
ദില്ലി സാകേത് മെട്രോ സ്റ്റേഷന് സമീപം ബഹുനില കെട്ടിടം തകർന്നുവീണ സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. വിശദ പരിശോധനയ്ക്ക് ശേഷം അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ ഫയർഫോഴ്സ് മേധാവിക്ക് മുഖ്യമന്ത്രി രേഖ ഗുപ്ത നിർദ്ദേശം നൽകി. വീഴ്ച വരുത്തിയ രണ്ട് എംസിഡി എഞ്ചിനീയർമാരെ സസ്പെൻഡ് ചെയ്തു. സംഭവത്തിൽ ദില്ലി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കെട്ടിടത്തിന്റെ പെർമിറ്റ് നൽകുന്നതിലടക്കം വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടായേക്കുമെന്നാണ് റിപ്പോർട്ട്.
സ്ഥലം സന്ദർശിച്ച രേഖ ഗുപ്തയ്ക്കെതിരെ വലിയ പ്രതിഷേധമായിരുന്നു ഇന്നലെ ഉയർന്നത്. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ ആളുകൾക്ക് വേണ്ടിയുള്ള തെരച്ചിൽ ഇന്നലെയും പുരോഗമിച്ചിരുന്നു. നിലവിൽ നാല് മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പത്തു പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. രണ്ടു പേരുടെ നില ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്.
ശനിയാഴ്ച രാത്രിയോടെയാണ് കെട്ടിടം തകർന്നുവീണത്. സംഭവത്തിൽ ഡൽഹി മുൻസിപ്പൽ കോർപറേഷനിലെ (എംസിഡി) രണ്ട് എൻജിനിയർമാരെ സസ്‌പെൻഡ് ചെയ്തിരിക്കുകയാണ്.കെട്ടിടം തകർന്നു വീണത് വിദ്യാർഥികൾ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന തൊട്ടടുത്തുള്ള താൽക്കാലിക കാന്റീന് മുകളിലേക്കാണ്. മെഡിക്കൽ പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടവരിൽ ഭൂരിഭാഗവും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

