
ഗാർഹിക പീഡനത്തിന്റെ, കൊടും ക്രൂരതയുടെ നടുക്കുന്ന വാർത്തയാണ് മധ്യപ്രദേശ് ജബൽപൂരിൽ നിന്നും വരുന്നത്. ഭർത്താവ് തന്നെ ക്രൂരമായി മർദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളുമായി നീതിതേടി പൊലീസ് സൂപ്രണ്ടിന്റെ ഓഫീസിലെത്തിയ സ്ത്രീയാണ് അതിക്രൂര പീഡനം വെളിപ്പെടുത്തിയത്. 16 വർഷം മുൻപ് വിവാഹിതരായ ഇവർ ഭർത്താവിൽ നിന്നും ഭർതൃവീട്ടുകാരിൽ നിന്നും സംരക്ഷണവും കുറ്റക്കാർക്കെതിരെ കടുത്ത നടപടിയും ആവശ്യപ്പെട്ടു.
15 വയസുള്ള കുട്ടിയുടെ അമ്മ കൂടിയാണ് പരാതിക്കാരി. വിവാഹമോചനം ആവശ്യപ്പെട്ട് പതിവായി ഭർത്താവ് തന്നെ മർദ്ദിക്കാറുണ്ടെന്ന് ഇവർ പരാതിയിൽ പറയുന്നു. ഭർതൃമാതാവും സഹോദരിയും സഹോദരിയുടെ ഭർത്താവും താൻ നേരിടുന്ന ക്രൂരതയിൽ പ്രതികരിക്കാറില്ലെന്നും ഇവരും തന്നെ വർഷങ്ങളായി മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയാണെന്നും സ്ത്രീ ചൂണ്ടിക്കാട്ടി.
തന്നെയും മക്കളെയും വീട്ടിൽ നിന്ന് പുറത്താക്കിയെന്നും തന്റെ സ്വത്ത് ഭർതൃവീട്ടുകാർ അവരുടെ പേരിലേക്ക് മാറ്റിയെന്നും അവർ ആരോപിച്ചു. ഭർത്താവ് മദ്യത്തിന് അടിമപ്പെട്ടതോടെയാണ് പീഡനം ആരംഭിച്ചതെന്നാണ് പരാതിക്കാരി പറയുന്നത്. കൂടാതെ ഭർതൃസഹോദരിയുടെ കുടംബം ഇവർക്കൊപ്പം താമസം ആരംഭിച്ചതോടെ സ്ഥിതി കൂടുതൽ വഷളായി. ചെറിയ അഭിപ്രായവ്യത്യാസങ്ങൾക്ക് പോലും ഭർത്താവിൽ നിന്ന് ക്രൂരമായ മർദനമാണ് ഏൽക്കേണ്ടിവന്നത്.
Also Read: ഇൻഫ്ലുവൻസറെ കൊന്ന് സ്യൂട്ട്കേസിലാക്കി കാട്ടിൽത്തള്ളി മുൻ കാമുകൻ
തിങ്കളാഴ്ച എസ്പി ഓഫിസിൽ എത്തിയാണ് ഇവർ ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ അധികൃതർക്ക് കൈമാറിയത്. സംഭവത്തിൽ അടിയന്തര നടപടി ആരംഭിക്കാൻ ഘാംപൂർ പൊലീസ് സ്റ്റേഷന് എഎസ്പി അഞ്ജന തിവാരി നിർദേശം നൽകിയിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

