ഗുസ്തി താരങ്ങളുടെ സമരം 14-ാം ദിനത്തിലേക്ക്; ബ്രിജ് ഭൂഷണെ ചോദ്യം ചെയ്യാതെ ദില്ലി പൊലീസ്

ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള ഗുസ്തി താരങ്ങളുടെ സമരം രണ്ടാം ആഴ്ചയിലേക്ക് കടന്നു. പ്രതിഷേധം ശക്തമാണെങ്കിലും ബ്രിജ് ഭൂഷണെ ചോദ്യം ചെയ്യാൻ ഇതുവരെയും ദില്ലി പൊലീസ് തയ്യാറായിട്ടില്ല. പരാതിക്കാരുടെ മൊഴിമാത്രമെടുത്ത പൊലീസ്, ബ്രിജ് ഭൂഷണെ ചോദ്യംചെയ്യുന്നതിന് മുന്നോടിയായി പ്രാഥമിക അന്വേഷണം നടക്കുന്നുവെന്ന് മാത്രമാണ് വ്യക്തമാക്കുന്നത്.

പോക്സോ വകുപ്പുകളടക്കം ചുമത്തപ്പെട്ട കേസിൽ താരങ്ങൾ ഉടനെ മജിസ്ട്രേട്ട് കോടതിയെയോ ദില്ലി ഹൈക്കോടതിയെയോ സമീപിച്ചേക്കും. ദില്ലിയിൽ വിവിധ വനിത സംഘടനകൾ താരങ്ങൾക്ക് പിന്തുണ അറിയിച്ചുകൊണ്ട് ഇന്ന് മുതൽ പ്രതിഷേധം ആരംഭിക്കുമെന്ന് ദേശീയ വനിത ഫെഡറേഷൻ പ്രഖ്യാപിച്ചിട്ടുണ്ട്.

ഗുസ്തി താരങ്ങൾക്ക് പിന്തുണ നൽകികൊണ്ട് രാഷ്ട്രീയ പ്രമുഖരടക്കം രംഗത്ത് വന്നിരുന്നു. എന്നാൽ അന്വേഷണം പൂര്‍ത്തീകരിക്കും വരെ കായികതാരങ്ങള്‍ ക്ഷമ കാണിക്കണമെന്ന് കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂര്‍ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ബുധനാഴ്ച ജന്തര്‍മന്തറില്‍ സമരം ചെയ്യുന്ന ഗുസ്തിതാരങ്ങളും പൊലീസും തമ്മില്‍ സംഘർഷം ഉടലെടുത്തിരുന്നു.മദ്യപിച്ചെത്തിയ പൊലീസുകാര്‍ തങ്ങളെ ലക്ഷ്യം വെച്ച് ആക്രമിച്ചുവെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. പൊലീസുകാര്‍ മര്‍ദിച്ചു, വനിതാ റെസ്ലിംഗ് താരങ്ങളോട് മോശമായി പെരുമാറി തുടങ്ങിയ ഗുരുതര ആരോപണങ്ങളും താരങ്ങള്‍ ഉയര്‍ത്തി. പകല്‍ മുഴുവന്‍ പെയ്ത മഴയില്‍ സമരവേദിയിലെ കിടക്കകള്‍ നശിച്ചിരുന്നു. ഇത് എത്തിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.സംഭവത്തിൽ ഗുസ്തിതാരങ്ങളായ വിനേഷ് വിനേഷ് ഫോഗട്ട്,ബജ്‌രംഗ് പൂനിയയ്ക്കും പരുക്കേറ്റിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here