‘ഒരു സിനിമ കൊണ്ട് ചിലതൊക്കെ ഓര്‍മ്മിപ്പിക്കപ്പെടുന്നു എന്നുള്ളത് ഗംഭീരമായൊരു രാഷ്ട്രീയ പ്രവര്‍ത്തനം തന്നെയാണ്’: ദീപ നിശാന്ത്

ഒരു സിനിമ കൊണ്ട് ചിലതൊക്കെ ഓര്‍മ്മിപ്പിക്കപ്പെടുന്നു എന്നുള്ളത് ഗംഭീരമായൊരു രാഷ്ട്രീയപ്രവര്‍ത്തനം തന്നെയാണെന്ന് അധ്യാപികയും എ‍ഴുത്തുകാരിയുമായ ദീപ നിശാന്ത്. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് ദീപ നിഷാന്ത് എമ്പുരാന്‍ സിനിമയ്ക്ക് പിന്തുണ അറിയിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

എ.കെ. രാമാനുജന്‍ എഡിറ്റു ചെയ്ത ‘ഇന്ത്യന്‍ നാടോടിക്കഥകള്‍’ എന്ന പുസ്തകത്തില്‍ ഒരു ക്ഷുരകന്റെ കഥയുണ്ട്. കെ വി സജയ് മാഷിന്റെ ഒരു കുറിപ്പിലൂടെയാണ് ആ കഥ ഈയിടെ വീണ്ടുമോര്‍ത്തത്. കഥയിങ്ങനെയാണ്…ഒരിക്കല്‍ ഒരു ക്ഷുരകന്‍ രാജാവിന്റെ മുടി വെട്ടാന്‍ പോയി.അപ്പോഴാണ് അയാള്‍ ആ മഹാരഹസ്യം കണ്ടെത്തിയത്. കഴുതയുടെ ചെവികളായിരുന്നു രാജാവിന്! രാജാവത് തന്റെ മുടിയാല്‍ മറച്ചുകൊണ്ടു ജീവിക്കുകയായിരുന്നു. മുടി വെട്ടുമ്പോള്‍ ക്ഷുരകനത് കണ്ടു..ഈ പരമരഹസ്യം ആരോടും പറയാനാവാതെ അയാള്‍ വീര്‍പ്പുമുട്ടി. പറഞ്ഞാല്‍ തല പോകും. ഒടുവില്‍ ക്ഷുരകന്‍ ഒരു പോംവഴി കണ്ടെത്തി, വിജനമായ കാട്ടില്‍ച്ചെന്ന് ഇതങ്ങു വിളിച്ചുപറയുക! താന്‍ കണ്ട മഹാരഹസ്യം ഉറക്കെപ്പറയുകയും ചെയ്യാം.., അതാരുമൊട്ടു കേള്‍ക്കുകയുമില്ല. അയാള്‍ കാട്ടില്‍പ്പോയി, ‘രാജാവ് കഴുതച്ചെവിയനാണേ’ എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു.. ആശ്വാസത്തോടെ വീട്ടിലേയ്ക്കു മടങ്ങി. പിന്നീടൊരുനാള്‍ ഒരു ചെണ്ടക്കാരന്‍ ചെണ്ടയുണ്ടാക്കാനുളള മരമന്വേഷിച്ച് അതേ കാട്ടിലെത്തി. നല്ല തടി കണ്ടെത്തി.. ചെണ്ടയുണ്ടാക്കി.. പണി കഴിഞ്ഞപ്പോള്‍ ഒരു മോഹം.. ആദ്യമായി രാജാവിനു മുന്നില്‍ത്തന്നെ ആ ചെണ്ട കൊണ്ട് പ്രകടനം നടത്തണം..അതിനുള്ള അനുമതി ലഭിച്ചു. അങ്ങനെ, നിശ്ചയിക്കപ്പെട്ട ദിവസം ചെണ്ടക്കാരന്‍ രാജസവിധത്തില്‍ തന്റെ കലാപ്രകടനമാരംഭിച്ചു. ചെണ്ടയില്‍ കോലു വീണപ്പോള്‍ പൊങ്ങിയ നാദമിങ്ങനെ:-

‘നമ്മുടെ രാജാവ് കഴുതച്ചെവിയന്‍!’
ഇതൊരു വെറും കഥയല്ല.. അന്യാപദേശകഥയാണ്.ഒന്ന് പറയുകയും അതില്‍നിന്ന് മറ്റൊന്ന് ധ്വനിപ്പിക്കുകയും ചെയ്യുന്ന രീതിയാണ് അന്യാപദേശത്തിന്റെ സവിശേഷത. ഇത് കലാകാരന്മാര്‍ പലപ്പോഴും ചെയ്യുന്നതാണ്.. സിനിമയിലും നാടകത്തിലും ചിത്രകലയിലും സാഹിത്യത്തിലുമെല്ലാം അന്യാപദേശത്തിന്റെ സമസ്തസാധ്യതകളും കലാകാരന്മാര്‍ ഉപയോഗിച്ചിട്ടുണ്ട്..

ടി വി യിലെ വാര്‍ത്ത കണ്ട് ”എന്തിനാണ് എമ്പുരാനിലെ ആ സീന്‍ വെട്ടിമാറ്റുന്നത്? എന്ന് എന്റെ വീട്ടിലെ ഏഴാം ക്ലാസ്സുകാരി ചോദിച്ചിട്ടുണ്ട് എങ്കില്‍, വീട്ടിലെ പ്ലസ് ടു ക്കാരന്‍ മൊബൈലില്‍ സെര്‍ച്ച് ചെയ്ത് ആരാണ് ബില്‍ക്കിസ്ബാനു എന്ന് സ്വയം കണ്ടെത്തുന്നുണ്ടെങ്കില്‍ എമ്പുരാന്‍ എന്ന സിനിമ അതിന്റെ ധര്‍മ്മം നിര്‍വഹിച്ചു കഴിഞ്ഞു.. വെട്ടിമാറ്റിയ സീനുകളുടെ പേരിലാവും ആ സിനിമ ചരിത്രത്തിലിടം പിടിക്കുന്നത്.. എത്ര മറച്ചുവെച്ചാലും കഴുതച്ചെവിയന്‍ രാജാക്കന്മാര്‍ വരുംതലമുറയ്ക്കു മുന്നില്‍ തുറന്നു കാട്ടപ്പെടും..

അഞ്ചുമാസം ഗര്‍ഭിണിയായ ഇരുപത്തിയൊന്നുകാരിയെ ബില്‍^ക്കി^സ് ബാനുവിനെ 2002 ലെ ഗുജറാത്ത് കലാപത്തിനിടെ മനുഷ്യരൂപത്തിലുള്ള ചെകുത്താന്മാര്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും അവരുടെ കുടുംബത്തിലെ മൂന്നു വയസ്സുകാരി മകളടക്കമുള്ള 14 പേരെ കൊലപ്പെടുത്തുകയും ചെയ്ത സംഭവം നടക്കുമ്പോള്‍ ജനിച്ചിട്ടേയില്ലാത്ത കുഞ്ഞുങ്ങള്‍ വരെ ഇപ്പോള്‍ അതന്വേഷിക്കുന്നുണ്ട്.
ഒരു സിനിമ കൊണ്ട് ചിലതൊക്കെ ഓര്‍മ്മിപ്പിക്കപ്പെടുന്നു എന്നുള്ളത് ഗംഭീരമായൊരു രാഷ്ട്രീയപ്രവര്‍ത്തനം തന്നെയാണ്…

‘തട്ടകത്തെ നാവെല്ലാം കെട്ടിയിട്ടു കുരുതി ചെയ്യാന്‍’ നാട്ടമ്മമാരും നാട്ടച്ഛന്മാരും കല്‍പ്പിച്ചാലും നാവുകളെല്ലാം അരിഞ്ഞു മാറ്റിയാലും ഏതെങ്കിലുമൊരു നാവ് വീണ്ടും മുളച്ചു പൊന്തും… ചരിത്രമതാണ്!

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News