
പകുതി വില തട്ടിപ്പുമായി ബന്ധപ്പെട്ട് തനിക്കെതിരെ തെറ്റായ വാർത്തകൾ നൽകുന്ന മാധ്യമങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സിവി വർഗീസ്. ഏതു സാഹചര്യത്തിലാണ് തട്ടിപ്പുകാരനിൽ നിന്ന് 25 ലക്ഷം രൂപ താൻ വാങ്ങിയതെന്ന് വാർത്ത കൊടുത്ത മാധ്യമം തെളിയിക്കണമെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം പേരിൽ ബാങ്ക് അക്കൗണ്ട് ഇല്ലാത്ത വ്യക്തിയാണ്. പാർട്ടിയുടെ സാമ്പത്തിക ഇടപാടുകൾ എല്ലാം ജില്ലാ കമ്മിറ്റിയുടെ പേരിലുള്ള അക്കൗണ്ട് വഴിയാണ്.
കോൺഗ്രസ്, ബിജെപി നേതാക്കൾ പണം കൈപ്പറ്റി എന്ന് തെളിയുമ്പോൾ പൊതുവൽക്കരിക്കാനുള്ള ഉള്ള വലതുപക്ഷം മാധ്യമങ്ങളുടെ ശ്രമമാണ് തന്‍റെ പേര് ഇതിലേക്ക് വലിച്ചിഴക്കുന്നത് എന്നും അദ്ദേഹം ആരോപിച്ചു. തട്ടിപ്പുകാരുടെ വിഹിതം പറ്റി പ്രവർത്തിക്കേണ്ട ആവശ്യം സിപിഐഎമ്മിന് ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം, തട്ടിപ്പുമായി ബന്ധപ്പെട്ട് പരാതി പ്രളയമാണ് കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുമെത്തുന്നത്. എറണാകുളം പറവൂരില്‍ പാതിവില സ്‌കൂട്ടര്‍ തട്ടിപ്പിന് ഇരയായത് 800ലധികം പേര്‍. പരാതിക്കാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിക്കും. അതേസമയം പ്രതി അനന്തു കൃഷ്ണന്റെ ഓഫീസിലെ ജീവനക്കാരെ പൊലീസ് ചോദ്യം ചെയ്തു. എറണാകുളത്തെ ഓഫീസിലും ഫ്ലാറ്റിലും പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തും.
പാതിവില സ്‌കൂട്ടര്‍ തട്ടിപ്പ് കേസില്‍ പണം നഷ്ടമായവര്‍ ഒരുമിച്ച് എത്തിയാണ് പറവൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഇതുവരെ 800ലധികം പരാതികള്‍ ലഭിച്ചു. പറവൂര്‍ ജനസേവ സമിതി ട്രസ്റ്റ് മുഖേനയാണ് മേഖലയിലുള്ളവര്‍ പണം നല്‍കിയത്. ട്രസ്റ്റ് ഭാരവാഹികളെ പൊലീസ് പ്രതി ചേര്‍ത്തു. ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിക്കാനാണ് പരാതിക്കാരുടെ തീരുമാനം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here