
പ്രാർത്ഥന ശ്രീനിവാസൻ
2025 ഐ പി എല്‍ സീസണില്‍ നിന്ന് ആദ്യമായി പുറത്താകുന്ന ടീമായി മാറിയിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്സ്. കളിച്ച 10 മത്സരങ്ങളില്‍ എട്ടിലും ചെന്നൈ തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു. കഴിഞ്ഞ മത്സരം പഞ്ചാബ് കിങ്സുമായി തോറ്റതോടെ ഐ പി എല്‍ പ്ലേയ് ഓഫ് സാധ്യതകള്‍ക്കും തിരശീല വീണു. ചെന്നൈ ടീമിന് ഇത് എന്ത് പറ്റി?
ഈ വര്‍ഷം ഹോം ഗ്രൗണ്ടിലും ചെന്നൈക്ക് മികവ് കാട്ടാനായില്ല. 5 ഹോം മത്സരങ്ങളില്‍ ചെന്നൈ പരാജയപ്പെട്ടു. ആദ്യ ഹോം മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ പരാജയപ്പെടുത്തിയതിന് ശേഷമാണ് ചെപ്പോക്കില്‍ ചെന്നൈ അഞ്ച് കളികള്‍ തുടര്‍ച്ചയായി തോറ്റത് എന്നത് ശ്രദ്ധേയമാണ്. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു 17 വര്‍ഷത്തിന് ശേഷം ഇത്തവണ ചെപ്പോക്കില്‍ ജയിച്ചുകയറി. അതോടെ ഗ്രൗണ്ട് റെക്കോര്‍ഡ് തകര്‍ക്കപ്പെട്ടു.
Read Also: ജയം തുടർന്ന് പ്ലേ ഓഫ് സാധ്യത ശക്തമാക്കാൻ ഹൈദരാബാദ്; അപ്രതീക്ഷിത പരാജയം മറികടക്കാൻ ഗുജറാത്ത്
ഐ പി എല്‍ ചരിത്രത്തില്‍ ചെന്നൈ ഏറ്റവും കൂടുതല്‍ ഹോം മത്സരങ്ങള്‍ തോല്‍ക്കുന്ന സീസണായും ഇതോടെ 2025 മാറി. നായകനായ ഋതുരാജ് ഗെയ്ക്‌വാദിനും ഡെവോണ്‍ കോണ്‍വെയ്ക്കും പരുക്ക് പറ്റിയത് ടീമിന് വലിയ തിരിച്ചടിയായി. ഗെയ്ക്‌വാദിന് പകരക്കാരനായി വന്ന ധോണി രക്ഷകനാകും എന്ന ആരാധകരുടെ പ്രതീക്ഷക്ക് വലിയ വിള്ളല്‍ വീഴുകയും ചെയ്തു. 10 മത്സരങ്ങളില്‍ നിന്ന് ചെന്നൈ ആകെ നേടിയത് നാല് പോയിന്റ് മാത്രമാണ്.
ഈ സീസണ് മുന്നോടിയായുള്ള താരലേലത്തില്‍ ചെന്നൈ 9.75 കോടി രൂപയ്ക്ക് സ്വന്തമാക്കിയ ബൗളറാണ് രവിചന്ദ്രന്‍ അശ്വിന്‍. സീനിയര്‍ ഓഫ് സ്പിന്‍ താരമായ അശ്വിന്‍ ഈ വര്‍ഷം നിരാശ മാത്രമാണ് ടീമിന് സമ്മാനിച്ചത്. ഏഴ് മത്സരങ്ങളില്‍ 223 റണ്‍സ് വഴങ്ങി 5 വിക്കറ്റുകള്‍ മാത്രമാണ് നേടിയത്. പതിരാനയുടെ കാര്യത്തിലും വ്യത്യാസമില്ല. എട്ട് കളികളില്‍ നിന്നും ആകെ നേടിയത് 9 വിക്കറ്റാണ്.
Read Also: ശ്രീശാന്തിനെ മൂന്ന് വർഷത്തേക്ക് വിലക്കി കേരള ക്രിക്കറ്റ് അസോസിയേഷൻ
ഇനി നാല് മത്സരങ്ങളാണ് ഈ സീസണില്‍ ചെന്നൈക്ക് ബാക്കിയുള്ളത്. റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, ഗുജറാത്ത് ടൈറ്റന്‍സ് എന്നിവരാണ് എതിരാളികള്‍. പ്രൗഢിയോടെ കിരീടങ്ങള്‍ നേടിയിരുന്ന ടീമിന്റെ ദയനീയാവസ്ഥ ക്രിക്കറ്റ് ആരാധകരെ മുഴുവനും സങ്കടത്തിലാഴ്ത്തുന്നു.
തല ധോണിയുടെ നേതൃത്വത്തില്‍ 2010, 2011, 2018, 2021, 2023 സീസണുകളിൽ ചെന്നൈ സൂപ്പര്‍ കിങ്സ് നേടിയത് 5 കിരീടങ്ങള്‍. 16 വര്‍ഷത്തില്‍ 12 പ്ലേ ഓഫുകള്‍. സൂപ്പര്‍ കിങ്‌സിന്റെ പ്രതാപ കാലം അവസാനിച്ചോ?

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here