
പെൺകുഞ്ഞാണെന്നുള്ള അമ്മായിയമ്മയുടെ മാനസിക പീഡനം സഹിക്കാനാവാതെ 41 ദിവസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ യുവതി അറസ്റ്റിൽ. കന്യാകുമാരിയിലെ കരുങ്ങലിന് സമീപമാണ് സംഭവം. ബെനിറ്റ ജയ (20) എന്ന യുവതിയെയാണ് തക്കല പോലീസ് അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച രാവിലെ മുലയൂട്ടുന്നതിനിടെ കുഞ്ഞ് മരിച്ചു എന്നായിരുന്നു പ്രാഥമിക റിപ്പോർട്ട്. എന്നാൽ, കുഞ്ഞിന്റെ വായിൽ ടിഷ്യൂ പേപ്പർ തിരുകിയും ചുമരിലേക്ക് എറിഞ്ഞും കൊലപ്പെടുത്തി എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സ്ഥിരീകരിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അമ്മ ബെനിറ്റയെ പോലീസ് അറസ്റ്റ് ചെയ്തത്.
ബെനിറ്റയും ദിണ്ടിഗൽ സ്വദേശിയായ കാർത്തികും പ്രണയിച്ച് വിവാഹിതരായവരാണ്. ഇരുവരും വ്യത്യസ്ത മതത്തിൽപ്പെട്ടവരായതിനാൽ കുടുംബത്തിൽ നിന്ന് തുടക്കത്തിൽ എതിർപ്പുണ്ടായിരുന്നു. ഒരു പെൺകുഞ്ഞ് ജനിച്ചതോടെ കാർത്തികിന്റെ അമ്മ ബെനിറ്റയെ നിരന്തരം കുറ്റപ്പെടുത്താൻ തുടങ്ങി. ജനിച്ച രാശി ശരിയല്ലെന്ന് പറഞ്ഞ് അമ്മായിയമ്മ വഴക്കുണ്ടാക്കുകയും ഇവരെ വീട്ടിൽ നിന്ന് പുറത്താക്കുകയും ചെയ്തു.
തുടർന്നാണ് കുഞ്ഞുമായി ബെനിറ്റ സ്വന്തം വീട്ടിലേക്ക് മടങ്ങിയത്. അമ്മായിയമ്മയുടെ കുറ്റപ്പെടുത്തലുകളും അതിന് ഭർത്താവ് അനുകൂലമായി സംസാരിച്ചുവെന്ന ചിന്തയും ബെനിറ്റയെ മാനസികമായി തളർത്തി. ഇതിന്റെ ഫലമായി കുഞ്ഞിനെ എടുത്ത് ചുമരിലേക്ക് എറിയുകയും വായിൽ ടിഷ്യൂ പേപ്പർ തിരുകി ശ്വാസം മുട്ടിച്ച് കൊല്ലുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

