കുക്കുമ്പർ റൈസ് ഇനിയും ഉണ്ടാക്കിനോക്കിയില്ലേ? ഈ വേനലിൽ ആശ്വാസമാകും, റെസിപ്പി ഇതാ…

cucumber rice recipe

വേനലിന് ആശ്വാസമായി മഴ ഇടയ്ക്ക് എത്തിനോക്കുന്നുണ്ടെങ്കിലും കടുത്ത ചൂടും പൊള്ളുന്ന വെയിലും മാറിയിട്ടില്ല. ആരോ​ഗ്യപരമായും ഏറെ ശ്രദ്ധിക്കേണ്ട കാലമാണിത്. ഭക്ഷണത്തിലും വേണം ശ്രദ്ധ. എണ്ണമയമുള്ളതോ എരിവുള്ളതോ ആയ ഭക്ഷണങ്ങൾ കഴിക്കുന്നത് ദഹനപ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. ഈ വേനൽച്ചൂടിൽ കഞ്ഞിയോ തൈര് സാദമോ പുലാവോ പോലുള്ള മിതമായ ഭക്ഷണമാവും വയറിന് ഉചിതം.

എന്നാൽ ഈ സമയത്ത് കഴിക്കാൻ പറ്റുന്ന ഒരു വേറിട്ട വിഭവം പറഞ്ഞുതരാം- കുക്കുമ്പർ റൈസ്. വളരെ പെട്ടെന്ന് തയ്യാറാക്കാവുന്ന റെസിപ്പിയാണിത്. ടേസ്റ്റിലും ഒട്ടും പിന്നിലല്ല കുക്കുമ്പർ റൈസ്. എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.

ആവശ്യമായ ചേരുവകൾ

ചോറ് (വേവിച്ചത്) – 1 കപ്പ്
കുക്കുമ്പർ – 2 എണ്ണം
നിലക്കടല – 2 ടേബിൾ സ്പൂൺ
കശുവണ്ടി – 2 ടേബിൾ സ്പൂൺ
കടുക് – 1 ടീസ്പൂൺ
കടലപ്പരിപ്പ് – 1 ടേബിൾ സ്പൂൺ
ഇഞ്ചി – 1 ടീസ്പൂൺ
പച്ചമുളക് – 1 ടീസ്പൂൺ
ഉള്ളി – 1 ചെറുത്
കറിവേപ്പില- 7-8 എണ്ണം
മല്ലിയില – 2 ടേബിൾ സ്പൂൺ
ഉപ്പ് – പാകത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം കുക്കുമ്പർ ഗ്രേറ്റ് ചെയ്യണം. ശേഷം അതിലെ അധികമുള്ള വെള്ളം നന്നായി പിഴിഞ്ഞു കളയാം. ഇങ്ങനെ ചെയ്തില്ലെങ്കിൽ റൈസ് കുഴഞ്ഞുപോകും.

ശേഷം ഒരു പാൻ അടുപ്പിൽ വെച്ച് എണ്ണയൊഴിച്ച് ചൂടാകുമ്പോൾ കടലപ്പരിപ്പ്, കടുക്, ചെറുതായി അരിഞ്ഞ ഇഞ്ചി, ഉള്ളി, പച്ചമുളക് എന്നിവ ചേർത്ത് വഴറ്റുക. ഉള്ളി ഗോൾഡൻ നിറമാകുമ്പോൾ കറിവേപ്പില ചേർക്കണം. ഇതിലേക്ക് കശുവണ്ടിയും നിലക്കടലയും വറുത്ത് ചേർക്കാം.

ALSO READ: പാലപ്പം മാവ് പുളിക്കാനും സോഫ്റ്റാവാനും ഇനി ഈസ്റ്റ് വേണ്ട, പകരം ഈ ഐറ്റം മാത്രംമതി

ശേഷം പിഴിഞ്ഞുവെച്ചിരിക്കുന്ന കുക്കുമ്പർ ചേർത്ത് രണ്ട് മിനിറ്റ് കൂടി വഴറ്റി ചോറ് ചേർക്കാം. വേവിച്ചു വെച്ച ചോറ് ഇതിലേക്ക് ഇട്ട് സാവധാനം ഇളക്കുകയാണ് വേണ്ടത്. പാകത്തിന് ഉപ്പും ചേർത്ത് രണ്ട് മിനിറ്റ് ചൂടാക്കണം. കുക്കുമ്പർ ചേർത്ത ശേഷം അധികനേരം വേവിക്കാതിരിക്കാൻ ശ്രദ്ധിക്കണം.

അവസാനമായി മല്ലിയിലയും അല്പം നാരങ്ങാനീരും ചേർത്ത് നന്നായി ഇളക്കിയ ശേഷം തീ അണച്ചാൽ സ്വാദിഷ്ടമായ കുക്കുമ്പർ റൈസ് റെഡി. തലേദിവസത്തെ ചോറ് ബാക്കിയുണ്ടെങ്കിൽ അത് ഉപയോഗിച്ചും ഈ വിഭവം വളരെ എളുപ്പത്തിലും വേ​ഗത്തിലും തയ്യാറാക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News