നെഹ്രുവിനെയും അംബേദ്ക്കറേയും വിമർശിച്ച മലയാളി വനിത; ജൂലായ് 4 ദാക്ഷായണി വേലായുധന്റെ ജന്മദിനം

രാജ്യം ഭരിക്കപ്പെടേണ്ടതിനെക്കുറിച്ചുള്ള അടിസ്ഥാന നിയമരേഖയാണ് ഭരണഘടന. 1946ൽ രൂപീകരിച്ച ഇന്ത്യയുടെ ഭരണഘടനാ നിർമാണ സഭയിലെ 299 അംഗങ്ങളിൽ 15 പേർ സ്ത്രീകളായിരുന്നു. ദാക്ഷായണി വേലായുധൻ (മദ്രാസ് ), അമ്മു സ്വാമിനാഥൻ (മദ്രാസ്), ദുർഗാഭായ് ദേശ്മുഖ്, ആനീ മസ്ക്രീൻ(മദിരാശി), ഹസ്നാ ജീവ്രാജ് മേത്ത(ബോംബെ), മാലതി ചൗധരി (ഒറീസ), സുചേതാ കൃപലാനി, വിജയലക്ഷ്മി പണ്ഡിറ്റ്, പൂർണിമ ബാനർജി, കമലാ ചൗധരി, ബീഗം ഐസാസ് റസൽ(ഉത്തർപ്രദേശ്), സരോജിനി നായിഡു(ബീ ഹാർ), രാജ്കുമാരി അമ്രീത് കൗർ(പഞ്ചാബ്), രേണുക റോയ്, ലീലാ നാഗ് (ബംഗാൾ)എന്നിവരായിരുന്നു ആ വനിതകൾ‌. ദാക്ഷായണി വേലായുധനും അമ്മു സ്വാമിനാഥനും ആനി മസ്ക്രീനും മലയാളികൾ.

ALSO READ: ലോകത്തിലെ ആദ്യത്തെ ചാവേർ ബോംബായ ദളിത് വനിത; ഒരു തമിഴ്നാടൻ വീരഗാഥ

സാമൂഹിക, സാമുദായിക വിലക്കുകളും അന്ധവിശ്വാസങ്ങളുടെ കൂരിരുട്ടും പുരുഷാധിപത്യത്തിന്റെ കണ്ണുരുട്ടലുകളും വകവയ‌്ക്കാതെയും ധിക്കാരങ്ങൾ തട്ടിമാറ്റിയാണ് ദാക്ഷായണി വേലായുധൻ നേട്ടങ്ങൾ എത്തിപ്പിടിച്ചത്. അവയാകട്ടെ രോമാഞ്ചജനകവുമാണ്.

നെഹ്രുവിനോട് തർക്കിച്ച ദാക്ഷായണി, മേൽവസ്ത്രം ധരിച്ച ആദ്യ ദളിത് പെൺകുട്ടി, രാജ്യത്തെ ബിരുദധാരിയായ ആദ്യ ദളിത് സ്ത്രീ, ഭരണഘടനാ നിർമാണ സഭയിലെ ഏക ദളിത് വനിത. വിസ്മയഭരിത ജീവിതമായിരുന്നു ദാക്ഷായണിയുടേത്. എറണാകുളം ജില്ലയിലെ മുളവുകാട്ട് കല്ലംമുറിയിൽ കുഞ്ഞന്റെയും എളങ്കുന്നപ്പുഴ തയ്യിത്തറ മാണിയുടെയും മകളായി 1912 ജൂലായ് നാലിനായിരുന്നു ജനനം. അധ്യാപകനായ കുഞ്ഞൻ പ്രയത്നശാലിയായ കർഷകൻ കൂടിയായിരുന്നു. കുഞ്ഞൻ മകളെ ദുർഗയെന്നും ദക്ഷയുടെ പുത്രിയെന്നും അർഥമുള്ള ദാക്ഷായണി എന്ന് വിളിച്ചു.

എറണാകുളം മഹാരാജാസിൽനിന്നും 1935ൽ ഒന്നാം ക്ലാസ്സിൽ ബിഎസ‌്സി കെമിസ്ട്രി പാസായി. 1938ൽ മദ്രാസ് സെന്റ് ക്രിസ്റ്റഫർ കോളേജിൽനിന്ന് എൽടിയും. മഹാരാജാസിൽ അധ്യാപകരുടെ അവഗണന ആവോളം നേരിട്ടയാളാണ് ദാക്ഷായണി വേലായുധൻ. സ്കോളർഷിപ്പ് നേടിയിട്ടും മദ്രാസിൽ പഠിക്കുന്ന സമയത്ത് അധ്യാപകർ അവർക്ക് ശാസ്ത്രപരീക്ഷണങ്ങൾ കാണിച്ചുകൊടുത്തില്ല. പിന്നീട് വിദ്യാഭ്യാസയോഗ്യത സവിശേഷമായി പരിഗണിച്ച് ദാക്ഷായണിയെ തൃശൂരിനടുത്ത് പെരിങ്ങോട്ടുകര ഹൈസ്കൂളിൽ അധ്യാപികയായി നിയമിച്ചു. 1945 ജുലൈ 31ന്, കൊച്ചി നിയമസഭയിലേക്ക് നാമനിർദേശംചെയ്തു. ഭരണഘടനാ നിർമാണ സഭയിലേക്ക് പരിഗണിക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ വനിത. അന്ന് ദാക്ഷായണിക്ക് വയസ്സ് 34.

1948 നവംബർ 29ന് ദാക്ഷായണി നടത്തിയ പ്രസംഗം നീണ്ടപ്പോൾ അധ്യക്ഷൻ മുന്നറിയിപ്പ് നൽകി. ആണുങ്ങളുടെ ഔദാര്യത്തിലാണ് സംസാരമെന്ന് ധ്വനിപ്പിക്കുകയുംചെയ്തു. ദാക്ഷായണിക്കത് സഹിച്ചില്ല. ആൺകോയ്മ സമൂഹത്തിന്റെ ഭാഗമാണെന്ന് പറഞ്ഞ അവർ, പുരുഷ അംഗങ്ങൾ സമയം ഏറെ ഉപയോഗിക്കുന്നത് എടുത്തിട്ടു. ‘എല്ലാ ദിവസവും മഹാന്മാരുടെ പ്രഭാഷണങ്ങളും ആശയങ്ങളും ആദർശങ്ങളും കേൾക്കുന്നു. എന്നാൽ ഭരണഘടന അവയുടെയെല്ലാം തരിശായി മാറുകയാണ്’ എന്ന വാക്കുകൾക്ക് നല്ല മൂർച്ചയുണ്ടായി.

ALSO READ: ഇരുപത്തിരണ്ടാം നിയമ കമ്മീഷൻ ഏകീകൃത സിവിൽ കോഡിനെ അനുകൂലിക്കുമോ? എന്തുകൊണ്ട്?

അയിത്താചാരത്തിന്റെയും അനാചാരത്തിന്റെയും പേരിൽ ഭരണനിർമാണ സഭയിൽ നെഹ്റുവിനോട് വാഗ്വാദത്തിലേർപ്പെട്ട ദാക്ഷായണി ഭരണഘടനാ ശില്പി ഡോ. ബി.ആർ അംബേദ്കറോടും തൻ്റെ വിയോജിപ്പുകൾ രേഖപ്പെടുത്തി. 1946ൽ ഇന്ത്യയുടെ ഭരണഘടനാ ഭരണഘടനരൂപീകരണ സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ദാക്ഷായണി 1946 മുതൽ 52 വരെ കോൺസ്റ്റിറ്റുവന്റ് അസംബ്ലിയിലും പ്രൊവിഷണൽ പാർലമെന്റിന്റെ അംഗമായും പ്രവർത്തിച്ചു. 1978 ജൂലൈ 20നാണ് ആ ധീരവനിത അന്തരിച്ചത്.
പിന്നീട് കേരളത്തിലെ സ്ത്രീ ശാക്തീകരണത്തിന് നൽകുന്ന സംഭാവനകൾക്ക് 2019 മുതൽ ഇടതുമുന്നണി സർക്കാർ ദാക്ഷായണി വേലായുധൻ്റെ പേരിൽ അവാർഡ് ഏർപ്പെടുത്തി ആ ധീരവനിതയെ ആദരിച്ചു. ഈ വർഷം മുതൽ കേരള സർക്കാർ ഔദ്യോഗികമായി അവരുടെ ജന്മദിനം ആഘോഷിക്കാനും തീരുമാനിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News