
കഴിഞ്ഞ സീസൺ വരെ ചെന്നൈ സൂപ്പർ കിങ്സിന്‍റെ പേസാക്രമണം നയിച്ച ദീപക് ചാഹർ ഇത്തവണ മുംബൈ ഇന്ത്യൻസിനുവേണ്ടിയാണ് ഐപിഎൽ കളിക്കുന്നത്. കഴിഞ്ഞ ദിവസം ദീപക് മുംബൈ ഇന്ത്യൻസിനായി (എംഐ) അരങ്ങേറ്റം കുറിച്ചു, അതും തൻ്റെ പഴയ ടീമായ ചെന്നൈ സൂപ്പർ കിങ്സിനെതിരെ (സിഎസ്കെ). ഐപിഎലിൽ ഏറ്റവുമധികം കിരീടം നേടിയ ടീമുകളാണ് ചെന്നൈയും മുംബൈയും. അതുകൊണ്ടുതന്നെ ഈ പോരാട്ടം എൽ ക്ലാസിക്കോയായാണ് വിലയിരുത്തപ്പെടുന്നത്.
ഏതായാലും ചാഹർ തൻ്റെ മുൻ ടീമിനെതിരെ ഓൾറൗണ്ട് മികവിലൂടെ ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്തു. 17-ാം ഓവറിലെ ആദ്യ പന്തിൽ 118 റൺസ് എന്ന നിലയിൽ മുംബൈയുടെ ഏഴാം വിക്കറ്റ് നഷ്ടമായപ്പോൾ അദ്ദേഹം ബാറ്റ് ചെയ്യാനെത്തി. സീം-ബൗളിംഗ് ഓൾറൗണ്ടർ രണ്ട് ഫോറുകളും സിക്സറുകളും പറത്തി, മുംബൈയെ 20 ഓവറിൽ 155/9 എന്ന സ്കോറിലേക്ക് ഫിനിഷ് ചെയ്യാൻ സഹായിച്ചു. ബോളിങ്ങി തൻ്റെ രണ്ടാം ഓവറിൽ രാഹുൽ ത്രിപാഠിയുടെ വിക്കറ്റ് വീഴ്ത്തി. രണ്ട് ഓവറിൽ 1/18 എന്ന നിലയിലാണ് ചാഹർ ഫിനിഷ് ചെയ്തത്.
എന്നാൽ ഇപ്പോൾ ദീപക് ചാഹറിന്‍റെ സഹോദരി മാൾതി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത മീം ആണ് വൈറലാകുന്നത്. തൻ്റെ പഴയ ടീമിന് എതിരായി കളിച്ചതിന് മാൾതി തൻ്റെ സഹോദരനെ ട്രോളി. ഈ സാഹചര്യത്തെ പ്രശസ്ത തെലുങ്ക് ചിത്രമായ “ബാഹുബലി” യുമായി താരതമ്യപ്പെടുത്തി. അവിടെ പ്രധാന നായകൻ സ്വന്തം അമ്മാവനായ കട്ടപ്പയുടെ കുത്തേറ്റുമരിക്കുന്ന ചിത്രമാണ് മീം ആക്കി നൽകിയത്.
അതേസമയം ഐപിഎൽ 2025ൽ തങ്ങളുടെ ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സ് മുംബൈ ഇന്ത്യൻസിനെ പരാജയപ്പെടുത്തി. മുംബൈ ഉയർത്തിയ 156 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈയ്ക്ക് തുടക്കത്തിലേ ത്രിപാഠിയുടെ വിക്കറ്റ് നഷ്ടമായെങ്കിലും മൂന്നാം നമ്പറിൽ റുതുരാജ് ഗെയ്‌ക്‌വാദ് തകർത്തടിച്ചു. സിഎസ്‌കെയുടെ മധ്യനിര ബാറ്റർമാർ അവരുടെ വിക്കറ്റുകൾ വലിച്ചെറിഞ്ഞെങ്കിലും ഓപ്പണർ രച്ചിൻ രവീന്ദ്ര ഒരറ്റത്ത് ഉറച്ചുനിന്നു. 45 പന്തിൽ 65* റൺസുമായി പുറത്താകാതെ നിന്ന ന്യൂസിലാൻഡ് താരം അഞ്ച് പന്തുകൾ ശേഷിക്കെ ആതിഥേയരെ വിജയത്തിലെത്തിച്ചു.
മാർച്ച് 28ന് വെള്ളിയാഴ്ച സ്വന്തം തട്ടകത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെയൊണ് ചെന്നൈയുടെ അടുത്ത മത്സരം. അതേസമയം, മാർച്ച് 29 ശനിയാഴ്ച അഹമ്മദാബാദിൽ മുംബൈ ഗുജറാത്ത് ടൈറ്റൻസുമായി ഏറ്റുമുട്ടും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here