലയളവിലായി സർക്കാർ ശമ്പള സംവിധാനത്തിൽ ക്രമക്കേട് നടത്തിയാണ് ഇയാൾ കോടികൾ ശമ്പളവും അലവൻസും കൈപ്പറ്റിയത്.
പ്രതിമാസം 19,000 രൂപ മുതൽ 22,000 രൂപ വരെ മാത്രം അടിസ്ഥാന ശമ്പളം ലഭിക്കേണ്ട പോസ്റ്റാണ് ജൂനിയർ അസിസ്റ്റന്റ്. എന്നാൽ, സുബ്രത് കുമാർ ബെഹ്‌റ സർക്കാർ രേഖകളിൽ പലവിധ ക്രമക്കേടുകൾ നടത്തി 3.36 ലക്ഷം മുതൽ 7.36 ലക്ഷം രൂപ വരെ മാസം അടിസ്ഥാന ശമ്പളമായി കൈപ്പറ്റിയിരുന്നു.
രാജ്യത്തെ ഏറ്റവും സീനിയർ ഐഎഎസ് ഉദ്യോഗസ്ഥനായ ക്യാബിനറ്റ് സെക്രട്ടറിയുടെ ശമ്പളം 2.5 ലക്ഷം രൂപയാണെന്നിരിക്കെയാണ് ഒരു ജൂനിയർ അസിസ്റ്റന്റ് മാസം മൂന്നര ലക്ഷം വേതനം കൈപ്പറ്റിയത്. കൂടാതെ ഇക്കാലയളവിൽ 9 ലക്ഷം മുതൽ 14 ലക്ഷം രൂപ വരെ ക്ഷാമബത്തയായും (DA) ഇയാൾ വാങ്ങിയെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഇയാളുടെ പക്കൽ നിന്ന് വരവിൽ കവിഞ്ഞ സ്വത്തുക്കൾ വിജിലൻസ് കണ്ടെടുത്തു. അങ്കുൽ ടൗണിലെ മൂന്നുനില വീട്, ഏകദേശം 450 ഗ്രാം സ്വർണം, 36 ലക്ഷം രൂപയുടെ ബാങ്ക് – പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾ, സ്‌കോഡ , പോളോ ജിടി എന്നീ ആഡംബര കാറുകൾ, ബൈക്കുകൾ എന്നിവങ്ങനെ കോടികളുടെ സ്വത്തുക്കളാണ് സുബ്രത് കുമാറിന്‍റെ പേരിൽ കണ്ടെടുത്തത്. ഇയാളുടെ അറസ്റ്റിന് പുറമെ, ട്രഷറി പരിശോധനകളിലും ഓഡിറ്റുകളിലും ഈ കോടികളുടെ തട്ടിപ്പ് ഇത്രകാലം എങ്ങനെ കണ്ടെത്താതെ പോയി എന്നതിനെക്കുറിച്ചും വിജിലൻസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

