ദില്ലി മുഖ്യമന്ത്രിയെ ഉടൻ പ്രഖ്യാപിച്ചേക്കും; ഉയർന്നു കേൾക്കുന്നത് പര്‍വ്വേഷ് സാഹിബ് സിംഗ് അടക്കമുള്ള ഉന്നതന്മാരുടെ പേരുകൾ

delhi cm candidates

ദില്ലി മുഖ്യമന്ത്രിയെ ഉടൻ പ്രഖ്യാപിച്ചേക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി വിദേശ പര്യടനം കഴിഞ്ഞ് തിരിച്ചെത്തിയ സാഹചര്യത്തിൽ മന്ത്രിസഭാ രൂപീകരണവും സതൃ പ്രതിജ്ഞ ചടങ്ങും ഉടൻ തീരുമാനിക്കും. അരവിന്ദ് കെജ്രിവാളിനെ ന്യൂ ദില്ലിയില്‍ പരാജയപ്പെടുത്തിയ പര്‍വ്വേഷ് സാഹിബ് സിംഗ്, മുന്‍ പ്രതിപക്ഷ നേതാവ് വിജേന്ദര്‍ ഗുപ്ത, വനിതാ നേതാവ് ശിഖ റായ് ഉള്‍പ്പെടെയുളളവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നുകേള്‍ക്കുന്നത്. 27 വർഷത്തിന് ശേഷം തലസ്ഥാന നഗരിയിൽ ബിജെപി ഭരിക്കുന്ന സർക്കാരിന്‍റെ സത്യപ്രതിജ്ഞാച്ചടങ്ങ് വലിയ ആഘോഷമാക്കാനാണ് തീരുമാനം.

ആം ആദ്മി പാര്‍ട്ടിയുടെ ദേശീയ കണ്‍വീനറായ അരവിന്ദ് കെജ്രിവാളിനെ ന്യൂ ദില്ലിയില്‍ പരാജയപ്പെടുത്തിയ പര്‍വ്വേഷ് സാഹിബ് സിംഗ് വര്‍മ്മയുടെ പേരാണ് ആദ്യം ഉയര്‍ന്നു കേള്‍ക്കുന്നത്. ദില്ലിയിലെ മുന്‍മുഖ്യമന്ത്രിയായ സാഹിബ് സിംഗ് വര്‍മ്മയുടെ മകനാണ് പര്‍വ്വേഷ്. ദില്ലിയിലെ മുന്‍ പ്രതിപക്ഷ നേതാവും രോഹിണി സീറ്റില്‍ തുടര്‍ച്ചയായി മൂന്നാം തവണയും വിജയിച്ച വിജേന്ദര്‍ ഗുപ്തയുടെ പേരും പരിഗണനയിലുണ്ട്. ബ്രാഹ്‌മണ സമുദായംഗമായ സതീഷ് ഉപാധ്യായ, ബിജെപിയുടെ പഞ്ചാബി മുഖമായ ആശിഷ് സൂദ്, ആര്‍എസ്എസ് നേതാവ് ജിതേന്ദ്ര മഹാജന്‍ എന്നിവരുടെ പേരുകളും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. ഒരു വനിതാ മുഖത്തെയാണ് ദില്ലിയുടെ അമരത്തേക്ക് പ്രഖ്യാപിക്കുന്നതെങ്കില്‍ ശിഖ റായ്, രേഖ ഗുപ്ത എന്നിവരും പരിഗണിക്കപ്പെടാന്‍ സാധ്യതയുണ്ട്.

ALSO READ; ഇന്ത്യൻ കുടിയേറ്റക്കാരുമായുള്ള രണ്ടാം വിമാനം ഇന്നെത്തും; ഇത്തവണയും കൊണ്ടുവരുന്നത് സൈനിക വിമാനത്തിൽ തന്നെയെന്ന് സൂചന

പ്രതീക്ഷിക്കാത്തതിലും വലിയ തോൽവിയാണ് ദില്ലിയിൽ ആപ്പ് ഏറ്റുവാങ്ങിയത്. കോൺഗ്രസ് ചിത്രത്തിൽ പോലും ഇല്ലാത്ത അവസ്ഥയിലെത്തുകയും ചെയ്തു. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം ഇന്ത്യാ സഖ്യത്തിന്റെ മുന്നേറ്റവും കൂട്ടായ്മയും ഇല്ലാതാക്കിയ കോണ്‍ഗ്രസിന്റെ ഏറ്റവും അവസാനത്തെ തോല്‍വിയായി മാത്രം ദില്ലി മാറി. ബിജെപിക്കെതിരായ വോട്ടുകളെ ഭിന്നിപ്പിച്ച് കോണ്‍ഗ്രസ് മതനിരപേക്ഷ പാര്‍ട്ടിയായ ആംആദ്മിയെയും പ്രതിപക്ഷത്തിരുത്തി. ഹരിയാനയില്‍ ആം ആദ്മിയെ കൂടെനിര്‍ത്താതെ അമിത ആത്മവിശ്വാസത്തില്‍ ഒറ്റയ്ക്ക് മത്സരിച്ചതോടെയാണ് ദില്ലിയിലെ സഖ്യസാധ്യത കോണ്‍ഗ്രസ് ഇല്ലാതാക്കിയത്.

സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച കോണ്‍ഗ്രസ് ദില്ലിയിലെ സഖ്യം കൂടിയായിരുന്നു അന്ന് ഇല്ലാതാക്കിയത്. ഹരിയാനയില്‍ ഒറ്റയ്ക്ക് മത്സരിച്ച കോണ്‍ഗ്രസുമായി ദില്ലിയില്‍ ബാന്ധവമില്ലെന്ന് ആം ആദ്മിയും പ്രഖ്യാപിച്ചു. ഇതോടെ ലോക്സഭയില്‍ ഒന്നിച്ച ഇരുപാര്‍ട്ടികളും നിയമസഭാ പോരാട്ടത്തില്‍ ബന്ധശത്രുക്കളായി. ഹരിയാനയിലെ തോല്‍വിയിലൂടെ ലോക്സഭാ തെരഞ്ഞെടുപ്പിലെ ഇന്ത്യാ സഖ്യത്തിന്റെ തിളക്കം ആദ്യം തന്നെ കോണ്‍ഗ്രസ് ഇല്ലാതാക്കി.

ALSO READ; മണിപ്പൂർ: രാഷ്ട്രപതി ഭരണം പരിഹാരമല്ല; ബിജെപി ശ്രമിക്കുന്നത് പാര്‍ട്ടിക്കുളളിലെ വിഭാഗീയത പരിഹരിക്കാനെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ

സഖ്യമുണ്ടാക്കിയ സംസ്ഥാനങ്ങളിലാകട്ടെ സീറ്റുകള്‍ക്കായി പിടിവാശി കാണിച്ച് ബിജെപിക്ക് ജയം സമ്മാനിച്ചു. മഹാരാഷ്ട്രയില്‍ സഖ്യകക്ഷികളുമായി തല്ലുപിടിച്ച് 102 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസ് ജയിച്ചത് വെറും 19 സീറ്റില്‍. ജമ്മു കശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സില്‍ നിന്നും 29 സീറ്റുകള്‍ പിടിച്ചുവാങ്ങി ആറെണ്ണത്തില്‍ മാത്രം കരകയറി. ജാര്‍ഖണ്ഡില്‍ 30 സീറ്റുകള്‍ പിടിച്ചുവാങ്ങിയ കോണ്‍ഗ്രസ് ജയിച്ചതാകട്ടെ പകുതിയില്‍ താഴെ. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം ഇന്ത്യാ സഖ്യത്തിന് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ് ദേശീയ രാഷ്ട്രീയത്തിന് നല്‍കിയ സംഭാവന ഇതാണ്.

തോല്‍വിയില്‍ നിന്നും പാഠം ഉള്‍ക്കൊളളാതെ ദില്ലിയിലും നിലപാട് ആവര്‍ത്തിച്ചു. അരവിന്ദ് കെജ്രിവാളിനെയും ആം ആദ്മിയെയും തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ മുഖ്യശത്രുവാക്കി മാറ്റി. ഇതോടെ ഇന്ത്യാ സഖ്യത്തിന്റെ നേതൃത്വത്തില്‍ നിന്നും കോണ്‍ഗ്രസ് ഒഴിയണമെന്ന ചര്‍ച്ച വീണ്ടും സജീവമാകുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News