
ബത്തേരി: ദേശീയപാതയില്‍ വാഹനം തടഞ്ഞു നിര്‍ത്തി യാത്രക്കാരെ മര്‍ദിച്ചശേഷം വാഹനവും മുതലുകളും കവര്‍ന്ന സംഭവത്തില്‍ അഞ്ച് പേരെ കൂടി സാഹസികമായി പിടികൂടി കേരളാ പൊലീസ്. ഒളിവിലായിരുന്ന തൃശൂര്‍, എടക്കുനി സ്വദേശി നിഷാന്ത്, പത്തനംതിട്ട, അയിരൂര്‍ സ്വദേശി സിബിന്‍ ജേക്കബ്ബ്, അത്തിക്കയം സ്വദേശി ജോജി, എരുമേലി സ്വദേശി സതീഷ് കുമാര്‍, പുല്‍പ്പള്ളി സ്വദേശി കെപി സുബീഷ് എന്നിവരെയാണ് സാഹസികമായി പൊലീസ് പിടികൂടിയത്. ഞായറാഴ്ച തൃശൂര്‍, ചേരൂരില്‍ നിന്നാണ് നിഷാന്തിനെ കസ്റ്റഡിയിലെടുത്തത്. പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തുകയായിരുന്നു.
റാന്നിയില്‍ നിന്നാണ് ഞായറാഴ്ച സിബിന്‍, ജോജി എന്നിവരെ പിടികൂടിയത്. തിരുവനന്തപുരത്ത് നിന്ന് സതീഷ് കുമാറിനെയും കസ്റ്റഡിയിലെടുത്തു. പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട സുഹാസ് എന്ന അപ്പു(40), കുറ്റവാളി സംഘത്തെ സഹായിച്ച രാജന്‍(61) എന്നിവരെ കഴിഞ്ഞ ദിവസങ്ങളില്‍ പിടികൂടിയിരുന്നു. ഇതോടെ കവര്‍ച്ചാ സംഘത്തിലെ ഏഴ് പേര്‍ പിടിയിലായി.
നവംബര്‍ നാലിന് രാത്രിയായിരുന്നു സംഭവം. കോഴിക്കോട് സ്വദേശിയും ഡ്രൈവറും ബിസിനസ് ആവശ്യത്തിനായി ബാംഗ്ളൂരില്‍ പോയി തിരിച്ചു വരവെ സംഘം പല വാഹനങ്ങളിലായി പിന്തുടരുകയായിരുന്നു. കല്ലൂര്‍ 67 പാലത്തിന് സമീപം ഇന്നോവ വാഹനം തടഞ്ഞുനിര്‍ത്തി ഹാമര്‍ കൊണ്ട് വാഹനത്തിന്റെ വിന്‍ഡോ ഗ്ലാസ് അടിച്ചു പൊളിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ശേഷം ഇവരെ വാഹനത്തില്‍ നിന്ന് വലിച്ചിറക്കി പുറത്തിട്ട് മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് വാഹനവും ലാപ്ടോപ്പ്, ടാബ്, മൊബൈൽഫോണ്‍, ബാഗുകള്‍ തുടങ്ങിയ മുതലുകളും കവരുകയായിരുന്നു.
തുടര്‍ന്ന് കോഴിക്കോട് സ്വദേശികള്‍ ബത്തേരി സ്റ്റേഷനില്‍ പരാതി നല്‍കുകയും പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് അന്വേഷണം ആരംഭിക്കുകയും ചെയ്തു. തട്ടിയെടുത്ത വാഹനം പാടിച്ചിറ പിന്നീട് റോഡരികില്‍ തല്ലിപൊളിച്ച് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പൂര്‍ണമായും തകര്‍ന്ന വാഹനത്തിന്റെ ഡാഷ് ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. വയനാട് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസിന്റെ നിര്‍ദേശപ്രകാരം ബത്തേരി ഡിവൈ.എസ്.പി കെ.കെ. അബ്ദുള്‍ ഷെരീഫിന്റെ മേല്‍നോട്ടത്തില്‍ ഇന്‍സ്‌പെക്ടര്‍മാരായ ശ്രീകാന്ത് എസ്. നായര്‍, എം.എ സന്തോഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

