
ഔദ്യോഗികമായി പ്രദര്‍ശിപ്പിക്കുന്നതിന് ഭരണഘടനാപരമായി എല്ലാ അംഗീകാരങ്ങളും നേടിയ സിനിമ ജനങ്ങള്‍ കാണുമ്പോള്‍ അതില്‍ നിന്നും ദൃശ്യങ്ങള്‍ മാറ്റണമെന്ന് പറയുന്നത് ജനാധിപത്യത്തിന് നേരെയുള്ള
അതിശക്തമായ കടന്നാക്രമണമാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍.
എമ്പുരാന്‍ സിനിമക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സാംസ്‌കാരിക പ്രതിരോധം ഒരുക്കുന്നതിന്റെ ഭാഗമായി പ്രതിഷേധ പരിപാടികള്‍ക്ക് രൂപം നല്‍കാന്‍ സാംസ്‌കാരിക പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ആലോചനായോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു ഭരണകൂടവ്യവസ്ഥയും അതിന്റെ രാഷ്ടീയനേതൃത്വമായി പ്രവര്‍ത്തിക്കുന്ന വിഭാഗവും അതിശക്തമായി പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും ഭാഗങ്ങള്‍ ‘സ്വമേധയാ’ വെട്ടിമാറ്റിക്കുന്നു. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരെ അത്തരത്തില്‍ വിധേയപ്പെടുത്തി ഫലപ്രദമായി പ്രഖ്യാപിപ്പിക്കുന്നതാണ് ഫാസിസം. എല്ലാ തെറ്റിനെതിരേയും ആശയതലത്തില്‍ ആഞ്ഞുവീശാനുള്ള ശേഷി സാംസ്‌കാരിക പ്രവര്‍ത്തനത്തിനുള്ളതിനാല്‍ അത്തരത്തിലുള്ളവര്‍ക്ക് നേരെ ജനാധിപത്യസമൂഹത്തിന്റെ ആഭരണമണിഞ്ഞുകൊണ്ടു അവര്‍ കടന്നാക്രമണം നടത്തും.അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്ത് സംഘപരിവാറിനിഷ്ടപ്പെടാത്ത വിധ്വേഷ പ്രചരണങ്ങള്‍, അതിന്റെ ഫലമായി അഴിച്ചുവിട്ട വര്‍ഗീയതയെയും ചോദ്യം ചെയ്തതാണ് എമ്പുരാനെതിരെയുള്ള ക്യാമ്പയിനിലേക്ക് എത്തപ്പെട്ടത്. കേരളത്തിന്റെ സാംസ്‌കാരിക മേഖലയിലേക്ക് അത്തരത്തില്‍ ഫാസിസത്തിന്റെ കടന്നുകയറ്റം ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയാത്ത കൊണ്ടാണ് സംഘടിതമായ ഒരു കൂട്ടായ്മ വളര്‍ത്തികൊണ്ടുവരാന്‍ ആഗ്രഹിച്ചതെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. വര്‍ഗ്ഗീയതയ്ക്കെതിരായ ഒരു നിലപാട് സ്വീകരിച്ചു എന്നതുകൊണ്ടും അതിന്റെ ഭാഗമായി ഉണ്ടായ സംഭവങ്ങളും അതിന്റെ ഭീകരതയും ചിത്രീകരിച്ചതുകൊണ്ടും ഒരു കലാസൃഷ്ടിയെ ഇല്ലായ്മചെയ്യാനും അതില്‍ പ്രവര്‍ത്തിച്ച കലാകാരന്മാരെ ആക്രമിക്കാനും വര്‍ഗ്ഗീയവാദികള്‍ക്ക് സാധിക്കുക എന്നത് ജനാധിപത്യകേരളത്തിന് ഭൂഷണമല്ല എന്ന് എല്ലാവരും ചിന്തിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ALSO READ:ഡാര്‍ക്ക് ഹ്യൂമറും മാസും; ചിരിപ്പിച്ചും ത്രില്ലടിപ്പിച്ചും ‘മരണമാസ്സ്’
പ്രതിഷേധ പരിപാടികളുടെ ഭാഗമായി ‘ജനാധിപത്യത്തിന്റെ ആഘോഷം’ എന്ന പേരില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും. ഫാസിസ്റ്റ് വിരുദ്ധ ചലച്ചിത്രമേളകള്‍, വാര്‍ഡുകളില്‍ ജനകീയ പ്രതിരോധ സദസ്സുകള്‍, കലാവിഷ്‌കാരങ്ങള്‍ തുടങ്ങി സംസ്ഥാനത്തുടനീളം വിപുലമായ സാംസ്‌കാരിക പരിപാടികളാണ് സംഘടിപ്പിക്കുക.
പരിപാടി വിജയിപ്പിക്കുന്നതിനായി ഡോ.എം കെ സാനു,കെ സച്ചിദാനന്ദന്‍, ഷാജി എന്‍ കരുണ്‍,ഡോ. ബി ഇക്ബാല്‍,കെ ആര്‍ മീര,ഡോ കെ പി മോഹനന്‍ എന്നിവര്‍ രക്ഷാധികാരികളായും എം മുകുന്ദന്‍ ചെയര്‍മാനും അശോകന്‍ ചരുവില്‍ ജനറല്‍ കണ്‍വീനറും എസ് രാഹുല്‍ കണ്‍വീനറുമായുള്ള 1001 അംഗ ജനറല്‍ കമ്മിറ്റിയും 251 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും രൂപീകരിച്ചു.
എം സ്വരാജ്, എ എ റഹീം എംപി, ഷാജി എന്‍ കരുണ്‍, അശോകന്‍ ചരുവില്‍, ആര്‍ട്ടിസ്റ്റ് ശങ്കര്‍, പ്രേംകുമാര്‍, ആര്‍ പാര്‍വതി ദേവി, മുരുകന്‍ കാട്ടാക്കട, ജി എസ് പ്രദീപ്, സുജ സൂസന്‍ ജോര്‍ജ്, പ്രമോദ് പയ്യന്നൂര്‍, എം സത്യന്‍, ഒ എസ് ഉണ്ണികൃഷ്ണന്‍, വി ജയപ്രകാശ്, മ്യൂസ് മേരി ജോര്‍ജ്, ജോബി, ഏബ്രഹാം മാത്യു തുടങ്ങിയ സാംസ്‌കാരിക – രാഷ്ട്രീയ മേഖലയിലെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


