
ഹോർമൂസിലൂടെ കപ്പൽ നീക്കം തുടങ്ങിയതോടെ ക്രൂഡോയിൽ കുറഞ്ഞ് യുദ്ധത്തിന് മുൻപുള്ള നിരക്കിലെത്തി നിൽക്കുകയാണ്. ബ്രെന്റ് ക്രൂഡ് വില ബാരലിന് 72-75 ഡോളർ നിലവാരത്തിലെത്തിയത് കമ്പനികളുടെ ലാഭം കുത്തനെ ഉയർത്തി കഴിഞ്ഞു. എന്നാൽ എണ്ണകമ്പനികളുടെ നഷ്ടം നികത്താനെന്ന പേരിൽ വർധിപ്പിച്ച പെട്രോൾ, ഡീസൽ വില ഇനിയെങ്കിലും കുറയ്ക്കുമോയെന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.
ഇറാനും യുഎസും തമ്മിലുള്ള 60 ദിവസത്തെ വെടിനിർത്തൽ കരാർ നിലവിൽ വന്നതോടെ ക്രൂഡോയിൽ വില ബാരലിന് 75 ഡോളറിൽ താഴെയാണ്. ഇതോടെ ഇന്ത്യയുടെ ക്രൂഡോയിൽ ഇറക്കുമതി ചെലവും കുറഞ്ഞു. ബ്രെന്റ് ക്രൂഡ് വില മെയ് വരെയുള്ള മൂന്ന് മാസം 109 ഡോളർ ആയിരുന്നു. ജൂൺ ആദ്യ വാരം 99 ഡോളർ ആയിരുന്നുവെങ്കിൽ ഇന്ന് 72 ഡോളർ ആയി അത് കുറഞ്ഞു.
ALSO READ: ഒരു കോടി അടിച്ചത് ഈ നമ്പറിന്; സുവർണ കേരളം ലോട്ടറി ഫലം അറിയാം
പൊതുമേഖല എണ്ണക്കമ്പനികൾക്ക് പ്രതിദിനം 700 കോടി രൂപ വരെ നഷ്ടമുണ്ടെന്നാണ് കുറച്ചു ദിവസങ്ങൾക്ക് മുൻപു വരെ കേന്ദ്രസർക്കാർ വൃത്തങ്ങൾ പറഞ്ഞിരുന്നത്. ക്രൂഡോയിൽ വില കുറഞ്ഞ സാഹചര്യത്തിൽ പുതുക്കിയ കണക്കുകൾ കേന്ദ്രം പുറത്തുവിട്ടിട്ടില്ല.
ഹോർമുസ് കടലിടുക്ക് വീണ്ടും തുറന്നത് പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള എണ്ണ വിതരണം സുഗമമാക്കിയിട്ടുണ്ട്. തടസം നേരിട്ടിരുന്ന കാലയളവിൽ വിതരണം കുറയ്ക്കുകയോ നിർത്തുകയോ ചെയ്ത ഇറാഖ്, കുവൈറ്റ്, ഖത്തർ, സൗദി അറേബ്യ എന്നീ രാജ്യങ്ങൾ ഇപ്പോൾ കരാർ പ്രകാരമുള്ള അളവിൽ എണ്ണ നൽകാൻ തയ്യാറായിട്ടുണ്ട്.
ക്രൂഡോയിൽ വില കുറഞ്ഞെങ്കിലും അതിന്റെ നേട്ടം ഇന്ത്യൻ കമ്പനികൾക്ക് ലഭിക്കാൻ കുറച്ചു ആഴ്ചകൾ കാത്തിരിക്കണം. രാജ്യാന്തര വിലയിലുണ്ടാകുന്ന മാറ്റം അന്നു തന്നെ ഇന്ത്യയിലെ വിലയിലും പ്രതിഫലിക്കണമെന്നില്ല. ഇറാൻ യുദ്ധത്തിനു പിന്നാലെ ക്രൂഡോയിൽ വില വർധിച്ചെങ്കിലും രണ്ടര മാസത്തിനു ശേഷമാണ് രാജ്യത്ത് പെട്രോൾ, ഡീസൽ വില കൂടിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

